കൊല്‍ക്കത്ത: ക്രിക്കറ്റ് ഭരണസമിതിയിലേക്ക് മുന്‍ ഇന്ത്യന്‍ താരം സൗരവ് ഗാംഗുലി തിരിച്ചെത്തുന്നു. ഇത്തവണ ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്റെ പ്രസിഡന്റ് സ്ഥാനത്തേക്ക് ഗാംഗുലി നാമനിര്‍ദേശ പത്രിക നല്‍കും. ഗാംഗുലി മത്സരത്തിനുണ്ടെങ്കില്‍ മറ്റാരും കളത്തിലുണ്ടായേക്കില്ല എന്നാണ് സൂചനകള്‍. 2014ല്‍ ബംഗാള്‍ അസോയിന്റെ സെക്രട്ടറിയായാണ് ഗാംഗുലിയുടെ ക്രിക്കറ്റ് ഭരണം ആരംഭിക്കുന്നത്. പിന്നീട് 2019ലാണ് ഗാംഗുലി ബിസിസിഐ പ്രസിഡന്റാവുന്നത്.
ഗാംഗുലിക്കൊപ്പം സെക്രട്ടറിയായിരുന്നു ജയ്ഷാ ഇപ്പോള്‍ ഐസിസി പ്രസിഡന്റാണ്. ഗാംഗുലിയുടെ ഭരണകാലത്താണ് ബെംഗളൂരുവില്‍ ലോകോത്തര നിലവാരത്തില്‍ നാഷണല്‍ ക്രിക്കറ്റ് അക്കാദമി സ്ഥാപിക്കുന്നത്. വനിതാ ക്രിക്കറ്റിനും കൃത്യമായ സ്ഥാനവും സൗകര്യങ്ങളും നല്‍കുന്നതായിരുന്നു ദാദയുടെ രീതി.
ഗാംഗുലി വരുന്നതുമായി ബന്ധപ്പെട്ട് ക്രിക്കറ്റ് അസോസിയേഷന്‍ ഓഫ് ബംഗാളിന്റെ ഒരു ഉദ്യോഗസ്ഥന്‍ പറയുന്നതിങ്ങനെ.... ''അതെ, സൗരവ് വീണ്ടും ഭരണത്തിലേക്ക് വരാന്‍ ആഗ്രഹിക്കുന്നു. പ്രസിഡന്റ് സ്ഥാനത്തേക്ക് നാമനിര്‍ദ്ദേശം സമര്‍പ്പിക്കാന്‍ അദ്ദേഹം തീരുമാനിച്ചു. ബിസിസിഐ ഭരണഘടന അനുസരിച്ച് പോയാല്‍, അദ്ദേഹത്തിന് അഞ്ച് വര്‍ഷം സ്ഥാനത്ത് തുടരാന്‍ സാധിക്കും. അദ്ദേഹം ഏകകണ്ഠമായി തിരഞ്ഞെടുക്കപ്പെടുമോ അതോ തിരഞ്ഞെടുപ്പ് നടക്കുമോ എന്നത് ഇപ്പോഴും വ്യക്തമല്ല.'' അദ്ദേഹം പിടിഐയോട് പറഞ്ഞു.
ഗാംഗുലിയുടെ മൂത്ത സഹോദരനായ സ്‌നേഹാശിഷ് ഗാംഗുലിയാണ് ഇപ്പോഴത്തെ പ്രസിഡന്റ്. അദ്ദേഹം ആറ് വര്‍ഷം പൂര്‍ത്തിയാക്കാന്‍ പോകുന്നു. അദ്ദേഹം സ്ഥാനത്ത് നിന്ന് മാറിയേക്കും. കഴിഞ്ഞ കുറച്ച് മാസങ്ങളായി സൗരവ് ഗാംഗുലി അംഗ യൂണിറ്റുകളുമായി പതിവായി ബന്ധപ്പെടുന്നുണ്ട്. ഗാംഗുലിയോളം പരിചയസമ്പത്തുള്ള ഒരാള്‍ ഭരണത്തിലേക്ക് തിരികെ വരേണ്ടതുണ്ടെന്ന് അസോസിയേഷനിലെ പലരും വിശ്വസിക്കുന്നു.