Print this page

35 പന്തില്‍ 100! വൈഭവം 14കാരന്‍ വൈഭവ് സൂര്യവന്‍ഷി

 100 in 35 balls! Vaibhavam 14-year-old Vaibhav Suryavanshi 100 in 35 balls! Vaibhavam 14-year-old Vaibhav Suryavanshi
ജയ്‌പൂര്‍: ആ പതിനാലുകാരന്‍ ഐപിഎല്ലില്‍ ചരിത്രമെഴുതിയിരിക്കുന്നു. ലോകത്തെ ഏറ്റവും മികച്ച ടി20 ഫ്രാഞ്ചൈസി ലീഗായ ഐപിഎല്ലിന്‍റെ 18 വര്‍ഷത്തെ ചരിത്രത്തിനിടയിലെ ഏറ്റവും പ്രായം കുറഞ്ഞ സെഞ്ചുറിക്കാരന്‍, ഐപിഎല്ലിലെ വേഗമേറിയ രണ്ടാം ശതകത്തിനുടമയും. ഐപിഎല്ലിലെ വേഗതയേറിയ ഇന്ത്യന്‍ സെഞ്ചുറിക്കുടമ. വൈഭവ് സൂര്യവന്‍ഷി എന്ന രാജസ്ഥാന്‍ റോയല്‍സ് താരത്തിന്‍റെ വിസ്മയ ഇന്നിംഗ്‌സിന് മൈതാനത്തും സ്ക്രീനുകളിലും സാക്ഷികളായ ആരാധകരെ നിങ്ങള്‍ ഭാഗ്യവാന്‍മാര്‍. നൂറ്റാണ്ടിലെ പ്രകടനം എന്നൊക്കെ വിശേഷിപ്പിക്കാന്‍ കഴിയുന്ന 35 ബോള്‍ സെഞ്ചുറിയോടെ വൈഭവ് സൂര്യവന്‍ഷി മറുപടി നല്‍കിയത് ഒരു പാക് മുന്‍ താരത്തിന് കൂടിയാണ്.
ഐപിഎല്‍ 2025 സീസണിന് മുന്നോടിയായുള്ള മെഗാതാരലേലത്തില്‍ രാജസ്ഥാന്‍ റോയല്‍സ് ചെയ്തത് കടുംകൈയോ എന്നായിരുന്നു പലരുടെയും സംശയം. 14 വയസ് പോലും തികയാത്തൊരു കുട്ടിത്താരത്തെ ലേലത്തില്‍ രാജസ്ഥാന്‍ റോയല്‍സ് കണ്ണുംപൂട്ടി ടീമിലെടുക്കുകയായിരുന്നു. അതും 30 ലക്ഷം മാത്രം അടിസ്ഥാന വിലയുണ്ടായിരുന്ന താരത്തിന് 1.10 കോടി രൂപ എന്ന മാന്ത്രിക സംഖ്യ സമ്മാനിച്ച് റോയല്‍സിന്‍റെ റോയല്‍ ലേലംവിളി. അന്ന് രാജസ്ഥാന്‍ വൈഭവിനെ ലേലം വിളിച്ചെടുക്കുമ്പോള്‍ അധികമാര്‍ക്കും അന്ന് ആ പതിമൂന്നുകാരനില്‍ അത്ര ആത്മവിശ്വാസമുണ്ടായിരുന്നില്ല. പാകിസ്ഥാന്‍ മുന്‍ താരം ജുനൈദ് ഖാന്‍ അന്ന് ചോദിച്ചത്, ഈ 13കാരന് സിക്‌സര്‍ അടിക്കാന്‍ ആവതുണ്ടോയെന്നാണ്. ഐപിഎല്ലിലെ കന്നി സീസണില്‍ വൈഭവ് ബഞ്ചിലിരിക്കും എന്നാണ് ഏവരും കരുതിയിരുന്നത്. രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ സഞ്ജു സാംസണ് പരിക്കേറ്റതോടെ വൈഭവ് സൂര്യവന്‍ഷിക്ക് ടീമിലവസരം കിട്ടി. ഇക്കഴിഞ്ഞ ഏപ്രില്‍ 19ന് ഐപിഎല്‍ അരങ്ങേറ്റത്തില്‍ 20 പന്തില്‍ 34 റണ്‍സടിച്ച് വരവറിയിക്കല്‍. 9 ദിവസത്തിന് ശേഷം ഏപ്രില്‍ 28ന് വൈഭവ് സൂര്യവന്‍ഷി ഐപിഎല്ലിലെ പ്രായം കുറഞ്ഞ സെഞ്ചുറിക്കാരനായി.
ജയ്‌പൂരിലെ സവായ് മാന്‍സിംഗ് സ്റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഗുജറാത്ത് ടൈറ്റന്‍സ് നാല് വിക്കറ്റ് നഷ്ടത്തില്‍ 209 റണ്‍സാണ് പടുത്തുയര്‍ത്തിയത്. ശരാശരി 177 റണ്‍സ് മാത്രം ആദ്യ ഇന്നിംഗ്‌സ് സ്കോറുള്ള ജയ്‌പൂരില്‍ ഹോം ടീമായിട്ടും രാജസ്ഥാന്‍ റോയല്‍സ് വെള്ളംകുടിക്കും എന്നായിരുന്നു വിലയിരുത്തലുകള്‍. അവിടെയാണ് അതിവേഗ സെഞ്ചുറിയുമായി വൈഭവ് സൂര്യവന്‍ഷിയുടെ ആഗമനം. പിന്നെയാ ബാലന്‍ ഒറ്റയ്ക്ക് മത്സരം കൊണ്ടുപോയി. ഗുജറാത്തിനായി 50 പന്തില്‍ 84 റണ്‍സെടുത്ത ശുഭ്‌മാന്‍ ഗില്ലും 26 പന്തില്‍ പുറത്താവാതെ 50 എടുത്ത ജോസ് ബട്‌ലറും ചിത്രത്തില്‍ നിന്ന് ഔട്ടായി. വൈഭവ് സൂര്യവന്‍ഷി ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും മികച്ച ഇന്നിംഗ്‌സുകളിലൊന്നുമായി ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിച്ചു. 210 റണ്‍സ് ചേസ് ചെയ്ത രാജസ്ഥാന്‍ റോയല്‍സ് വെറും 15.5 ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി അവിശ്വസനീയ ജയത്തിലെത്തി.
എന്താണ് കഴിഞ്ഞ രാത്രി ഐപിഎല്‍ പ്രേമികള്‍ കണ്ടത് എന്ന് ഒരിക്കല്‍ക്കൂടി ഓര്‍ത്തെടുക്കാം. ആദ്യ ഓവറില്‍ മുഹമ്മദ് സിറാജിനെ സിക്‌സിന് പറത്തിയാണ് വൈഭവ് സൂര്യവന്‍ഷി അക്കൗണ്ട് തുറക്കുന്നത്. ഇഷാന്ത് ശര്‍മ്മ അരങ്ങേറ്റം കുറിക്കുമ്പോള്‍ ജനിച്ചിട്ടുപോലുമില്ലാത്ത വൈഭവ് നാലാം ഓവറില്‍ ഇഷാന്തിനെ മൂന്ന് സിക്‌സിനും രണ്ട് ഫോറിനും പറത്തി 28 റണ്‍സടിക്കുന്നു. പിന്നാലെ വാഷിംഗ്ടണ്‍ സുന്ദറിനെതിരെ രണ്ട് സിക്‌സും ഒരു ഫോറും. വൈഭവ് സൂര്യവന്‍ഷി 17 പന്തില്‍ ഫിഫ്റ്റിയിലെത്തിയപ്പോള്‍ രാജസ്ഥാന്‍ പവര്‍പ്ലേയില്‍ 87 റണ്‍സിലെത്തി. അരങ്ങേറ്റം കളിക്കാനെത്തിയ അഫ്ഗാന്‍ താരം കരീം ജനാത്തിനെ 10-ാം ഓവറില്‍ 30 റണ്‍സടിച്ച് സൂര്യവന്‍ഷി 94 റണ്‍സിലേക്കെത്തുന്നു. തൊട്ടടുത്ത ഓവറില്‍ സാക്ഷാല്‍ റാഷിഭ് ഖാനെ സിക്‌സര്‍ പറത്തി വൈഭവ് സൂര്യവന്‍ഷി സെഞ്ചുറി തികച്ചു. ഐപിഎല്ലില്‍ ഒരു മധുരപ്പതിനാലുകാരന്‍റെ മൂന്നക്കം.
രാജസ്ഥാന്‍ റോയല്‍സ് ഇന്നിംഗ്‌സില്‍ പ്രസിദ്ധ് കൃഷ്‌ണ എറിഞ്ഞ 12-ാം ഓവറിലെ അഞ്ചാം പന്തില്‍ ടീം സ്കോര്‍ 166ല്‍ നില്‍ക്കേ വൈഭവ് സൂര്യവന്‍ഷി പുറത്താകുമ്പോള്‍ സമ്പാദ്യം 38 പന്തുകളില്‍ 101 റണ്‍സ്. വൈഭവിന് സിക്‌സടിക്കാന്‍ ആരോഗ്യമുണ്ടോ എന്ന് മുമ്പ് ചോദിച്ച പാക് മുന്‍താരം ജുനൈദ് ഖാന്‍ അറിഞ്ഞോ? ആ കൗമാരക്കാരന്‍ അടിച്ചത് 11 സിക്‌സുകളാണ്. ഇതിലും വലിയ മറുപടി സ്വപ്നങ്ങളില്‍ മാത്രം.
Rate this item
(0 votes)
Pothujanam

Pothujanam lead author

Latest from Pothujanam