Print this page

ശ്രീഹരിക്കോട്ടയിലെ 100-ാം വിക്ഷേപണം നൂറുമേനി വിജയം; എൻവിഎസ്-02 ഉപഗ്രഹം ഭ്രമണപഥത്തിൽ, ഐഎസ്ആര്‍ഒയ്ക്ക് അഭിമാനം

100th launch at Sriharikota is a hundred success; NVS-02 satellite in orbit, ISRO proud 100th launch at Sriharikota is a hundred success; NVS-02 satellite in orbit, ISRO proud
ശ്രീഹരിക്കോട്ട: ബഹിരാകാശ രംഗത്ത് പുതു ചരിത്രമെഴുതി ഐഎസ്ആര്‍ഒയും ഇന്ത്യയും. രാജ്യത്തിന്‍റെ അഭിമാനമായ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പേസ് സെന്‍ററില്‍ നിന്നുള്ള 100-ാം വിക്ഷേപണ ദൗത്യം ഇസ്രൊ വിജയത്തിലെത്തിച്ചു. ഇന്ന് രാവിലെ 6.23ന് രണ്ടാം നമ്പർ ലോഞ്ച് പാഡിൽ നിന്ന് കുതിച്ചുയര്‍ന്ന ജിഎസ്എൽവി-എഫ്15 റോക്കറ്റ് രണ്ടാംതലമുറ ഗതിനിര്‍ണായ ഉപഗ്രഹമായ എൻവിഎസ്-2 വിജയകരമായി ഭ്രമണപഥത്തില്‍ വിന്യസിച്ചു. ഇന്ത്യയുടെ സ്വന്തം നാവിഗേഷന്‍ സംവിധാനമായ നാവിക് ശൃംഖലയുടെ ഭാഗമാണ് എന്‍വിഎസ്-02 സാറ്റ്‌ലൈറ്റ്. മലയാളിയായ തോമസ് കുര്യനായിരുന്നു GSLV-F15/NVS-02 മിഷന്‍ ഡയറക്ടര്‍.
നൂറഴകില്‍ ശ്രീഹരിക്കോട്ട, ഐഎസ്ആര്‍ഒ
1979ലാണ് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ കേന്ദ്രത്തില്‍ നിന്ന് ഇസ്രൊ ആദ്യ വിക്ഷേപണം നടത്തിയത്. അന്നത്തെ കന്നി ദൗത്യ സ്വപ്നങ്ങള്‍ 317-ാം സെക്കന്‍ഡില്‍ ബംഗാള്‍ ഉള്‍ക്കടലില്‍ അസ്തമിച്ചു. എന്നാല്‍ പരാജയത്തില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ട് കുതിച്ച ഐഎസ്ആര്‍ഒ നാല് വീതം എസ്എല്‍വി-3, എഎസ്എല്‍വി വിക്ഷേപണങ്ങളും, 62 പിഎസ്എല്‍വി വിക്ഷേപണങ്ങളും, 17 ജിഎസ്എല്‍വി വിക്ഷേപണങ്ങളും (ഇന്നത്തേത് ഉള്‍പ്പടെ), ഏഴ് എല്‍വിഎം-3 വിക്ഷേപണങ്ങളും, മൂന്ന് എസ്എസ്എല്‍വി വിക്ഷേപണങ്ങളും, ഓരോ ആര്‍എല്‍വി ഹെക്സ്, ടെസ്റ്റ് വെഹിക്കിള്‍ (ടിവി ഡി1), പാറ്റ് വിക്ഷേപണങ്ങളും ശ്രീഹരിക്കോട്ടയില്‍ നടത്തി വിജയഗാഥ രചിച്ചു.
ജിപിഎസിനെ വിറപ്പിക്കാന്‍ നാവിക്?
ഗതിനിര്‍ണയ രംഗത്ത് അമേരിക്കയുടെ ജിപിഎസിന് കനത്ത വെല്ലുവിളി സൃഷ്ടിക്കാന്‍ ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച അത്യാധുനിക നാവിഗേഷന്‍ സംവിധാനമാണ് 'നാവിക്' ( NaVIC). നാവിക് സിഗ്നലുകള്‍ പൊതുജനങ്ങള്‍ക്ക് മൊബൈല്‍ ഫോണില്‍ ലഭ്യമാക്കാന്‍ കഴിയുന്ന എല്‍1 ബാന്‍ഡിലുള്ള ഏഴ് നാവിഗേഷന്‍ സാറ്റ‌്‌ലൈറ്റുകളാണ് ഇസ്രൊ വിക്ഷേപിക്കാന്‍ ലക്ഷ്യമിട്ടിരിക്കുന്നത്. ഏഴെണ്ണത്തില്‍ രണ്ട് കൃത്രിമ ഉപഗ്രഹങ്ങളുടെ വിക്ഷേപണം ഇന്നത്തോടെ പൂര്‍ത്തിയായി. അമേരിക്കയുടെ ജിപിഎസിനെയും, റഷ്യയുടെ ഗ്‌ളാനോസിനെയും, ചൈനയുടെ ബേദൗയെയും, യൂറോപ്യന്‍ യൂണിയന്‍റെ ഗലീലിയെയും വെല്ലുന്ന നാവിഗേഷന്‍ സംവിധാനമാണ് ഐഎസ്ആര്‍ഒ അണിയിച്ചൊരുക്കുന്ന നാവിക്. എല്ലാത്തരം ഗതാഗത സംവിധാനങ്ങള്‍ക്കും ലൊക്കേഷന്‍ അധിഷ്ഠിത സേവനങ്ങള്‍ക്കും സര്‍വേകള്‍ക്കും നാവിക് ഗുണം ചെയ്യും.
Rate this item
(0 votes)
Pothujanam

Pothujanam lead author

Latest from Pothujanam