Print this page

കുഞ്ഞുങ്ങള്‍ക്കുള്ള ന്യൂമോകോക്കല്‍ കോണ്‍ജുഗേറ്റ് വാക്‌സിനേഷന്‍ ആരംഭിച്ചു

Pneumococcal conjugate vaccination for infants initiated Pneumococcal conjugate vaccination for infants initiated
തിരുവനന്തപുരം: യൂണിവേഴ്‌സല്‍ ഇമ്മ്യൂണൈസേഷന്‍ പരിപാടിയുടെ ഭാഗമായി പുതുതായി ഉള്‍പ്പെടുത്തിയ ന്യൂമോകോക്കല്‍ കോണ്‍ജുഗേറ്റ് വാക്‌സിനെഷന്റെ (പിസിവി) സംസ്ഥാനതല ഉദ്ഘാടനം തൈക്കാട് സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രിയില്‍ വച്ച് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിച്ചു.
ന്യൂമോകോക്കല്‍ കോണ്‍ജുഗേറ്റ് വാക്‌സിന് കുഞ്ഞുങ്ങളുടെ ആരോഗ്യത്തില്‍ വളരെ പ്രാധാന്യമുണ്ടെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. സ്‌ട്രെപ്‌റ്റോ കോക്കസ് ന്യുമോണിയ അഥവാ ന്യൂമോ കോക്കസ് എന്ന രോഗാണു പരത്തുന്ന ഒരുകൂട്ടം രോഗങ്ങളെയാണ് ന്യൂമോകോക്കല്‍ രോഗം എന്ന് വിളിക്കുന്നത്. ന്യൂമോകോക്കസ് ബാക്ടീരിയ മൂലമുണ്ടാകുന്ന ന്യൂമോണിയ, മെനിന്‍ജൈറ്റിസ് എന്നിവയില്‍ നിന്നും കുഞ്ഞുങ്ങള്‍ക്ക് ഈ വാക്‌സിന്‍ സംരക്ഷണം നല്‍കുന്നതില്‍ ഫലപ്രദമാണ്. ചെറിയ കുഞ്ഞുങ്ങളില്‍ ഈ രോഗം മൂലമുണ്ടാകുന്ന രോഗതീവ്രത കൂടുതലാണ്. കുഞ്ഞുങ്ങളുടെ മരണത്തിന് പോലും ഇത് കാരണമാക്കും. കുഞ്ഞുങ്ങളുടെ സംരക്ഷണത്തിന് ഈ വാക്‌സിന്‍ നല്‍കേണ്ടതാണെന്നും മന്ത്രി വ്യക്തമാക്കി.
ചുമ, കഫക്കെട്ട്, ശ്വാസം എടുക്കാന്‍ പ്രയാസം, പനി ശ്വാസംമുട്ടല്‍, നെഞ്ചുവേദന എന്നിവയാണ് ഈ രോഗത്തിന്റെ ലക്ഷണങ്ങള്‍. ഒപ്പം ഹൃദയാഘാതം, അബോധാവസ്ഥ തുടങ്ങി സങ്കീര്‍ണമായ സാഹചര്യങ്ങളിലേക്ക് പോകാതിരിക്കുന്നതിന് ഈയൊരു വാക്‌സിന്‍ വലിയ രീതിയിലൊരു പ്രതിരോധമാണ് തീര്‍ക്കുന്നത്. അതിനാലാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ നിര്‍ദേശമനുസരിച്ച് യൂണിവേഴ്‌സല്‍ ഇമ്മ്യൂണൈസേഷന്‍ പരിപാടിയുടെ ഭാഗമായി ഈ വാക്‌സിനെ ഉള്‍പ്പെടുത്തിയത്. ജില്ലകളില്‍ അടുത്ത വാക്‌സിനേഷന്‍ ദിനം മുതല്‍ ഈ വാക്‌സിന്‍ ലഭ്യമാകുന്നതാണ്.
ഒന്നരമാസത്തെ ആദ്യ ഡോസിന് ശേഷം മൂന്നര മാസം 9 മാസം എന്നിങ്ങനെയാണ് വാക്‌സിന്‍ നല്‍കേണ്ടത്. മറ്റ് വാക്‌സിന്‍ എടുക്കുന്നതിനൊപ്പം തന്നെയാണ് ഈ വാക്‌സിനും നല്‍കുന്നത്. ഒരു വയസുവരെ ഈ വാക്‌സിന്‍ എടുക്കുന്നതിനുള്ള സമയപരിധിയുമുണ്ട്. 44,000 ഡോസ് വാക്‌സിന്‍ ഒരു മാസത്തേക്ക് ആവശ്യമാണെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ മാസത്തേക്കേവാവശ്യമായ 55,000 ഡോസ് വാക്‌സിന്‍ ലഭ്യമായിട്ടുണ്ട്. തുടര്‍ന്നുള്ള മാസങ്ങളിലേക്കുള്ള വാക്‌സിന്‍ ലഭ്യത ഉറപ്പ് വരുത്തുന്നതിനുള്ള നടപടി സ്വീകരിച്ചിട്ടുണ്ട്. എത്രയും വേഗം ഈ വാക്‌സിനേഷന്‍ സാധ്യമാക്കിയ ആരോഗ്യ വകുപ്പിലെ സഹപ്രവര്‍ത്തകരോട് പ്രത്യേകമായ അഭിനന്ദനം അറിയിക്കുന്നതായും മന്ത്രി വ്യക്തമാക്കി.
ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ. വി.ആര്‍. രാജു, അഡീഷണല്‍ ഡയറക്ടര്‍ ഡോ. പ്രീത, ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. സന്ദീപ്, ഡി.എം.ഒ. ഡോ. കെ.എസ്. ഷിനു, ഡി.പി.എം. ഡോ. സുകേഷ്, ആശുപത്രി സൂപ്രണ്ട് ഡോ. പ്രീതി ജയിംസ്, ആര്‍.സി.എച്ച്. ഓഫീസര്‍ ഡോ. ദിവ്യ എന്നിവര്‍ പങ്കെടുത്തു.
Rate this item
(0 votes)
Pothujanam

Pothujanam lead author

Latest from Pothujanam