Print this page

94 ശതമാനം കുട്ടികൾക്കും വിര നശീകരണ ഗുളിക നൽകി ആരോഗ്യ വകുപ്പ്

By February 19, 2024 102 0
വിരബാധയിൽ നിന്നും കുട്ടികളെ സംരക്ഷിക്കുന്നതിന് ആരോഗ്യ വകുപ്പ് സംഘടിപ്പിച്ച വിര വിമുക്ത യജ്ഞം വിജയകരമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ലക്ഷ്യം വച്ച 94 ശതമാനം കുട്ടികൾക്കും വിര നശീകരണ ഗുളികയായ ആൽബൻഡസോൾ നൽകാനായി. ഈ വർഷം 1 മുതൽ 19 വയസ് വരെയുള്ള 74,73,566 കുട്ടികൾക്ക് ഗുളിക നൽകാനാണ് ലക്ഷ്യമിട്ടത്. അതിൽ 94 ശതമാനം കുട്ടികൾക്കും (70,28,435) ഗുളിക നൽകാനായി. ലക്ഷ്യമിട്ട 99 ശതമാനം കുട്ടികൾക്കും ഗുളിക നൽകിയ (7,14,451) കോഴിക്കോട് ജില്ലയും 98 ശതമാനം കുട്ടികൾക്കും ഗുളിക നൽകിയ പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളുമാണ് മുന്നിലുള്ളത്. ഈ യജ്ഞത്തിന് ഒപ്പം നിന്ന ജില്ലാ ഭരണകൂടം, തദ്ദേശസ്വയം ഭരണം, വിദ്യാഭ്യാസം, വനിതാ ശിശു വികസനം, പട്ടികവർഗ വികസനം തുടങ്ങിയ വകുപ്പുകൾ, ആരോഗ്യ പ്രവർത്തകർ, ജനപ്രതിനിധികൾ തുടങ്ങിയ എല്ലാവരേയും മന്ത്രി അഭിനന്ദിച്ചു.


ദേശീയ വിരവിമുക്ത ദിനാചരണത്തിന്റെ ഭാഗമായി ഫെബ്രുവരി എട്ടിനും പതിനഞ്ചിനുമാണ് യജ്ഞം സംഘടിപ്പിച്ചത്. സ്‌കൂളുകളും അങ്കണവാടികളും വഴിയാണ് കുട്ടികൾക്ക് വിര നശീകരണത്തിനുള്ള ആൽബൻഡസോൾ ഗുളിക നൽകിയത്. വിരബാധ കുട്ടികളുടെ വളർച്ചയെയും ആരോഗ്യത്തെയും ബാധിക്കുന്ന ഒരു പൊതുജനാരോഗ്യ പ്രശ്നമാണ്. കുട്ടികളിൽ വിളർച്ചയ്ക്കും പോഷകക്കുറവിനും ഇത് കാരണമാകുന്നു. ഇത് മുന്നിൽ കണ്ട് വിരവിമുക്ത യജ്ഞത്തിന് ആരോഗ്യ വകുപ്പ് വലിയ പ്രാധാന്യമാണ് നൽകിയത്. നിശ്ചയിച്ച ദിവസം സ്‌കൂളുകളിലെത്തിയ കുട്ടികൾക്ക് അവിടെ നിന്നും സ്‌കൂളുകളിലെത്താത്ത 1 മുതൽ 19 വയസ് വരെ പ്രായമുള്ള കുട്ടികൾക്ക് അങ്കണവാടികൾ വഴിയും ഗുളിക നൽകി.
Rate this item
(0 votes)
Author

Latest from Author