Print this page

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ യാഥാര്‍ത്ഥ്യമായി

Liver transplant surgery became a reality at Thiruvananthapuram Medical College Liver transplant surgery became a reality at Thiruvananthapuram Medical College
തിരുവനന്തപുരം: തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ യാഥാര്‍ത്ഥ്യമായി. മലപ്പുറം സ്വദേശിയ്ക്കാണ് (53) കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തിയത്. അദ്ദേഹത്തിന്റെ ഭാര്യയുടെ സഹോദരി ഭര്‍ത്താവാണ് (43) കരള്‍ പകുത്ത് നല്‍കിയത്. ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ് ശസ്ത്രക്രിയ നടന്നത്. രാവിലെ 7 മണിക്ക് തുടങ്ങിയ ശസ്ത്രക്രിയ രാത്രി 11.30 ഓടു കൂടിയാണ് പൂര്‍ത്തിയായത്. നാഷ് എന്ന അസുഖം മുഖാന്തിരം കരളില്‍ സിറോസിസും കാന്‍സറും ബാധിച്ചിരുന്നു. ശസ്ത്രക്രിയയ്ക്ക് ശേഷം രോഗി ട്രാന്‍സ്പ്ലാന്റ് ഐസിയുവില്‍ നിരീക്ഷണത്തിലാണ്. മാറ്റിവയ്ക്കുന്ന കരളിന്റെ പ്രവര്‍ത്തനം സാധാരണ നിലയിലേക്ക് എത്തുവാന്‍ രണ്ടാഴ്ചയോളം സമയമെടുക്കാറുണ്ട്. ഈ സമയം രോഗി തീവ്ര പരിചരണത്തിലും സൂക്ഷ്മ നിരീക്ഷണത്തിലുമായിരിക്കും.
കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തിയ ടീം അംഗങ്ങളെ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അഭിനന്ദിച്ചു. സര്‍ജിക്കല്‍ ഗ്യാസ്‌ട്രോ, അനസ്തീഷ്യ ആന്റ് ക്രിറ്റിക്കല്‍ കെയര്‍, മെഡിക്കല്‍ ഗ്യാസ്‌ട്രോ, റേഡിയോളജി, ഓപ്പറേഷന്‍ തീയറ്റര്‍ ടീം, ട്രാന്‍സ്ഫ്യൂഷന്‍ മെഡിസിന്‍, മൈക്രോബയോളജി, ഇന്‍ഫെക്ഷ്യസ് ഡിസീസസ്, നഴ്‌സിംഗ് വിഭാഗം, പത്തോളജി, കെ സോട്ടോ തുടങ്ങിയ വിഭാഗങ്ങളിലെ ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, ഒ.ടി. ടെക്‌നീഷ്യന്‍മാര്‍, ബയോമെഡിക്കല്‍ എഞ്ചിനീയര്‍മാര്‍, ട്രാന്‍സ്പ്ലാന്റ് കോ ഓഡിനേറ്റര്‍മാര്‍, നഴ്‌സിംഗ് അസിസ്റ്റന്റുമാര്‍, അറ്റന്റര്‍മാര്‍, മറ്റ് ജീവനക്കാര്‍ തുടങ്ങിയ 50 ഓളം പേരുടെ കൂട്ടായ പരിശ്രമത്തിന്റെ ഫലമായാണ് കരള്‍ മാറ്റിവയ്ക്കല്‍ പ്രക്രിയ നടത്താനായത്. മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍, പ്രിന്‍സിപ്പല്‍, ആശുപത്രി സൂപ്രണ്ട് എന്നിവര്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചു. തിരുവനന്തപുരം കിംസ് ആശുപത്രി, എറണാകുളം അമൃത ആശുപത്രി എന്നിവരുടെ സഹകരണവുമുണ്ടായിരുന്നു.
ഏറെ പണച്ചെലവുള്ള കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ സാധാരണക്കാര്‍ക്ക് സര്‍ക്കാര്‍ ആശുപത്രികളിലൂടെ ലഭ്യമാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം സംസ്ഥാനത്ത് കരള്‍മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ യാഥാര്‍ത്ഥ്യമാക്കാന്‍ വലിയ പരിശ്രമമാണ് നടത്തിയത്. മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ നിരന്തരം യോഗങ്ങള്‍ വിളിച്ചു ചേര്‍ത്ത് ആക്ഷന്‍ പ്ലാന്‍ രൂപീകരിച്ചാണ് കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ യാഥാര്‍ത്ഥ്യമാക്കിയത്. കോട്ടയം മെഡിക്കല്‍ കോളേജില്‍ 3 കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകള്‍ നടത്തി. കോഴിക്കോട് മെഡിക്കല്‍ കോളേജ് കരള്‍മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് സജ്ജമായി വരുന്നു.
സര്‍ക്കാര്‍ സംവിധാനത്തിന്റേയും ഡോക്ടര്‍മാരുടേയും ജീവനക്കാരുടേയും നിശ്ചയദാര്‍ഢ്യത്തിന്റേയും കൂട്ടായ പരിശ്രമത്തിന്റേയും വിജയം കൂടിയാണിത്. സേവന നിലവാരം മെച്ചപ്പെടുത്തുന്നതിന് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ക്വാളിറ്റി ഇംപ്രൂവ്‌മെന്റ് ഇനിഷ്യേറ്റീവ് ആരംഭിച്ചു. കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കായി പ്രത്യേക ട്രാന്‍സ്പ്ലാന്റ് ടീമിനെ നിയോഗിക്കുകയും അവര്‍ക്ക് വിദഗ്ധ പരിശീലനം നല്‍കുകയും ചെയ്തു. ഇടയ്ക്കിടയ്ക്ക് ട്രാന്‍സ്പ്ലാന്റ് പ്രവര്‍ത്തന പുരോഗതി വിലയിരുത്തി. ആക്ഷന്‍ പ്ലാന്‍ പ്രകാരം കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ ആരംഭിക്കുന്നതിന് സമയബന്ധിതമായി സജ്ജീകരണങ്ങള്‍ ഒരുക്കി.
കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കാവശ്യമായ റസിപ്യന്റ് ഐസിയു, ഡോണര്‍ ഐസിയു കൂടാതെ ഓപ്പറേഷന്‍ തീയറ്റര്‍ എന്നിവ മാനദണ്ഡങ്ങള്‍ പ്രകാരം സജ്ജമാക്കി. കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കുള്ള ലൈസന്‍സ് ലഭ്യമാക്കി. തുടര്‍ന്ന് രോഗികളെ വിദഗ്ധ പരിശോധനകള്‍ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൂവായിരത്തോളം കിടക്കകളും മുന്നൂറോളം ഐസിയു രോഗികളും നൂറ്റി അറുപതോളം വെന്റിലേറ്റര്‍ രോഗികളും, നാലായിരത്തോളം ഒപി രോഗികളും ആയിരത്തോളം അത്യാഹിത വിഭാഗം രോഗികളും ചികിത്സ തേടുന്ന ഇന്ത്യയിലെ ഏറ്റവും വലിയ ആശുപത്രികളില്‍ ഒന്നായ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ മറ്റ് രോഗികളുടെ ചികിത്സയ്ക്ക് ഒപ്പം കരള്‍മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്താനായത് ഒരു വലിയ നേട്ടമാണ്.
Rate this item
(0 votes)
Pothujanam

Pothujanam lead author

Latest from Pothujanam