തിരുവനന്തപുരം: ആറ്റുകാൽ പൊങ്കലയുടെ തിരക്കിലാണ് തലസ്ഥാന നഗരി ഇന്ന്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ലക്ഷക്കണക്കിന് സ്ത്രീജനങ്ങളാണ് പൊങ്കാലയിടാനായി തലസ്ഥാനത്തേക്ക് എത്തിച്ചേർന്നിരിക്കുന്നത്. എല്ലാ തവണത്തെയും പോലെ ഇത്തവണയും പൊങ്കാല ഇടാൻ നടി ചിപ്പിയും എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം തന്നെ താരം കരമനയിലെ വീട്ടിൽ എത്തിയിരുന്നു.
"എത്രാമത്തെ പൊങ്കാല ആണെന്ന് ചോദിച്ചാൽ എനിക്ക് അറിയില്ല. ഇരുപത് വർഷം മേലെ ഉണ്ടാകും. ഒരുപാട് വർഷമായില്ലേ. എല്ലാവർഷവും തുടർച്ചയായി പൊങ്കാല ഇടുന്നുണ്ട്. ചെറുപ്പം മുതലേ ഇടുന്നതാണ്. ഇടയ്ക്ക് വിട്ടുംപോയിട്ടുണ്ട്. അതുകൊണ്ട് കൃത്യമായി പറയാനാവില്ല. എന്നാലും ഓരോ തവണ വരുമ്പോഴും പുതുതായി വരുമ്പോലെ ആണ് തോന്നുന്നത്. ഇക്കൊല്ലം തിരക്ക് നല്ല കൂടുതലാണ്. ക്ഷേത്രത്തിൽ പോയപ്പോഴൊക്കെ നല്ല തിരക്കുണ്ട്", എന്നാണ് ചിപ്പി പറഞ്ഞത്.
"ട്രോളുകളൊക്കെ ഫോണിൽ വന്ന് തുടങ്ങി. പൊങ്കാല ആയിട്ടായത് കൊണ്ട് കുഴപ്പമില്ല. ആറ്റുകാലമ്മയുടെ പേരുമായി ചേർത്തിട്ടാണല്ലോ. അതുകൊണ്ട് ഹാപ്പിയാണ്", എന്നായിരുന്നു താരത്തിന്റെ മറുപടി. ചിപ്പിയെ കൂടാതെ പാര്‍വതി ജയറാമും പൊങ്കാല ഇടാനായി എത്തിയിട്ടുണ്ട്. ഒപ്പം കാളിദാസിന്‍റെ ഭാര്യ താരിണിയും മാളവികയുടെ ഭര്‍തൃ വീട്ടുകാരും തലസ്ഥാനത്ത് എത്തിയിട്ടുണ്ട്. ജയറാം ഷൂട്ടിലാണെന്നും പാര്‍വതി പറഞ്ഞു. ഇവരെ കൂടാതെ ഒട്ടനവധി സിനിമ- സീരിയല്‍ താരങ്ങളും പൊങ്കാല ഇടാനായി എത്തിയിട്ടുണ്ട്.