പാലക്കാട്: പാലക്കാട് ഡിസിസി പ്രസിഡൻ്റ് എ തങ്കപ്പനെതിരെ പോസ്റ്ററുകൾ. ഡിസിസി ഓഫീസ് പരിസരത്താണ് എ തങ്കപ്പനെതിരെ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. സ്വന്തം ഭാര്യ പോലും വോട്ട് ചെയ്യാത്ത തങ്കപ്പന് സീറ്റ് നൽകരുതെന്നാണ് പോസ്റ്ററിലുള്ളത്. കഴിഞ്ഞ ദിവസം പാലക്കാട് നിയമസഭാ മണ്ഡലത്തിൽ നിന്നും എ തങ്കപ്പനെ മത്സരിപ്പിക്കണമെന്ന ആവശ്യം കോൺഗ്രസിലെ ഭൂരിഭാഗം നേതാക്കളും ഉയർത്തിയിരുന്നു. ഇക്കാര്യം കേരളത്തിൻ്റെ ചുമതലയുള്ള ദീപദാസ് മുൻഷിയെ അറിയിക്കുകയും ചെയ്തിരുന്നു. ഇതിൻ്റെ തുടർച്ചയെന്നോണമാണ് തങ്കപ്പനെതിരെ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
ഡിസിസി പ്രസിഡൻ്റിനെ അധിക്ഷേപിക്കുന്ന വാക്കുകളാണ് പോസ്റ്ററുകളിലുള്ളത്. സാധാരണ വെള്ളപ്പേപ്പറിൽ പേന കൊണ്ടാണ് ഇവ എഴുതിയിരിക്കുന്നത്. പാലക്കാട് മണ്ഡലത്തിൽ പരിഗണിക്കുന്നുണ്ടെന്ന വാർത്തകൾക്ക് പിന്നാലെ തങ്കപ്പനെതിരെ വലിയ രീതിയിൽ വിമർശനവും സൈബർ ആക്രമണവും നടന്നുവരികയാണ്. കോൺഗ്രസിലെ ഒരു വിഭാഗമാണ് ഇതിന് പിന്നിലെന്നാണ് സൂചന. പാലക്കാട് വീണ്ടും മത്സരിക്കാൻ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ കരുക്കൾ നീക്കുന്നതിനിടെയാണ് എ തങ്കപ്പൻ മത്സരിക്കണമെന്ന നിലപാടിൽ ജില്ലാ കോൺഗ്രസ് മുന്നോട്ട് വന്നത്.
അതേസമയം, നിയമസഭാ തെരഞ്ഞെടുപ്പില്‍ കോൺഗ്രസ് എംപിമാർക്ക് മത്സരിക്കാൻ അനുമതി നൽകിയേക്കില്ലെന്നാണ് സൂചന. എംപിമാർ മത്സരിക്കേണ്ട സാഹചര്യം നിലവിലില്ലെന്നാണ് നേതൃത്വത്തിന്‍റെ വിലയിരുത്തൽ. ഉപതെരഞ്ഞെടുപ്പ് സാഹചര്യമടക്കം പരിഗണിച്ചാണ് ഇത്തരമൊരു വിലയിരുത്തലിലേക്ക് എഐസിസി എത്തിച്ചേര്‍ന്നതെന്നാണ് വിവരം. ചില എംപിമാർ ഹൈക്കമാൻഡിനെ മത്സര സന്നദ്ധതയറിയിച്ചിരുന്നു.
നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഒന്നോ രണ്ടോ എംപിമാർക്ക് ഇളവ് നൽകിയാൽ കൂടുതൽ പേർ അവകാശവാദം ഉന്നയിക്കാനും തർക്കമുണ്ടാകാനും സാധ്യതയുണ്ട്. മത്സരിച്ചവർ കൂട്ടത്തോടെ ജയിച്ചുവന്നാൽ, ഒരു മിനി ലോക്സഭാ തെരഞ്ഞെടുപ്പ് വേണ്ടി വരുന്ന സ്ഥിതിയുണ്ടാകും. പകരം സ്ഥാനാർത്ഥികളെ കണ്ടെത്തണമെന്ന തലവേദന വേറെയുമുണ്ടാകും. അതിനാലാണ് എംപിമാർ എംപിമാരായി തന്നെ ഇരുന്നാൽ ഈ തലവേദനയൊന്നുമുണ്ടാകില്ലെന്ന വാദം ശക്തിപ്പെടുന്നത്.

