വയനാട്: വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കേന്ദ്ര വനം മന്ത്രി ഭൂപേന്ദര്‍ യാദവ്. വയനാട്ടില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സംരക്ഷണയില്‍ അനധികൃത മനുഷ്യവാസവും അനധികൃത ഖനനവും നടക്കുന്നുണ്ടെന്ന് ഭൂപേന്ദര്‍ യാദവ് ആരോപിച്ചു. പരിസിസ്ഥി ലോല മേഖലയുടെ സംരക്ഷണത്തിന് സംസ്ഥാന സര്‍ക്കാര്‍ പദ്ധതി ആവിഷ്‌കരിക്കണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പ്രാദേശിക രാഷ്ട്രീയക്കാര്‍ അനധികൃത മനുഷ്യവാസത്തിന് നിയമവിരുദ്ധമായ സംരക്ഷണമാണ് നല്‍കുന്നത്. ടൂറിസത്തിന്റെ പേരില്‍ പോലും അവര്‍ ശരിയായ മേഖലകള്‍ ഉണ്ടാക്കുന്നില്ല. അവര്‍ ഈ പ്രദേശത്ത് കൈയേറ്റം അനുവദിച്ചു. അതീവ പരിസ്ഥിതി ലോലമായ പ്രദേശമാണ്. ഞങ്ങള്‍ ഇതിനകം ഒരു കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. വനംവകുപ്പ് മുന്‍ ഡയറക്ടര്‍ ജനറല്‍ സഞ്ജയ് കുമാറിന്റെ നേതൃത്വത്തില്‍ അവര്‍ കേരള സര്‍ക്കാരുമായി കത്തിടപാടുകള്‍ നടത്തിയിരുന്നു,' അദ്ദേഹം പറഞ്ഞു.
പരിസ്ഥിതി ലോല മേഖലയ്ക്കായി സംസ്ഥാന സര്‍ക്കാര്‍ ഒരു പദ്ധതി തയ്യാറാക്കണം. മുന്‍ ഫോറസ്റ്റ് ഡയറക്ടര്‍ ജനറല്‍ സഞ്ജയ് കുമാറിന്റെ നേതൃത്വത്തിലുള്ള സമിതിയുടെ റിപ്പോര്‍ട്ട് സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിക്കണം എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പരിസ്ഥിതിലോല മേഖലയില്‍ അനധികൃത താമസവും ഖനനവും പാടില്ലെന്നും ഭൂപേന്ദര്‍ യാദവ് പറഞ്ഞു. വളരെക്കാലമായി സംസ്ഥാന സര്‍ക്കാര്‍ സമിതിയെ ഒഴിവാക്കുകയാണെന്നും അത് ചെയ്യാന്‍ പാടില്ലെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തില്‍ വയനാട്ടിലെ വില്ലേജുകള്‍ അടക്കം കേരളത്തിലെ 9993 ചതുരശ്ര കിലോമീറ്ററുകള്‍ പരിസ്ഥിതി ലോല പ്രദേശങ്ങളില്‍ ഉള്‍പ്പെടുന്നുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 'ഏക് പെദ് മാ കേ നാം' കാമ്പയിനിനെക്കുറിച്ചും അദ്ദേഹം പ്രതികരിച്ചു. ഈ കാമ്പെയ്നിന് കീഴില്‍ കഴിഞ്ഞ രണ്ട് മാസത്തിനുള്ളില്‍ 26 കോടിയിലധികം ആളുകള്‍ പോര്‍ട്ടലില്‍ പ്രവേശിച്ചു. ഇത് പരിസ്ഥിതിയെക്കുറിച്ചുള്ള അവബോധം വര്‍ധിപ്പിക്കുന്നു.