തിരുവനന്തപുരം: ഏറ്റവും കൂടുതൽ ആൾക്കാരെ പങ്കെടുപ്പിച്ച കൊണ്ട് തിരുവനന്തപുരം മെഡിക്കൽ കോളേജ് കാർഡിയോളജി വിഭാഗം നടത്തിയ സാമൂഹ്യ ആരോഗ്യ സർവ്വേ ലോക ശ്രദ്ധയാകർഷിക്കുന്നു. സമൂഹത്തിലെ ഹാർട്ട് ഫെയിലുവർ (ഹൃദയപേശീപ്രവർത്തനക്കുറവ്), ആർട്ടിയൽ ഫൈബ്രിലേഷൻ (ഹൃദയതാളംതെറ്റൽ) എന്നിവയുടെ സാമൂഹ്യ വ്യാപന തോത് 2011 മുതൽ 2022 മെയ് മാസം വരെ, പ്രത്യേകിച്ച് കോവിഡ് വ്യാപനം രൂക്ഷമായിരുന്ന സമയത്തുൾപ്പെടെ നടത്തിയ പഠനത്തിലൂടെ കൃത്യമായി നിർണയിക്കാൻ കഴിഞ്ഞുവെന്നതാണ് സർവേ കൊണ്ടുണ്ടായ നേട്ടം. ഇത്തരം രോഗാവസ്ഥയുടെ വ്യാപനത്തോത് ആശുപത്രികളിൽ ചികിത്സയ്ക്കെത്തുന്ന രോഗികളുടേത് മാത്രമാണ് നിലവിൽ നിർണയിക്കപ്പെട്ടിരുന്നത്. അതാകട്ടെ, ആശുപത്രികളിൽ എത്തുമ്പോഴേയ്ക്കും രോഗിയുടെ അവസ്ഥ ഗുരുതരമാവുകയും ചെയ്യും.
സാമൂഹിക ആരോഗ്യ സർവേയിലൂടെ തിരുവനന്തപുരം മെഡിക്കൽ കോളേജ് കാർഡിയോളജി വിഭാഗം ഈ പ്രതിസന്ധി കൂടിയാണ് തരണം ചെയ്തിരിക്കുന്നത്. ഗുരുതരാവസ്ഥയിലായ രോഗിയുടെ
ഹൃദയതാളം തെറ്റൽ കാരണം ഹൃദയത്തിന്റെ അറകളിൽ രക്തം കട്ടപിടിക്കാനും 100-ൽ ഏകദേശം മൂന്നു പേർക്ക് പക്ഷാഘാതം സംഭവിക്കാനും ഇടയുണ്ട്. അത്തരം പക്ഷാഘാതങ്ങൾ സാധാരണയിൽ നിന്നും ഗുരുതരവുമായിരിക്കും. നേരത്തെ കണ്ടുപിടിച്ചാൽ കൃത്യമായ ചികിത്സ നൽകി പക്ഷാഘാതം തടയാൻ കഴിയും.
ഹൃദയപ്രവർത്തനത്തിന്റെ കുറവ് നേരത്തെ കണ്ടുപിടിച്ചാൽ നിലവിലുള്ള ചികിത്സകൾ നേരത്തെ തന്നെ നൽകി രോഗി യുടെ ജീവിതനിലവാരവും ആയൂർ ദൈർഘ്യവും മെച്ചപ്പെടുത്തുവാനും കഴിയും.
കാർഡിയോളജി വിഭാഗം മേധാവി പ്രൊഫ സുനിതാവിശ്വനാഥന്റെ നേതൃത്വത്തിൽ തിരുവനന്തപുരം കാർഡിയോളജി ഡിപ്പാർട്ടുമെന്റും കേരളാ ഹാർട്ട്ഫൗണ്ടേഷനും കേരള ഗവൺമെന്റും ചേർന്ന് ഏകദ്ദേശം 55,000 ത്തോളം പേരെ ഗ്രാമങ്ങളിലും നഗരങ്ങളിലും തിരുവനന്തപുരം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നും ആശാവർക്കർമാരുടെ സഹായത്തോടെ പരിശോധിച്ചിരുന്നു. ഏകദേശം 90-ഓളം ഫീൽഡ് ക്യാമ്പുകൾ കാർഡിയോളജിസ്റ്റുകളുടെ നേതൃത്വത്തിൽ നടത്തിയാണ് ഹൃദയപേശീപ്രവർത്തനക്കുറവ്, ഹൃദയതാളംതെറ്റൽ എന്നിവയുടെ വ്യാപനതോത് കണ്ടെത്തിയത്.
തിരുവനന്തപുരം ജില്ലയിൽ ഹൃദയതാളംതെറ്റൽ 0.9 ശതമാനവും ഹൃദയപേശീപ്രവർത്തനക്കുറവ്
1.6 ശതമാനവും ഉള്ളതായി പഠനത്തിലൂടെ കണ്ടെത്തിയെന്ന് ഡോ സുനിതാവിശ്വനാഥൻ അറിയിച്ചു. പ്രമേഹം, ഉയർന്ന രക്തസമ്മർദ്ദം, ഉയർന്ന കൊളസ്ട്രോൾ, പുകവലി എന്നിവ ഉള്ളവരിൽ ഈ അനുപാതം ഇരട്ടിയിലധികമാണെന്നും പഠന ത്തിൽ തെളിഞ്ഞു. സർവ്വേയുടെതുടർച്ചയായി മെയ് 12ന് കാർഡിയോളജി വിഭാഗം കാർഡിയോ വാസ്കുലാർ അപ്ഡേറ്റ്: 2022 എന്ന തുടർവിദ്യാഭ്യാസപരിപാടികൂടി സംഘടിപ്പിക്കുകയുണ്ടായി. സംസ്ഥാനത്തെ പ്രധാന ഹൃദ് രോഗവിദഗ്ധരായ പത്മശ്രീ ഡോ വിജയരാഘവൻ, ഡോ സി ജി ബാഹുലേയൻ, ഡോ രാമകൃഷ്ണപിള്ള, ഡോ സുൽഫിക്കർ അഹമ്മദ്, ഡോ സുരേഷ്, ഡോ തോമസ് ടൈറ്റസ്, ഡോ അജിത്കുമാർ, ഡോ ജോർജ്ജ് കോശി , ഡോ നീനിഗുപ്ത, ഡോ.സുനിതാവിശ്വനാഥൻ, ഡോ ശിവപ്രസാദ് ഡോ കൃഷ്ണകുമാർ എന്നിവർ ചർച്ചയിൽ പങ്കെടുത്തു. 200-ഓളം കാർഡിയോളജിസ്റ്റുകൾ പ്രസ്തുത സമ്മേളനത്തിൽ പങ്കെടുത്തു. ഹൃദ് രോഗവിഭാഗം ബിരുദാനന്തര ബിരുദ വിദ്യാർത്ഥികൾക്കായി ഡോ നിഷാന്ത് സാഗർ ക്വിസ് മത്സരം സംഘടിപ്പിച്ചു.