Print this page

ഐ.ടി കമ്പനികളില്‍ ഇന്റേണ്‍ഷിപ്പ്; അവസരങ്ങളുടെ ജാലകം തുറന്ന് കേരള ഐ.ടി പാര്‍ക്ക്‌സ്

 IT Park CEO John M. Thomas IT Park CEO John M. Thomas
തിരുവനന്തപുരം: സംസ്ഥാനത്തെ തൊഴിലന്വേഷകര്‍ക്ക് തൊഴില്‍ പരിശീലനമൊരുക്കി കേരള ഐ.ടി പാര്‍ക്ക്‌സ്. സംസ്ഥാനത്തെ പ്രധാനപ്പെട്ട മൂന്ന് ഐ.ടി പാര്‍ക്കുകളായ തിരുവനന്തപുരം ടെക്‌നോപാര്‍ക്ക്, കൊച്ചി ഇന്‍ഫോപാര്‍ക്ക്, കോഴിക്കോട് സൈബര്‍പാര്‍ക്ക് എന്നിവിടങ്ങളിലെ കമ്പനികളുമായി ചേര്‍ന്ന് നടപ്പാക്കാനൊരുങ്ങുന്ന ഇഗ്നൈറ്റ് ഇന്റേണ്‍ഷിപ്പ് പരിശീലന പരിപാടി ഓഗസ്റ്റ് മാസം ആരംഭിക്കും. പദ്ധതിയുടെ ഉദ്ഘാടനം ജൂലൈ 21 വ്യാഴാഴ്ച വൈകിട്ട് 4.30ന് ധനകാര്യ വകുപ്പ് മന്ത്രി കെ.എന്‍ ബാലഗോപാല്‍ ടെക്‌നോപാര്‍ക്ക് ട്രാവന്‍കൂര്‍ ഹാളില്‍ വെച്ച് നിര്‍വഹിക്കും. മുന്‍ മന്ത്രിയും കഴക്കൂട്ടം എം.എല്‍.എയുമായ കടകംപള്ളി സുരേന്ദ്രന്‍ അധ്യക്ഷത വഹിക്കും. കേരളാ ഐ.ടി പാര്‍ക്ക്‌സ് സി.ഇ.ഒ ജോണ്‍ എം. തോമസ് സ്വാഗതമാശംസിക്കും. എ.പി.ജെ അബ്ദുള്‍ കലാം ടെക്‌നോളജിക്കല്‍ യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ ഡോ. രാജശ്രീ എം.എസ്, ജിടെക് സെക്രട്ടറി ശ്രീകുമാര്‍ വി, സ്റ്റാര്‍ട്ട് അപ്പ് മിഷന്‍ സി.ഇ.ഒ അനൂപ് അംബിക തുടങ്ങിയവര്‍ സംസാരിക്കും. ഐ.സി.ടി അക്കാദമി ഓഫ് കേരള സി.ഇ.ഒ സന്തോഷ് സി. കുറുപ്പ് നന്ദി പറയും.

സ്‌കില്‍ ഡെവലപ്പ്‌മെന്റിനായി 2023ല്‍ 5000 ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഇന്റേണ്‍ഷിപ്പ് വഴി വേണ്ട പരിശീലനം നല്‍കുക എന്ന ലക്ഷ്യമിട്ടാണ് സര്‍ക്കാര്‍ പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നതെന്ന് കേരളാ ഐ.ടി പാര്‍ക്ക്‌സ് സി.ഇ.ഒ ജോണ്‍ എം. തോമസ് പറഞ്ഞു. ഇതിന്റെ ഭാഗമായി ആദ്യഘട്ടത്തില്‍ ആയിരത്തി അഞ്ഞൂറ് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഇന്റേണ്‍ഷിപ്പ് നല്‍കാനാണ് കേരള ഐ.ടി പാര്‍ക്ക്‌സ് പദ്ധതിയിടുന്നത്. ആറുമാസം നീണ്ടുനില്‍ക്കുന്ന പദ്ധതിയില്‍ മാസം 5000 രൂപ വരെ സര്‍ക്കാര്‍ വിഹിതമായി നല്‍കുകയും കുറഞ്ഞത് ഇതേ തുക തന്നെ നിയമിക്കുന്ന സ്ഥാപനം നല്‍കുകയും ചെയ്യും. ഐ.ടി, ഐ.ടി ഇതര വ്യവസായങ്ങളുടെ ആവശ്യത്തിന് മതിയായ പരിശീലനം ലഭിച്ചവരുടെ അപര്യാപ്തത പരിഹരിക്കാനായാണ് കഴിഞ്ഞ ബജറ്റില്‍ സര്‍ക്കാര്‍ 20 കോടി രൂപ വകയിരുത്തി ആറ് മാസക്കാലത്തെ ഇന്റേണ്‍ഷിപ്പ് പരിശീലന പരിപാടി വിഭാവനം ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.

പദ്ധതിയുടെ ഭാഗമായി ടെക്‌നോപാര്‍ക്കിലും ഇന്‍ഫോപാര്‍ക്കിലും സൈബര്‍പാര്‍ക്കിലുമുള്ള 300ലധികം കമ്പനികളിലായാണ് ഉദ്യോഗാര്‍ത്ഥികള്‍ക്ക് പരിശീലനം നല്‍കുക. ഐ.സി.ടി അക്കാദമി കേരള, സ്റ്റാര്‍ട്ട് അപ്പ് മിഷന്‍, ജി ടെക്, കാഫിറ്റ് തുടങ്ങിയവയുമായി സഹകരിച്ച് നടത്തുന്ന ഇന്റേണ്‍ഷിപ്പ് പ്രോഗ്രാമിനായി (https://ignite.keralait.org) എന്ന ലിങ്കിലൂടെ രജിസ്റ്റര്‍ ചെയ്യാം. ഈ വര്‍ഷം ബിരുദം നേടിയവര്‍ക്കും അവസാന സെമസ്റ്റര്‍ പരീക്ഷാഫലം കാത്തിരിക്കുന്ന ഉദ്യോഗാര്‍ഥികള്‍ക്കും രജിസ്‌ട്രേഷനും ഇന്റര്‍വ്യൂവും വഴി ഇന്റേണ്‍ഷിപ്പിന് അവസരം നേടാം.
Rate this item
(0 votes)
Author

Latest from Author