Print this page

'തിരഞ്ഞെടുപ്പ് മഹോത്സവം രാജ്യത്തിന്റെ അഭിമാനം' എന്ന സന്ദേശമുയർത്തി വിളംബരഘോഷയാത്ര

'തിരഞ്ഞെടുപ്പ് മഹോത്സവം രാജ്യത്തിന്റെ അഭിമാനം' എന്ന സന്ദേശമുയർത്തി തിരുവനന്തപുരത്ത് സംഘടിപ്പിച്ച തിരഞ്ഞെടുപ്പ് വിളബംരഘോഷയാത്രയോടെ സംസ്ഥാനത്തുടനീളം സംഘടിപ്പിച്ച സ്വീപ് ((സിസ്റ്റമാറ്റിക് വോട്ടേഴ്സ് എഡ്യൂക്കേഷൻ ആന്റ് ഇലക്ടറൽ പാർട്ടിസിപ്പേഷൻ) ബോധവത്കരണ പരിപാടികൾക്ക് ആഘോഷപൂർണമായ സമാപനം. ഞാൻ വോട്ട് ചെയ്യും, ഉറപ്പായും എന്ന മുദ്രാവാക്യവുമായി രാജ്ഭവന് മുന്നിൽ നിന്ന് വൈകിട്ട് അഞ്ചിന് ആരംഭിച്ച വിളംബരഘോഷയാത്ര ചീഫ് സെക്രട്ടറി ഡോ. വി വേണു, ഡിജിപി ഷെയ്ഖ് ദർവേശ് സാഹിബ്, മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ എന്നിവർ ചേർന്ന് ഫ്ളാഗ് ഓഫ് ചെയ്തു. കേരളീയ സംസ്‌കാരത്തിന്റെയും പൈതൃകത്തിന്റെയും പ്രതിഫലനമെന്നോണം തനത് കലകളുടെ അകമ്പടിയോടെയാണ് ഘോഷയാത്ര സംഘടിപ്പിച്ചത്.


അഡീഷണൽ സിഇഒ വി ആർ പ്രേംകുമാർ, ചീഫ് സെക്രട്ടറിയുടെ സ്റ്റാഫ് ഓഫീസർ അർജുൻ പാണ്ഡ്യൻ, അഡീഷണൽ സി ഇ ഒ ശർമിള സി എന്നിവരും ഇലക്ടറൽ ഓഫീസിലെ മുതിർന്ന ഉദ്യോഗസ്ഥരും ഘോഷയാത്രയുടെ മുൻനിരയിൽ അണിനിരന്നു. അശ്വാരൂഢസേനയും റോളർ സ്‌കേറ്റിങ് ടീമും മുന്നിൽ നിന്ന് നയിച്ച വർണാഭമായ ഘോഷയാത്രയ്ക്ക് താലപ്പൊലി, പഞ്ചവാദ്യം, വേലകളി, തെയ്യം, കളരിപ്പയറ്റ്, ഒപ്പന, മാർഗംകളി, പുലികളി, ചെണ്ടമേളം, കഥകളി, കേരളനടനം, മോഹിനിയാട്ടം തുടങ്ങിയ തനത് കലാരൂപങ്ങളുടെ അവതരണം മിഴിവേകി. ഓരോ വോട്ടും നമ്മുടെ ശബ്ദമാണ്, നാടിന്റെ നന്മക്ക് ഒരു വോട്ട്, നിങ്ങളുടെ ശബ്ദം നിങ്ങളുടെ വോട്ട്, നല്ല ഭാവിക്ക് വോട്ട് ചെയ്യാം തുടങ്ങിയ സന്ദേശങ്ങളടങ്ങിയ പ്ലക്കാഡുകളുമായി കോളേജ് വിദ്യാർഥികളും യാത്രയിൽ അണിനിരന്നു.


ഘോഷയാത്രയ്ക്ക് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിച്ച മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ സ്വതന്ത്രവും സുരക്ഷിതവുമായ വോട്ടെടുപ്പിനുള്ള എല്ലാ സജ്ജീകരണങ്ങളും സംസ്ഥാനത്ത് പൂർത്തിയായതായും എല്ലാ വോട്ടർമാരും സമ്മതിദാന അവകാശം വിനിയോഗിക്കണമെന്നും അഭ്യർത്ഥിച്ചു. ഘോഷയാത്ര കനകക്കുന്നിന് മുന്നിൽ സമാപിച്ചപ്പോൾ സംഘടിപ്പിച്ച ചടങ്ങിൽ അഡീഷണൽ സി ഇ ഒ ശർമിള സി ആമുഖം പറഞ്ഞു. ശേഷം തിരഞ്ഞെടുപ്പ് വിളംബരം അറിയിച്ച് തിരുവാതിര അരങ്ങേറി. തുടർന്ന് പൊതുജനങ്ങൾക്കായി നടത്തിയ ലക്കി ഡ്രോയിലെ വിജയിയെ വേദിയിൽ നടന്ന നറുക്കെടുപ്പിൽ മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ തിരഞ്ഞെടുത്തു. സമാപന പരിപാടിയോടനുബന്ധിച്ച് വൈകിട്ട് ഏഴിന് മാനവീയം വീഥിയിൽ അതിൽ നറുകരയുടെയും സംഘത്തിന്റെയും സംഗീതപരിപാടിയും അരങ്ങേറി.
Rate this item
(0 votes)
Author

Latest from Author