Print this page

കേന്ദ്ര ധനകാര്യ കോർപ്പറേഷനുകളുടെ വായ്പാ പദ്ധതികളാണ് വനിതാ വികസന കോർപ്പറേഷൻ വിതരണം ചെയ്യുന്നത്

By September 18, 2023 82 0
കേരള സംസ്ഥാന വനിതാ വികസന കോർപ്പറേഷൻ വിവിധ കേന്ദ്ര ധനകാര്യ കോർപ്പറേഷനുകളുടെ (NBCFDC, NMDFC, NSFDC, NSTFDC, NSKFDC) സംസ്ഥാനത്തെ ചാനലൈസിംഗ് ഏജൻസിയാണ്. അവയുടെ വ്യക്തിഗത സ്വയം തൊഴിൽ വായ്പ പദ്ധതികളും ലഘു വായ്പ പദ്ധതികളും വിദ്യാഭ്യാസ വായ്പ പദ്ധതികളും കോർപ്പറേഷൻ നടപ്പാക്കുന്നു. അതിലേക്ക് സംസ്ഥാന സർക്കാരിന്റെയും സ്ഥാപനത്തിന്റെയും വിഹിതം കൂടി ചേർത്ത് ഈ കോർപ്പറേഷനുകളുടെ മാർഗ്ഗനിർദ്ദേശമനുസരിച്ച്, പിന്നാക്ക, ന്യൂനപക്ഷ, പട്ടിക ജാതി, പട്ടിക വർഗ്ഗ, ശുചീകരണ തൊഴിലാളി വിഭാഗങ്ങളിലെ വനിതകൾക്ക് ആണ് വായ്പകൾ വിതരണം ചെയ്യുന്നത്.


പൊതു വിഭാഗത്തിന് ഇത്തരത്തിൽ വായ്പ കൊടുക്കുന്ന കേന്ദ്ര ധനകാര്യ വികസന കോർപ്പറേഷനുകൾ നിലവിലില്ല. സംസ്ഥാന സർക്കാരിന്റെ പൊതുവിഭാഗത്തിലെ വനിതകൾക്കുള്ള വ്യക്തിഗത സ്വയംതൊഴിൽ വായ്പ പദ്ധതി സ്ഥാപനം ഏറ്റെടുത്ത് നടത്തുന്നു. അതിന് സംസ്ഥാന സർക്കാരിന്റെയും സ്ഥാപനത്തിന്റെയും ഫണ്ട് വിനിയോഗിക്കുന്നുമുണ്ട്. അടുത്തിടെ ഈ വായ്പ പരിധി മൂന്ന് ലക്ഷത്തിൽ നീന്നും അഞ്ചു ലക്ഷമായി ഉയർത്തി.. സർക്കാരിന്റെയും വനിതാ വികസന കോർപ്പറേഷന്റെയും ഫണ്ട് ഉപയോഗിച്ച് 2000-01 മുതൽ ഇതുവരെ പൊതു (മുന്നോക്ക )വിഭാഗത്തിൽപ്പെട്ട 4551 പേർക്കായി 84.5 കോടി രൂപയുടെ സ്വയം തൊഴിൽ വായ്പ അനുവദിച്ചിട്ടുണ്ട്.


വസ്തുതകൾ ഇതായിരിക്കെ വനിതാ വികസന കോർപ്പറേഷനിൽ നിന്ന് ചില പ്രത്യേക മത വിഭാഗത്തിൽപ്പെട്ടവർക്ക് മാത്രം വായ്പകൾ അനുവദിക്കുന്നു എന്നും ജനറൽ വിഭാഗ ത്തിൽപ്പെട്ടവർക്കും ഹിന്ദുക്കൾക്കും വായ്പകൾ അനുവദിക്കുന്നില്ല എന്നും വ്യാപകമായ ദുഷ്പ്രചരണങ്ങൾ സോഷ്യൽ മീഡിയ മുഖേന നടക്കുകയാണ്. ഇത്തരത്തിൽ വസ്തുതാ വിരുദ്ധമായ കാര്യങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെ നിയമപരമായ നടപടികൾ സ്വീകരിക്കുമെന്ന് സംസ്ഥാന വനിതാ വികസന കോർപ്പറേഷൻ അറിയിച്ചു.
Rate this item
(0 votes)
Last modified on Friday, 29 September 2023 19:27
Author

Latest from Author