Print this page

മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്ക് കേരളത്തിന്റെ അന്ത്യാഞ്ജലി

അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് കേരളത്തിന്റെ അന്ത്യാഞ്ജലി. ഇന്നു പുലർച്ചെ ബംഗളൂരുവിൽ അന്തരിച്ച അദ്ദേഹത്തിന്റെ ഭൗതിക ശരീരം പ്രത്യേക വിമാനത്തിൽ ഉച്ചയോടെ തിരുവനന്തപുരത്ത് എത്തിച്ചു. വിമാനത്താവളത്തിൽനിന്നു തിരുവനന്തപുരം ജഗതിയിലെ അദ്ദേഹത്തിന്റെ വസതിയായ പുതുപ്പള്ളി ഹൗസിലും തുടർന്ന് വൈകിട്ട് ഏഴിനു സെക്രട്ടേറിയറ്റ് ദർബാർ ഹാളിലും പൊതുദർശനത്തിനുവച്ചു.


ഉമ്മൻ ചാണ്ടിയുടെ ഭൗതികദേഹവും വഹിച്ചു വിമാനത്താവളത്തിൽനിന്നു പുതുപ്പള്ളി ഹൗസിലേക്കും തുടർന്നു സെക്രട്ടേറിയറ്റ് ദർബാർ ഹാളിലേക്കുമുള്ള വിലാപയാത്രയ്ക്കിടെ അന്ത്യാഞ്ജലിയർപ്പിക്കാൻ റോഡിനിരുവശവും നിരവധി ആളുകൾ തടിച്ചുകൂടി. പുതുപ്പള്ളി ഹൗസിലെ വസതിയിലും ആയിരങ്ങൾ അന്തിമോപചാരമർപ്പിക്കാനെത്തി. വൈകിട്ട് ഏഴിന് ഭൗതിക ശരീരം ദർബാർ ഹാളിലേക്ക് എത്തിക്കുമ്പോൾ സെക്രട്ടേറിയറ്റിലും ആയിരക്കണക്കിന് ആളുകൾ എത്തിയിരുന്നു.


മുഖ്യമന്ത്രി പിണറായി വിജയൻ ദർബാർ ഹാളിലെത്തി ആദരാഞ്ജലിയർപ്പിച്ചു. മന്ത്രിമാരായ വി. ശിവൻകുട്ടി, റോഷി അഗസ്റ്റിൻ, ഡോ. ആർ. ബിന്ദു, ആന്റണി രാജു, വി.എൻ. വാസവൻ, ജെ. ചിഞ്ചുറാണി, പി. പ്രസാദ്, ജി.ആർ. അനിൽ, എം.ബി. രാജേഷ്, കെ. കൃഷ്ണൻകുട്ടി, പി.എ. മുഹമ്മദ് റിയാസ്, കെ.എൻ. ബാലഗോപാൽ, സജി ചെറിയാൻ, നിയമസഭാ സ്പീക്കർ എ.എൻ. ഷംസീർ, ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, എംപിമാരായ ബെന്നി ബെഹനാൻ, ശശി തരൂർ, കെ. മുരളീധരൻ, എം.കെ. രാഘവൻ, ആന്റോ ആന്റണി, രാജ്മോഹൻ ഉണ്ണിത്താൻ, ഡീൻ കുര്യാക്കോസ്, കൊടിക്കുന്നിൽ സുരേഷ്, എം.എൽ.എമാരായ എം.വി. ഗോവിന്ദൻ മാസ്റ്റർ, പി.കെ. കുഞ്ഞാലിക്കുട്ടി, രമേശ് ചെന്നിത്തല, വി. ജോയ്, കെ.ബി. ഗണേഷ് കുമാർ, സി.കെ. ആശ, സജീവ് ജോസഫ്, സി.കെ. ഹരീന്ദ്രൻ, എൽദോസ് കുന്നപ്പള്ളി, വി.കെ. പ്രശാന്ത്, സച്ചിൻ ദേവ്, ലിന്റോ ജോസഫ്, ഇ. ചന്ദ്രശേഖരൻ, രാമചന്ദ്രൻ കടന്നപ്പള്ളി, കെ.പി. മോഹനൻ, കെ.കെ. ശൈലജ ടീച്ചർ, സണ്ണി ജോസഫ്, കാനത്തിൽ ജമീല, മഞ്ഞളാംകുഴി അലി, കെ.പി.എ. മജീദ്, പി. നന്ദകുമാർ, ഇ.കെ. വിജയൻ, പി.കെ. ബഷീർ, ഷാഫി പറമ്പിൽ, അൻവർ സാദത്ത്, ടി.ജെ. വിനോദ്, ഉമ തോമസ്, മാണി സി. കാപ്പൻ, മോൻസ് ജോസഫ്, അനൂപ് ജേക്കബ്, ദലീമ, എച്ച്. സലാം, യു. പ്രതിഭ, പി.സി. വിഷ്ണുനാഥ്, ഒ.എസ്. അംബിക, തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ, തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ് കുമാർ, എറണാകുളം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, ചീഫ് സെക്രട്ടറി ഡോ. വി. വേണു, മുൻ മന്ത്രിമാർ, മുൻ എംപിമാർ, മുൻ എം.എൽഎമാർ, രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക, മത, സാമുദായിക രംഗത്തെ പ്രമുഖർ, സംസ്ഥാന സർക്കാരിലെ ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയവർ അന്തിമോപചാരമർപ്പിക്കാൻ എത്തി.


രാത്രി 8.45ന് ദർബാർ ഹാളിൽനിന്നു ഭൗതിക ശരീരം തിരുവനന്തപുരം സെന്റ് ജോർജ് കത്തീഡ്രലിലേക്കു കൊണ്ടുപോയി. അവിടെനിന്ന് ഇന്ദിരാഭവനിലേക്കും തുടർന്നു പുതുപ്പള്ളി ഹൗസിലേക്കും കൊണ്ടുപോയി. നാളെ രാവിലെ തിരുവനന്തപുരത്തു നിന്നു കോട്ടയത്തേക്കു വിലാപയാത്രയായി കൊണ്ടുപോകുന്ന ഭൗതിക ശരീരം വൈകിട്ട് കോട്ടയം തിരുനക്കര മൈതാനത്തും രാത്രി പുതുപ്പള്ളിയിലെ കുടംബവീട്ടിലും പൊതുദർശനത്തിനുവയ്ക്കും. വ്യാഴാഴ്ച ഉച്ചയ്ക്കു രണ്ടു മണിയോടെ പുതുപ്പള്ളി പള്ളി സെമിത്തേരിയിലാണു സംസ്‌കാര ചടങ്ങുകൾ നിശ്ചയിച്ചിരിക്കുന്നത്. ഉമ്മൻചാണ്ടിയോടുള്ള ആദരസൂചകമായി ഇന്ന് മുതൽ സംസ്ഥാനമൊട്ടാകെ മൂന്നു ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു. ഈ ദിവസങ്ങളിൽ സംസ്ഥാനമൊട്ടാകെ ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടും.
Rate this item
(0 votes)
Author

Latest from Author