Print this page

മൃഗശാലക്കാഴ്ചകൾക്കു വന്യവിരുന്നൊരുക്കാൻ ഇനി ലിയോയും നൈലയും

തിരുവനന്തപുരത്തെ മൃഗശാലക്കാഴ്ചകൾക്കു വന്യവിരുന്നൊരുക്കാൻ ലിയോയും നൈലയും. തിരുപ്പതി ശ്രീവെങ്കിടേശ്വര സുവോളജിക്കൽ പാർക്കിൽനിന്നെത്തിച്ച രണ്ടു സിംഹങ്ങളെ കാഴ്ചക്കാർക്കായി കൂട്ടിലേക്കു തുറന്നുവിട്ടു. മൃഗസംരക്ഷണ, മൃഗശാല വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണിയാണു സിംഹ ജോഡികൾക്കു പേരിട്ടത്. പെൺ സിംഹമാണ് നൈല, ലിയോ ആൺ സിംഹവും.


ഓരോ ജോഡി സിംഹങ്ങൾ, ഹനുമാൻ കുരങ്ങുകൾ, എമു എന്നിവയാണു തിരുപ്പതി സുവോളജിക്കൽ പാർക്കിൽനിന്നു തിരുവനന്തപുരം മൃഗശാലയിലേക്ക് എത്തിച്ചത്. രണ്ടു മാസത്തിനകം കൂടുതൽ ഹനുമാൻ കുരങ്ങുകളേയും മറ്റു മൃഗങ്ങളേയും ഇവിടേയ്ക്ക് എത്തിക്കുമെന്നു മന്ത്രി പറഞ്ഞു. അമേരിക്കൻ കടുവ, സീബ്ര തുടങ്ങിയവയേയും എത്തിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. കൂടുതൽ മൃഗങ്ങളെ കൊണ്ടുവരുന്നതിനു കേന്ദ്ര മൃഗസംരക്ഷണ വിഭാഗത്തിന്റെ അനുമതി കിട്ടിക്കഴിഞ്ഞതായും മന്ത്രി പറഞ്ഞു.


തിരുപ്പതിയിൽനിന്നു കൊണ്ടുവന്ന ഹനുമാൻ കുരങ്ങുകളിൽ ഒന്ന് കഴിഞ്ഞ ദിവസം ഓടിപ്പോയിരുന്നു. ഇത് മൃഗശാലയിലെ മരത്തിൽത്തന്നെയുണ്ട്. കുരങ്ങുകളെ സാധാരണ തുറന്നിട്ടാണു വളർത്തുന്നത്. ക്വാറന്റൈൻ പാലിക്കുന്നതിന്റെ ഭാഗമായിട്ടാണു കൂട്ടിലിട്ടിരുന്നത്. മൃഗശാല വളപ്പിൽത്തന്നെയുള്ള മരത്തിൽ ഇരിക്കുന്ന ഹനുമാൻ കുരങ്ങിന് മയക്കുവെടിവയ്ക്കേണ്ട സാഹചര്യമൊന്നുമില്ല. സാധാരണ നിലയിൽത്തന്നെ താഴെയിറങ്ങും. ആവശ്യമായ ആഹാരം മരച്ചുവട്ടിൽ നൽകുന്നുണ്ട്. പച്ചിലകളും കഴിക്കുന്നുണ്ട്. ബുദ്ധിമുട്ടുണ്ടാക്കാതെ സുരക്ഷിത നിലയിലാണു കുരങ്ങ് ഇരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
Rate this item
(0 votes)
Author

Latest from Author