Print this page

ഇടിമിന്നലോടുകൂടിയ മഴയ്ക്കും കാറ്റിനും സാധ്യത

സംസ്ഥാനത്ത് ഏപ്രില്‍ പത്തുവരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുള്ളതായി കേന്ദ്രകാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇടിമിന്നല്‍ അപകടകാരികളാണെന്നതിനാല്‍ കാര്‍മേഘം കണ്ടു തുടങ്ങുന്ന സമയം മുതല്‍ തന്നെ മുന്‍കരുതല്‍ സ്വീകരിക്കണം. ഈ സാഹചര്യത്തില്‍ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പൊതുജനങ്ങള്‍ക്കായി ജാഗ്രതാ നിര്‍ദേശങ്ങള്‍ പുറത്തിറക്കി.


ഇടിമിന്നല്‍ ലക്ഷണം കണ്ടാല്‍ തുറസായ സ്ഥലങ്ങളില്‍ നില്‍ക്കുന്നത് ഒഴിവാക്കണം. ജനലും വാതിലും അടച്ചിടണം. ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിച്ഛേദിക്കണം. വൈദ്യുതി ഉപകരണങ്ങളുമായുള്ള സാമിപ്യം ഒഴിവാക്കണം. തുണികള്‍ എടുക്കാന്‍ ടെറസിലോ, മുറ്റത്തോ ഇടിമിന്നലുള്ള സമയത്ത് പോകരുത്. അന്തരീക്ഷം മേഘാവൃതമെങ്കില്‍ കുട്ടികളെ തുറസായ സ്ഥലത്തും, ടെറസ്സിലും കളിക്കാന്‍ അനുവദിക്കരുത്. ഇടിമിന്നല്‍ സമയത്ത് ടെറസിലോ ഉയരമുള്ള സ്ഥലങ്ങളിലോ വൃക്ഷക്കൊമ്പിലോ ഇരിക്കുന്നത് അപകടകരമാണ്. പട്ടം പറത്തുന്നത് ഒഴിവാക്കണം. ഇടിമിന്നലുള്ള സമയത്ത് വൃക്ഷങ്ങളുടെ ചുവട്ടില്‍ നില്‍ക്കരുത്. വാഹനങ്ങള്‍ മരച്ചുവട്ടില്‍ പാര്‍ക്ക് ചെയ്യരുത്. കാറ്റില്‍ വീഴാന്‍ സാധ്യതയുള്ള വസ്തുക്കള്‍ കെട്ടിവെക്കണം.


ഇടിമിന്നല്‍ സമയത്ത് ടെലഫോണ്‍ ഉപയോഗിക്കരുത്. മിന്നലാഘാതമേറ്റ ആളിന്റെ ശരീരത്തില്‍ വൈദ്യുത പ്രവാഹം ഉണ്ടാകില്ല. മിന്നലേറ്റ ആളിന് ഉടന്‍ വൈദ്യ സഹായം എത്തിക്കണം. ജലാശയത്തില്‍ മീന്‍ പിടിക്കാനും കുളിക്കാനും ഇറങ്ങരുത്. ഇടിമിന്നല്‍ സമയങ്ങളില്‍ വാഹനത്തിനുള്ളില്‍ സുരക്ഷിതരായിരിക്കുമെന്നതിനാല്‍ വാഹനമോടിക്കുന്നവര്‍ അതിനുള്ളില്‍ തുടരണം.സൈക്കിള്‍, ബൈക്ക്, ട്രാക്ടര്‍ തുടങ്ങിയ വാഹനങ്ങളിലുള്ള യാത്ര ഒഴിവാക്കണമെന്നും ജാഗ്രത നിര്‍ദേശത്തില്‍ പറയുന്നു.
Rate this item
(0 votes)
Last modified on Saturday, 08 April 2023 06:19
Author

Latest from Author