Print this page

തദ്ദേശ ഉപതിരഞ്ഞെടുപ്പിന് ഒരുക്കങ്ങൾ പൂർത്തിയായി; വോട്ടെടുപ്പ് നാളെ

By February 27, 2023 133 0
സംസ്ഥാനത്തെ 28 തദ്ദേശ വാർഡുകളിൽ നാളെ ഉപതിരഞ്ഞെടുപ്പ് നടത്തുന്നതിന് മുന്നൊരുക്കങ്ങൾ പൂർത്തിയായതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ. ഷാജഹാൻ അറിയിച്ചു. വോട്ടെടുപ്പ് ചൊവ്വാഴ്ച രാവിലെ 7 മണി മുതൽ വൈകുന്നേരം 6 മണി വരെയാണ്. വോട്ടെണ്ണൽ മാർച്ച് 1 ന് നടത്തും. സമ്മതിദായകർക്ക് തിരിച്ചറിയൽ രേഖകളായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ തിരിച്ചറിയൽ കാർഡ്, പാസ്‌പോർട്ട്, ഡ്രൈവിംഗ് ലൈസൻസ്, പാൻ കാർഡ്, ആധാർ കാർഡ്, ഫോട്ടോ പതിച്ചുള്ള എസ്.എസ്.എൽ.സി. ബുക്ക്, ദേശസാൽകൃത ബാങ്ക് ആറുമാസകാലയളവിന് മുമ്പു വരെ നൽകിയിട്ടുള്ള ഫോട്ടോ പതിച്ച പാസ്ബുക്ക്, സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ നൽകിയ തിരിച്ചറിയൽ കാർഡ് എന്നിവ ഉപയോഗിക്കാം.


ഇടുക്കി, കാസർഗോഡ് ഒഴികെ 12 ജില്ലകളിലെ ഒരു ജില്ലാ പഞ്ചായത്ത്, ഒരു ബ്ലോക്ക് പഞ്ചായത്ത്, ഒരു കോർപ്പറേഷൻ, രണ്ട് മുനിസിപ്പാലിറ്റി, 23 ഗ്രാമപഞ്ചായത്ത് വാർഡുകളിലാണ് ഉപതിരഞ്ഞെടുപ്പ്. ആകെ 97 സ്ഥാനാർത്ഥികളാണ് ജനവിധി തേടുന്നത്. അതിൽ 40 പേർ സ്ത്രീകളാണ്. വോട്ടർപട്ടിക ജനുവരി 30 ന് പ്രസിദ്ധീകരിച്ചു. ആകെ 1,22,473 വോട്ടർമാർ. 58,315 പുരുഷന്മാരും 64,155 സ്ത്രീകളും 3 ട്രാൻസ്‌ജെൻഡറുകളും. പ്രവാസി വോട്ടർപട്ടികയിൽ 10 പേർ.


വോട്ടെടുപ്പിന് 163 പോളിംഗ് ബൂത്തുകൾ സജ്ജമാക്കിയിട്ടുണ്ട്. പാലക്കാട് ജില്ലാ പഞ്ചായത്തിൽ നൂറും തളിക്കുളം ബ്ലോക്ക് പഞ്ചായത്തിൽ പതിന്നാലും കൊല്ലം കോർപ്പറേഷനിൽ നാലും മുനിസിപ്പാലിറ്റികളിൽ രണ്ടും ഗ്രാമപഞ്ചായത്തുകളിൽ നാല്പത്തിമൂന്നും ബൂത്തുകളുണ്ടാവും. പോളിംഗ് ഉദ്യോഗസ്ഥർക്കുള്ള പരിശീലനം പൂർത്തിയായി.


വോട്ടെണ്ണൽ ബുധനാഴ്ച രാവിലെ 10 മണിക്ക് അതാത് കേന്ദ്രങ്ങളിൽ ആരംഭിക്കും. ഫലം അപ്പോൾ തന്നെ www.lsgelection.kerala.gov.in സൈറ്റിലെ TREND ൽ ലഭ്യമാകും. സ്ഥാനാർത്ഥികൾക്ക് തിരഞ്ഞെടുപ്പ് ചെലവ് കണക്ക് www.sec.kerala.gov.in സൈറ്റിൽ ഓൺലൈനിലൂടെ സമർപ്പിക്കാം. ഫലപ്രഖ്യാപന തീയതി മുതൽ 30 ദിവസത്തിനകമാണ് ഇതിന് അവസരം.
Rate this item
(0 votes)
Author

Latest from Author