Print this page

സിറ്റി സർക്കുലറിൽ 10 ഇലക്ട്രിക് ബസുകൾ കൂടി

10 more electric buses in city circular 10 more electric buses in city circular
തിരുവനന്തപുരം; നഗരത്തിലെ യാത്രക്കാർക്ക് ഏറെ പ്രിയങ്കരമായ സിറ്റി സർക്കുലർ സർവ്വീസിൽ പുതിയതായി 10 ഇലക്ട്രിക് ബസുകൾ കൂടി. നേരത്തെ സർവ്വീസ് നടത്തിയിരുന്ന 25 ബസുകൾക്ക് പുറമെയാണ് പുതിയ 10 ബസുകൾ കൂടെ എത്തിയത്. ഇതോടെ കെഎസ്ആർടിസി - സ്വിഫ്റ്റ് വഴി 35 ബസുകളാണ് സിറ്റി സർക്കുലറിൽ സർവ്വീസ് നടത്തുന്നത്
2022 ആഗസ്റ്റ് 1നാണ് കെഎസ്ആർടിസി-സ്വിഫ്റ്റ് ഇലക്ട്രിക് ബസുകൾ സിറ്റി സർക്കുലറിൽ സർവ്വീസ് ആരംഭിച്ചത്. 50 ബസുകൾക്കുള്ള ഓഡർ ആണ് നൽകിയിരുന്നത്. ആദ്യ ഘട്ടത്തിൽ 25 ബസുകളും ഇപ്പോൾ 10 ബസുകൾ കൂടെയത്തി. ഉടൻ തന്നെ 5 ഇലക്ട്രിക് ബസുകൾ സിറ്റി സർക്കുലറിന്റെ ഭാഗമാകും. അത് തിരുവനന്തപുരത്ത് എത്തിക്കഴിഞ്ഞു. ബാക്കിയുള്ള 10 ബസുകൾ അടുത്തമാസം എത്തിച്ചേരുമെന്നാണ് പ്രതീക്ഷ.
നിലവിൽ ഡീസൽ ബസുകൾ സിറ്റി സർവ്വീസിന് 37 രൂപയാണ് ഒരു കിലോമീറ്റർ സർവ്വീസ് നടത്തുമ്പോൾ ചിലവ് വരുന്നത്. ഇലക്ട്രിക് ബസുകളിൽ വൈദ്യുതി, ജീവനക്കാരുടെ ശമ്പളം എന്നിവ ഉൾപ്പെടെ ഒരു കിലോ മീറ്റർ സർവ്വീസ് നടത്താൻ 23 രൂപമാത്രമാണ് ചിലവ് വരുന്നത്. ഇതിന്റെ ശരാശരി വരുമാനം കിലോ മീറ്ററിന് 35 രൂപയുമാണ്. ചരിത്രത്തിൽ ആദ്യമായി സർവ്വീസുകൾ ലാഭത്തിൽ ആകുകയും ചെയ്തിരുന്നു.
നിലവിലെ ഇന്ധന വിലവർദ്ധനവിന്റെ സാഹചര്യത്തിൽ ഇലക്ട്രിക് ബസുകളാണ് ഗുണകരമാകുന്നത്. തമ്പാനൂർ, കിഴക്കേകോട്ട, പാപ്പനംകോട്, വികാസ് ഭവൻ, പേരൂർക്കട, നെയ്യാറ്റിൻകര, തുടങ്ങിയ സ്ഥലങ്ങളിൽ ഇതിന്റെ ചാർജിംഗ് സ്റ്റേഷനുകളും നിലവിൽ‌ ഉണ്ട്. സിറ്റി സർക്കുലറിൽ ദിനം പ്രതി 1000 യാത്രക്കാരിൽ നിന്നും 35,000 യാത്രക്കാർ ആയി മാറിയത് ജനങ്ങൾ ഏറ്റെടുത്തതിന്റെ തെളിവാണ്
നഗരത്തിന്റെ എല്ലാ റോഡിലും നിലവിൽ സിറ്റി സർക്കുലർ സർവ്വീസ് നടത്തി വരുന്നു. ഇടറോഡിൽ പോലും സൗകര്യ പ്രദമായ രീതിയിൽ ഇലക്ട്രിക് ബസുകൾക്ക് സർവ്വീസ് നടത്താമെന്നുള്ളത് ഗതാഗത സൗകര്യത്തിന് കൂടുതൽ ഗുണകരമാകും. 9 മീറ്റർ നീളമാണ് ഇലക്ട്രിക് ബസുകൾക്ക് ഉള്ളത്. നിലവിൽ ശരാശരി ഒന്നര മണിയ്ക്കൂർ കൊണ്ടുള്ള ഒറ്റ ചാർജിങ്ങിൽ തന്നെ 140 കിലോ മീറ്ററിന് മുകളിൽ റേഞ്ച് ലഭിക്കുന്നുണ്ട്. 92,43,986 രൂപയാണ് ഒരു ബസിന്റെ വില. യാത്രക്കാർക്ക് മൊബൈൽ ചാർജ് ചെയ്യുന്നതിനുള്ള സൗകര്യവും, അഞ്ച് സിസിടിവി ക്യാമാറയുടെ നിരീക്ഷണം, യാത്രക്കാർക്ക് എമർജൻസി അലർട്ട് ബട്ടൻ ഉൾപ്പെടെയുള്ള അത്യാധുനിക സൗകര്യങ്ങളും ബസിൽ ഉണ്ട്.
ഒരു ട്രിപ്പിന് 10 രൂപയുടെ ടിക്കറ്റും, ഒരു ദിവസത്തേക്ക് മുഴുവൻ യാത്ര ചെയ്യുന്നതിന് 30 രൂപ ടിക്കറ്റും നൽകിയുള്ള വരുമാനത്തിൽ നിന്നുമാണ് ലാഭത്തിൽ എത്തിയതെന്ന പ്രത്യേകതയും ഉണ്ട്. കൂടാതെ പുതിയതായി ആരംഭിച്ച കെഎസ്ആർടിസിയുടെ ട്രാവൽ കാർഡും ഇതിൽ ഉപയോഗിക്കുന്നു. 50 ഇലക്ട്രിക് ബസുകൾ നിരത്തിൽ ഇറങ്ങുമ്പോൾ ശരാശരി 50 ലക്ഷം രൂപയ്ക്ക് മുകളിൽ ഡീസൽ ചിലവിൽ കെഎസ്ആർടിസിക്ക് ലാഭം ഉണ്ടാകുമെന്നെന്നാണ് കണക്ക് കൂട്ടൽ.
Rate this item
(0 votes)
Pothujanam

Pothujanam lead author

Latest from Pothujanam