Print this page

തിയേറ്ററിലെത്തുന്നത് ആദ്യം, എം.എല്‍.എയ്‌ക്കൊപ്പം സിനിമ കണ്ടതിന്റെ ത്രില്ലില്‍ കുട്ടികള്‍

First to reach the theater, the kids are thrilled to watch the movie with MLA First to reach the theater, the kids are thrilled to watch the movie with MLA
'ഒരിക്കലും മറക്കാനാകാത്തൊരു ശിശുദിനമാണിത്, ഞാനുമെന്റെ കൂട്ടുകാരും വളരെ ഹാപ്പിയാണ് ' - പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി ദൃഷ്ണക്ക്, ഓര്‍മ വച്ചതിന് ശേഷമുള്ള ആദ്യ സിനിമാനുഭവം പറയുമ്പോള്‍ നൂറുനാവ്. ഇതുവരെ കിട്ടാത്ത അവസരം ലഭിച്ച സന്തോഷം പങ്കുവെച്ച് വാചാലരാവുകയാണ് അഞ്ജിതയും ലക്ഷ്മിയും ദര്‍ശനയും അവരുടെ കൂട്ടുകാരും. ആദ്യമായി വലിയ സ്‌ക്രീനില്‍ സിനിമ കണ്ടതിന്റെ അത്ഭുതമായിരുന്നു പലരുടെയും മുഖത്ത്. തിയേറ്ററിലെ ആദ്യസിനിമാനുഭവം എം.എല്‍.എയ്‌ക്കൊപ്പമായത് ആവേശം വര്‍ധിപ്പിച്ചു. സിനിമാ തിയേറ്ററിലെ എസ്‌കലേറ്ററും കുട്ടികള്‍ക്ക് നവ്യാനുഭവമായി. പട്ടികവര്‍ഗ വികസന വകുപ്പിന് കീഴിലെ കട്ടേല ഡോ.അംബ്ദേകര്‍ മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥിനികള്‍ക്കായി കടകംപള്ളി സുരേന്ദ്രന്‍ എം.എല്‍.എയുടെ നേതൃത്വത്തിലൊരുക്കിയ പ്രത്യേക സിനിമാ പ്രദര്‍ശനത്തിലാണ് ഈ വേറിട്ട കാഴ്ചകള്‍. അഞ്ച് മുതല്‍ പന്ത്രണ്ടാം ക്ലാസുവരെയുള്ള നാന്നൂറോളം കുട്ടികളാണ് എം.എല്‍.എയ്‌ക്കൊപ്പം തിരുവനന്തപുരം ഏരീസ് പ്ലക്‌സ് തിയേറ്ററില്‍ 'ജയജയജയജയഹേ' സിനിമ കണ്ടത്.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പട്ടികവര്‍ഗ- പട്ടികജാതി വിഭാഗത്തില്‍ ഉള്‍പ്പെടുന്നതടക്കമുള്ള കുട്ടികളാണ് കട്ടേല മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളില്‍ താമസിച്ച് പഠിക്കുന്നത്. അട്ടപ്പാടി, വയനാട് ആദിവാസി ഊരുകളില്‍ നിന്നുമുള്ള കുട്ടികളില്‍ പലരും ഇതുവരേയും തിയേറ്ററില്‍ സിനിമ കണ്ടിരുന്നില്ല. വലിയ സ്‌ക്രീനില്‍ സിനിമ കാണണമെന്ന കുട്ടികളുടെ ആഗ്രഹം സ്‌കൂളിലെ പ്രധാനാധ്യാപികയാണ് കടകംപള്ളി സുരേന്ദ്രന്‍ എം.എല്‍.എയെ അറിയിച്ചത്. തുടര്‍ന്ന് എം.എല്‍.എ തിയേറ്റര്‍ അധികൃതരെ ബന്ധപ്പെടുകയും കുട്ടികള്‍ക്ക് വേണ്ടി ശിശുദിനത്തില്‍ പ്രത്യേക പ്രദര്‍ശനം ഒരുക്കുകയുമായിരുന്നു. കുട്ടികള്‍ക്കൊപ്പം സിനിമ കാണാന്‍ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ബിജു കലാവേദി, അരുണ്‍ സോള്‍, നോബി, കനകം തുടങ്ങിയ താരങ്ങളുമെത്തിയിരുന്നു. ശിശുദിനം അവിസ്മരണീയമാക്കിയതിന്റെ ത്രില്ലിലാണ് കുട്ടികള്‍. ആദ്യ സിനിമാനുഭവം ഗംഭീരമായതിന്റെ സന്തോഷത്തിലും സ്‌ക്രീനില്‍ നിറഞ്ഞ തമാശകളിലും അവര്‍ മതിമറന്നു ചിരിച്ചു.
Rate this item
(0 votes)
Pothujanam

Pothujanam lead author

Latest from Pothujanam