Print this page

വന്‍ ജനപങ്കാളിത്തത്തോടെ ക്ലീന്‍ മൂന്നാര്‍ ഗ്രീന്‍ മൂന്നാര്‍ കാമ്പയിന്‍

Clean Munnar Green Munnar Campaign with huge public participation Clean Munnar Green Munnar Campaign with huge public participation
നവകേരളം കര്‍മപദ്ധതിയുടെ ഭാഗമായി ഹരിതകേരളം മിഷനും മൂന്നാര്‍ ഗ്രാമപഞ്ചായത്തും സംയുക്തമായി സംഘടിപ്പിച്ച ക്ലീന്‍ മൂന്നാര്‍ ഗ്രീന്‍ മൂന്നാര്‍ കാമ്പയിന്‍ പ്രവര്‍ത്തനം ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. മൂന്നാര്‍ ഗ്രാമപഞ്ചായത്ത് പരിധിയില്‍ ശാസ്ത്രീയ മാര്‍ഗ്ഗങ്ങളിലൂടെയുള്ള മാലിന്യ സംസ്‌കരണവും ബോധവല്‍ക്കരണവും ലക്ഷ്യമിട്ടാണ് ഇന്ന് (10-11-2022) കാമ്പയിന്‍ നടന്നത്. വിവിധ സംഘടനകളുടെയും ഏജന്‍സികളുടെയും സഹകരണത്തോടെ നടന്ന കാമ്പയിന് ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികള്‍, ഗ്രാമപഞ്ചായത്ത് ശുചീകരണ തൊഴിലാളികള്‍, ഹരിതകര്‍മ്മസേന, പഞ്ചായത്ത് ഉദ്യോഗസ്ഥര്‍, ഹരിതകേരളം റിസോഴ്‌സ് പേഴ്‌സണ്‍മാര്‍ എന്നിവര്‍ നേതൃത്വം നല്‍കി. യു.എന്‍.ഡി.പി ഇന്ത്യ ഹൈറേഞ്ച് മൗണ്ടന്‍ ലാന്റ്‌സ്‌കേപ് പദ്ധതിയുടെ ഭാഗമായിട്ടാണ് മൂന്നാര്‍ ഗ്രാമപഞ്ചായത്തില്‍ സമഗ്ര മാലിന്യ പരിപാലനം കാമ്പയിന് തുടക്കമിട്ടത്. നാല് പേര്‍ വീതമുള്ള 45 ക്ലസ്റ്ററുകള്‍ രൂപീകരിച്ച് വീടുകള്‍, കടകള്‍, കോളനികള്‍ എന്നിവിടങ്ങളില്‍ എല്ലാം സന്ദര്‍ശനം നടത്തി ലഘുലേഖകളും, ബ്രോഷറുകളും വിതരണം ചെയ്തു. ശുചിത്വവും മാലിന്യ സംസ്‌കരണവും സംബന്ധിച്ച് ജനങ്ങളോട് നേരിട്ട് സംവദിച്ചും ആശയവിനിമയം നടത്തിയുമാണ് കാമ്പയിന്‍ പുരോഗമിച്ചത്. ജൈവമാലിന്യങ്ങളും അജൈവമാലിന്യങ്ങളും വെവ്വേറെ തരംതിരിച്ച് ഹരിതകര്‍മ്മസേനയ്ക്ക് കൈമാറണമെന്ന് പ്രത്യേകം നിഷ്‌കര്‍ഷിച്ചു. ഇതോടനുബന്ധിച്ച് ഉച്ചയ്ക്ക് ശേഷം മൂന്നാര്‍ ഗ്രാമപഞ്ചായത്ത് പരിധിയിലും സമീപത്തുമുള്ള എട്ട് സ്‌കൂളുകളില്‍ ടോക് ഷോ നടത്തി. എല്ലാ ക്ലാസ്സുകളിലും സംഘടിപ്പിച്ച പരിപാടി കുട്ടികളില്‍ ചെറുപ്രായത്തില്‍ തന്നെ ശുചിത്വബോധം വളര്‍ത്താന്‍ ലക്ഷ്യമിട്ടായിരുന്നു. തുടര്‍ന്ന് വ്യക്തിശുചിത്വവും പരിസരശുചിത്വവും പാലിക്കുന്നതില്‍ സാമൂഹിക പ്രതിബദ്ധതയോടെയുള്ള സമീപനം സ്വീകരിക്കാന്‍ കുട്ടികള്‍ക്ക് മാര്‍ഗ്ഗ നിര്‍ദ്ദേശം നല്‍കി. ഹരിതകേരളം മിഷന്‍ സംസ്ഥാന ഓഫീസ്, ഇടുക്കി, കോട്ടയം, പത്തനംതിട്ട, എറണാകുളം ജില്ലാ ഓഫീസ് എന്നിവിടങ്ങളില്‍നിന്നുള്ള ഉദ്യോഗസ്ഥരും, റിസോഴ്‌സ് പേഴ്‌സണ്‍മാരും, ഇന്റേണ്‍ഷിപ്പിലുള്ളവരുമായ 80 പേര്‍ ടോക് ഷോയില്‍ ക്ലാസ്സുകള്‍ നയിച്ചു.
സംസ്ഥാനത്തെ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ ഹരിതടൂറിസം ഉറപ്പാക്കുന്ന പ്രവര്‍ത്തനങ്ങളിലെ മികച്ച കാല്‍വെപ്പാണ് 'ക്ലീന്‍ മൂന്നാര്‍ ഗ്രീന്‍ മൂന്നാര്‍' കാമ്പയിന്‍ എന്ന് നവകേരളം കര്‍മപദ്ധതി സംസ്ഥാന കോര്‍ഡിനേറ്റര്‍ ഡോ.ടി.എന്‍.സീമ അഭിപ്രായപ്പെട്ടു. മൂന്നാറിന്റെ വൃത്തിയും സൗന്ദര്യവും നിലനിര്‍ത്താന്‍ ജൈവ-അജൈവ മാലിന്യങ്ങള്‍ വെവ്വേറെ തരംതിരിച്ച് ശാസ്ത്രീയമായി സംസ്‌കരിക്കാന്‍ ഉതകുന്ന പ്രത്യേക പരിശീലന പരിപാടികള്‍ തുടര്‍ന്നും മൂന്നാര്‍ പഞ്ചായത്തില്‍ സംഘടിപ്പിക്കുമെന്നും ഡോ.ടി.എന്‍.സീമ പറഞ്ഞു.
Rate this item
(0 votes)
Pothujanam

Pothujanam lead author

Latest from Pothujanam