Print this page

വെറ്റിലപ്പാറ കുടുംബാരോഗ്യ കേന്ദ്രം സമഗ്ര വികസനത്തിന് 1 കോടി: മന്ത്രി വീണാ ജോര്‍ജ്

മാതൃകാ കുടുംബാരോഗ്യ കേന്ദ്രമാക്കുക ലക്ഷ്യം
തിരുവനന്തപുരം: തൃശൂര്‍ ജില്ലയിലെ ആതിരപ്പള്ളി മേഖലയോട് ചേര്‍ന്ന വെറ്റിലപ്പാറ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ സമഗ്ര വികസനത്തിന് ഒരു കോടി രൂപ അനുവദിക്കാന്‍ തീരുമാനമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ആദിവാസി മേഖലയോട് ചേര്‍ന്ന് കിടക്കുന്ന വെറ്റിലപ്പാറയെ മാതൃകാ കുടുംബാരോഗ്യ കേന്ദ്രമാക്കാനാണ് ലക്ഷ്യമിടുന്നത്. നൂല്‍പ്പുഴ മാതൃകയില്‍ വിപുലമായ സൗകര്യങ്ങളൊരുക്കും. എത്രയും വേഗം ഭരണാനുമതി ലഭ്യമാക്കാനുള്ള നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
പ്രസവത്തോടനുബന്ധിച്ചുള്ള പരിചരണത്തിനും ശുശ്രൂഷയ്ക്കും താമസത്തിനുമായുള്ള മെറ്റേണിറ്റി ഹബ്ബ്, പോഷകാഹാര കുറവ് പരിഹരിക്കുന്നതിനുള്ള ന്യൂട്രീഷ്യന്‍ കേന്ദ്രം, ലഹരി വിമുക്തി ക്ലിനിക്, മാതൃകാ വയോജന പരിപാലന കേന്ദ്രം, മികച്ച എമര്‍ജന്‍സി കെയര്‍ സൗകര്യം, കുടംബാരോഗ്യ കേന്ദ്രത്തിന്റെ ഭാഗമായുള്ള ജീവിതശൈലീ ക്ലിനിക്കുകള്‍, ലാബ്, ആര്‍ദ്രം സേവനങ്ങള്‍ എന്നിവയുള്‍പ്പെടെ സജ്ജമാക്കിയാണ് വെറ്റിലപ്പാറ കുടുംബാരോഗ്യ കേന്ദ്രത്തെ മാതൃകാ കേന്ദ്രമാക്കി മാറ്റുന്നത്. രോഗികള്‍ക്ക് ആശുപത്രിയില്‍ പേപ്പര്‍ രഹിത സേവനം ഉറപ്പാക്കുന്നതിന് ഇ ഹെല്‍ത്ത് സംവിധാനം നടപ്പിലാക്കുന്നതാണ്. ഇതിലൂടെ ക്യൂ നില്‍ക്കാതെ ഓണ്‍ലൈനായി ഒപി ടിക്കറ്റും ടോക്കണും എടുക്കാന്‍ സാധിക്കുന്നതാണ്.
ഈ പദ്ധതി യാഥാര്‍ത്ഥ്യമാകുന്നതോടെ ആദിവാസികള്‍, തോട്ടം തൊഴിലാളികള്‍, വിനോദസഞ്ചാരികള്‍ തുടങ്ങിയ മുഴുവന്‍ ജനങ്ങള്‍ക്കും ഈ കുടുംബാരോഗ്യ കേന്ദ്രം ഏറെ സഹായകരമാകും. വെറ്റിലപ്പാറ പ്രാഥമികാരോഗ്യ കേന്ദ്രത്തെ കുടുംബാരോഗ്യ കേന്ദ്രമാക്കി സര്‍ക്കാര്‍ ഉയര്‍ത്തിയിരുന്നു. അതിന്റെ ഭാഗമായുള്ള കെട്ടിട നിര്‍മ്മാണം പൂര്‍ത്തിയായി. പുതുതായി അനുവദിക്കുന്ന ഈ തുകയിലൂടെ വലിയ വികസന പ്രവര്‍ത്തനങ്ങള്‍ സാധ്യമാകുന്നതാണ്. ഇത് യാഥാര്‍ത്ഥ്യമാകുന്നതോടെ ചികിത്സയ്ക്കായി ദീര്‍ഘദൂരം സഞ്ചരിക്കേണ്ടി വരുന്ന അവസ്ഥയ്ക്ക് മാറ്റം വരുമെന്നും മന്ത്രി വ്യക്തമാക്കി.
Rate this item
(0 votes)
Pothujanam

Pothujanam lead author

Latest from Pothujanam