Print this page

നിര്‍മ്മാണ പ്രവര്‍ത്തികളില്‍ പുരോഗതിയില്ലാത്ത എസ്.പി.വി.കളെ മാറ്റുന്നത് ആലോചിക്കും: മന്ത്രി വീണാ ജോര്‍ജ്

Will consider transfer of SPVs with no progress in construction works: Minister Veena George Will consider transfer of SPVs with no progress in construction works: Minister Veena George
കാസര്‍ഗോഡ് മെഡിക്കല്‍ കോളേജ് ഉള്‍പ്പെടെയുള്ള ആശുപത്രികളുടെ നിര്‍മ്മാണ പ്രവര്‍ത്തികള്‍ അടിയന്തര പ്രധാന്യത്തോടെ പൂര്‍ത്തിയാക്കണം
കിഫ്ബി പദ്ധതികളുടെ പ്രവര്‍ത്തി പുരോഗതി വിലയിരുത്തി
തിരുവനന്തപുരം: സംസ്ഥാനത്ത് കിഫ്ബി ധനസഹായത്തോടെ ആരോഗ്യ മേഖലയില്‍ നടപ്പിലാക്കി വരുന്ന വിവിധ പദ്ധതികളുടെ പ്രവര്‍ത്തി പുരോഗതി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ വിലയിരുത്തി. ആശുപത്രികളില്‍ നടന്നുവരുന്ന നിര്‍മ്മാണ പ്രവര്‍ത്തികള്‍ വേഗത്തിലാക്കാനും സമയബന്ധിതമായി പൂര്‍ത്തിയാക്കാനും മന്ത്രി നിര്‍ദേശം നല്‍കി. ആശുപത്രികളുടെ വികസനം എത്രയും വേഗം സാധ്യമാക്കുന്നതിന് നിര്‍മ്മാണ പ്രവര്‍ത്തികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കേണ്ടതുണ്ട്. നിര്‍മ്മാണ പ്രവര്‍ത്തികള്‍ക്ക് തടസമായ വിഷയങ്ങള്‍ ഇടപെട്ട് പരിഹരിക്കാനും മന്ത്രി നിര്‍ദേശം നല്‍കി. നിര്‍മ്മാണ പ്രവര്‍ത്തികളില്‍ പുരോഗതിയില്ലാത്ത എസ്.പി.വി.കളെ മാറ്റുന്നത് ആലോചിക്കുമെന്ന് മന്ത്രി പറഞ്ഞു.
ആരോഗ്യ വകുപ്പിന് കീഴിലുള്ള ആശുപത്രികളുടേയും മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള മെഡിക്കല്‍ കോളേജുകളുടേയും വെവ്വേറെ യോഗങ്ങളാണ് കൂടിയത്. വിവിധ ആരോഗ്യ സ്ഥാപനങ്ങളില്‍ നടപ്പാക്കി വരുന്ന വികസന പദ്ധതികളുടെ എസ്.പി.വി.കളായ ഇന്‍കല്‍, കെ.എച്ച്.ആര്‍.ഡബ്ല്യു.എസ്., കെ.എസ്.ഇ.ബി., ബി.എസ്.എന്‍.എല്‍., കിറ്റ്‌കോ, ഹൈറ്റ്‌സ് എന്നിവയുമായാണ് മന്ത്രി ചര്‍ച്ച നടത്തിയത്. നിര്‍മ്മാണ പ്രവര്‍ത്തികളിലെ കാലതാമസം ഒഴിവാക്കാന്‍ കൃത്യമായി ഇടപെടണമെന്ന് എസ്.പി.വി.കള്‍ക്ക് മന്ത്രി നിര്‍ദേശം നല്‍കി.
കാസര്‍ഗോഡ് ജില്ലയില്‍ മെഡിക്കല്‍ കോളേജ് ഉള്‍പ്പെടെയുള്ള ആശുപത്രികളില്‍ നടന്നു വരുന്ന നിര്‍മ്മാണ പ്രവര്‍ത്തികള്‍ അടിയന്തര പ്രാധാന്യത്തോടെ പൂര്‍ത്തിയാക്കേണ്ടതാണ്. പുതുതായി അനുമതി ലഭ്യമായ കോന്നി, ഇടുക്കി മെഡിക്കല്‍ കോളേജുകളിലെ ഹോസ്റ്റല്‍ കെട്ടിടം സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ നിര്‍ദേശം നല്‍കി. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഉള്‍പ്പെടെ നടക്കുന്ന മാസ്റ്റര്‍ പ്ലാനിന്റെ ഭാഗമായുള്ള നിര്‍മ്മാണ പ്രവര്‍ത്തികളും യോഗം വിലയിരുത്തി.
ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. ആശ തോമസ്, ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ടിങ്കു ബിസ്വാള്‍, ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ. മീനാക്ഷി, മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ ഡോ. തോമസ് മാത്യു, ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍, കിഫ്ബി ഉദ്യോഗസ്ഥര്‍, മെഡിക്കല്‍ കോളേജ്, മറ്റാശുപത്രി സൂപ്രണ്ടുമാര്‍, നിര്‍മ്മാണ പ്രവര്‍ത്തികളുമായി ബന്ധപ്പെട്ട എസ്.പി.വി. പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.
Rate this item
(0 votes)
Pothujanam

Pothujanam lead author

Latest from Pothujanam