Print this page

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ അത്യപൂര്‍വ ശസ്ത്രക്രിയ വിജയം

Emergency surgery success in Thiruvananthapuram Medical College Emergency surgery success in Thiruvananthapuram Medical College
അഡ്രിനല്‍ ഗ്രന്ഥിയിലെ ട്യൂമര്‍ താക്കോല്‍ദ്വാര ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു
തിരുവനന്തപുരം: തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ അഡ്രിനല്‍ ഗ്രന്ഥിയില്‍ ട്യൂമര്‍ ബാധിച്ച രോഗിയ്ക്ക് നടത്തിയ അത്യപൂര്‍വ താക്കോല്‍ ദ്വാര ശസ്ത്രക്രിയ (ലാപ്പറോസ്‌കോപ്പി) വിജയം. വന്‍കിട സ്വകാര്യ ആശുപത്രികളില്‍ മാത്രം ചെയ്യുന്ന സങ്കീര്‍ണ ശസ്ത്രക്രിയയാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സാധ്യമാക്കിയത്.
വിജയകരമായി ശസ്ത്രക്രിയ പൂര്‍ത്തിയാക്കിയ മുഴുവന്‍ ടീം അംഗങ്ങളേയും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അഭിനന്ദിച്ചു. സ്വകാര്യ ആശുപത്രികളില്‍ 5 ലക്ഷത്തിലധികം രൂപ ചെലവു വരുന്ന ശസ്ത്രക്രിയയാണ് തികച്ചും സൗജന്യമായി ചെയ്തുകൊടുത്തത്. കഴിഞ്ഞ ദിവസമാണ് ഭര്‍ത്താവിന്റെ വെട്ടേറ്റ് അറ്റുപോയ യുവതിയുടെ കൈപ്പത്തി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ തുന്നിച്ചേര്‍ത്തത്. സ്വകാര്യ ആശുപത്രിയില്‍ പത്തര ലക്ഷം രൂപ ആവശ്യപ്പെട്ട ചികിത്സയാണ് ഇവിടെ പൂര്‍ണമായും സൗജന്യമായി നല്‍കിയതെന്നും മന്ത്രി വ്യക്തമാക്കി.
തിരുവനന്തപുരം സ്വദേശിയായ 50 വയസുകാരന്‍ വയറു വേദനയുമായാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിയത്. വയറിന്റെ ഇടതു ഭാഗത്ത് വേദനയും ഉയര്‍ന്ന രക്തസമ്മര്‍ദ്ദവുമുണ്ടായിരുന്നു. യൂറോളജി വിഭാഗത്തിലും എന്‍ഡോക്രൈനോളജി വിഭാഗത്തിലും നടത്തിയ പരിശോധനയിലാണ് ഇടത് അഡ്രിനല്‍ ഗ്രന്ഥിയില്‍ ഹോര്‍മോണായ കോര്‍ട്ടിസോള്‍ ഉത്പാദിപ്പിക്കുന്ന ട്യൂമര്‍ കണ്ടെത്തിയത്. അഡ്രിനല്‍ ഗ്രന്ഥിയുടെ സൂക്ഷ്മമായ രക്തപരിശോധനയില്‍ രക്തത്തിലെ കോര്‍ട്ടിസോള്‍ അളവ് കൂടുതലാണെന്ന് സ്ഥിരീകരിച്ചു.
തുടര്‍ന്നു നടന്ന ഡെക്‌സാറമെത്തസോള്‍ സപ്രഷന്‍ ടെസ്റ്റില്‍ സാധാരണക്കാരില്‍ നിന്നും വ്യത്യസ്ഥമായി അഡ്രിനല്‍ ഗ്രന്ഥിയില്‍ ഉയര്‍ന്നതോതില്‍ കോര്‍ട്ടിസോള്‍ ഹോര്‍മോണ്‍ ഉത്പാദിപ്പിക്കപ്പെടുന്നതായി കണ്ടെത്തി. ഇത് ട്യൂമറിന്റെ സാന്നിദ്ധ്യം ഉറപ്പിക്കുന്നതായിരുന്നു. രോഗിക്ക് ഏറ്റവും അനുയോജ്യമാണെന്ന് കണ്ടെത്തിയ താക്കോല്‍ദ്വാര ശസ്ത്രക്രിയ തെരഞ്ഞെടുക്കുകയായിരുന്നു. രണ്ട് മണിക്കൂര്‍ നീണ്ട താക്കോല്‍ദ്വാര ശസ്ത്രക്രിയിലൂടെ അഡ്രിനല്‍ ട്യൂമര്‍ നീക്കം ചെയ്തു. തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുന്ന രോഗി സുഖം പ്രാപിച്ചുവരുന്നതായി ഡോക്ടര്‍മാര്‍ അറിയിച്ചു.
യൂറോളജി വിഭാഗത്തിലെ ഡോ. പി.ആര്‍. സാജുവിന്റെ നേതൃത്വത്തില്‍ നടന്ന ശസ്ത്രക്രിയ്ക്ക് ഡോ. എം.കെ. മനു, ഡോ. തമോഘ്‌ന, ഡോ. ഋതുരാജ് ചൗധരി, ഡോ. ലിംഗേഷ്, ഡോ. സുമന്‍ എന്നിവര്‍ക്കൊപ്പം അനസ്‌തേഷ്യ വിഭാഗത്തിലെ ഡോ. ഹരി, ഡോ. രാഖിന്‍, ഡോ. അയിഷ എന്നിവര്‍ നേതൃത്വം നല്‍കി. നഴ്‌സുമാരായ മായ, രമ്യ, ബ്ലെസി എന്നിവരും ശസ്ത്രക്രിയയില്‍ പങ്കാളികളായി.
Rate this item
(0 votes)
Pothujanam

Pothujanam lead author

Latest from Pothujanam