Print this page

തെരുവുനായ പ്രശ്‌നം: സമഗ്രപദ്ധതിയുമായി തിരുവനന്തപുരം ജില്ലാ പഞ്ചായത്ത്

By September 16, 2022 272 0
തിരുവനന്തപുരം: തെരുവുനായ പ്രശ്‌നത്തില്‍ പരിഹാര നടപടികള്‍ ഊര്‍ജിതമാക്കാന്‍ സമഗ്രപദ്ധതിയുമായി തിരുവനന്തപുരം ജില്ലാ പഞ്ചായത്ത്. തെരുവുനായകള്‍ക്കുള്ള പ്രതിരോധകുത്തിവെപ്പ്, വന്ധ്യംകരണം, മാലിന്യ നിര്‍മാര്‍ജനം തുടങ്ങിയ വിഷയങ്ങളില്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നടപടിയെടുക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ്‌കുമാറിന്റെ അധ്യക്ഷതയില്‍ നടന്ന, തദ്ദേശസ്ഥാപന പ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തിലാണ് തീരുമാനം. നായപിടിത്തക്കാരുടെ സഹായത്തോടെ തെരുവുനായകള്‍ക്കുള്ള പ്രതിരോധ കുത്തിവെപ്പ് അടിയന്തരമായി ആരംഭിക്കും. ജില്ലയില്‍ പരിശീലനം ലഭിച്ച 40 നായപിടിത്തക്കാരാണ് നിലവിലുള്ളത്. ഇത്കൂടാതെ പുതുതായി തരെഞ്ഞെടുക്കപ്പെട്ട 100 നായപിടിത്തക്കാര്‍ക്കുള്ള പരിശീലനം ഉടന്‍ ആരംഭിക്കും. വളര്‍ത്തുനായകള്‍ക്കുള്ള ലൈസന്‍സ് നിര്‍ബന്ധമാക്കാനും ഒക്ടോബര്‍ 20 നകം ഇത് പൂര്‍ത്തീകരിക്കാനും തീരുമാനിച്ചു.

വന്ധ്യംകരണം ഊര്‍ജ്ജിതമാക്കുന്നതിന് ജില്ലയില്‍ അഞ്ചിടങ്ങളില്‍ വന്ധ്യംകരണ കേന്ദ്രങ്ങള്‍ക്കായുള്ള അടിസ്ഥാന സൗകര്യം ഒരുക്കും. നെടുമങ്ങാട് വെറ്റിനറി പോളിക്ലിനിക്ക്, പെരുങ്കടവിള, ചെമ്മരുതി, വക്കം, പാങ്ങോട് വെറ്റിനറി ഡിസ്‌പെന്‍സറികള്‍ എന്നിവിടങ്ങളിലാണ് വന്ധ്യംകരണ കേന്ദ്രങ്ങള്‍ ഒരുക്കുക. ഇതിനായി ചെലവ് വരുന്ന തുകയുടെ 50 ശതമാനം ജില്ലാ പഞ്ചായത്തും ബാക്കി ബ്ലോക്ക് പഞ്ചായത്തുകളും ഗ്രാമ പഞ്ചായത്തുകളും തുല്യമായും വഹിക്കും. വന്ധ്യംകരണ കേന്ദ്രങ്ങളുടെ ദൈംനംദിന ചെലവുകള്‍ അതത് പഞ്ചായത്തുകള്‍ വഹിക്കാനും തീരുമാനിച്ചു. പദ്ധതി നടത്തിപ്പിലെ കൃത്യത ഉറപ്പുവരുത്താന്‍ തദ്ദേശഭരണ സ്ഥാപനങ്ങളില്‍ നിരീക്ഷണ സമിതിയും ഉണ്ടാകും.

തെരുവുനായകളെ അകറ്റാന്‍ മാലിന്യനിര്‍മാര്‍ജ്ജനം കാര്യക്ഷമമായി നടപ്പാക്കാനും പഞ്ചായത്തുകള്‍ക്ക് യോഗത്തില്‍ നിര്‍ദ്ദേശം നല്‍കി. പഞ്ചായത്ത് തലത്തില്‍ സ്‌കൂളുകള്‍, റസിഡന്‍സ് അസോസിയേഷനുകള്‍, മൃഗസ്‌നേഹികളുടെ സംഘടനകള്‍ എന്നിവ കേന്ദ്രീകരിച്ച് ബോധവല്‍കരണം നടത്താനും തീരുമാനിച്ചു.

ജില്ലാ കളക്ടര്‍ ജെറോമിക് ജോര്‍ജിന്റെ സാന്നിധ്യത്തില്‍ ജില്ലാ പഞ്ചായത്ത് ഓഫീസില്‍ നടന്ന യോഗത്തില്‍ തദ്ദേശസ്ഥാപന പ്രതിനിധികള്‍, ജില്ലാ പ്ലാനിംഗ് ഓഫീസര്‍, ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍, കുടുംബശ്രീ മിഷന്‍ ജില്ലാ കോ ഓര്‍ഡിനേറ്റര്‍, ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍, ജില്ലാ ആസൂത്രണ സമിതി അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Rate this item
(0 votes)
Author

Latest from Author