Print this page

മഴ ശക്തമായി ; പത്തനംതിട്ടയിലും കോട്ടയത്തും വെള്ളം കയറി, 9 ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്തമഴ തുടരുന്ന സാഹചര്യത്തിൽ 9 ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസ‍ർകോട് ജില്ലകളിലാണ് ഇന്ന് യെല്ലോ അലേർട്ട്.
ബംഗാൾ ഉൾക്കടലിൽ തമിഴ്‌നാടിന് കിഴക്കായി സ്ഥിതി ചെയ്യുന്ന ചക്രവാത ചുഴിയാണ് കനത്തമഴയ്ക്ക് കാരണം. ശക്തമായ മഴക്കൊപ്പം ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി.

കഴിഞ്ഞ രാത്രി പെയ്ത മഴയിൽ പത്തനംതിട്ടയിലും കോട്ടയത്തും താഴ്ന്ന പ്രദേശങ്ങളിൽ വെള്ളംകയറി. ചെറു തോടുകൾ കരകവിഞ്ഞ് റോഡുകളിലും വ്യാപാര സ്ഥാപങ്ങളിലും വെള്ളം കയറി. ചുങ്കപ്പറ ടൗണിൽ വ്യാപാര സ്ഥാപനങ്ങളിൽ വെള്ളം കയറി. വെണ്ണിക്കുളം – വാളക്കുഴി റോഡിൽ വെള്ളക്കെട്ട് തുടരുകയാണ്. ലക്ഷകണക്കിന് രൂപയുടെ നാശനഷ്ടമാണുണ്ടായിട്ടുള്ളത്.ഗോഡൗണുകളിൽ വെള്ളം കയറിയതോടെ ഭക്ഷ്യധാന്യങ്ങൾ നശിച്ചു. കൃഷിയിടങ്ങളിൽ വെള്ളം കയറിയതോടെ ഓണത്തിനുള്ള പച്ചക്കറികൃഷിയും നശിച്ചു.

പത്തനംതിട്ട പെരിങ്ങമലയിൽ വെള്ളം ഉയർന്നതോടെ വയലിൽ കെട്ടിയിരുന്ന പോത്ത് മുങ്ങിചത്തു. ഇവിടെ കേരഫെഡ് സംഭരണ കേന്ദ്രത്തിൽ വെള്ളം കയറി. മല്ലപ്പള്ളി, ചുങ്കപ്പാറ, റാന്നി അയിരൂർ കോഴഞ്ചേരി, നാരങ്ങാനം എന്നിവിടങ്ങളിലാണ് കൂടുതൽ മഴ പെയ്തത്. നദികളിലെ ജലനിരപ്പിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. പലയിടങ്ങളിലും വെള്ളം കയറി റോഡ് ഗതാഗതം തടസ്സപ്പെട്ടു.കോട്ടയത്തും ഇന്നലെ രാത്രി മുതൽ ശക്തമായ മഴ ആണ്. നെടുംകുന്നം നെടുമണിയിൽ തോട് കര കവിഞ്ഞൊഴുകി. പാലം മുങ്ങി ഗതാഗതം തടസപ്പെട്ടു. നെടുംകുന്നം പഞ്ചായത്തിലെ നെടുമണി പാലമാണ് മുങ്ങിയത്. തോട് വഴി മാറി ഒഴുകി. കറുകച്ചാൽ മണിമല റൂട്ടിൽ വെള്ളം കയറി ഗതാഗത തടസം ഉണ്ടായി.

കേരള തീരത്ത് ആഗസ്റ്റ് 29 മുതൽ സെപ്റ്റംബർ 1 വരെയും, ലക്ഷദ്വീപ് തീരത്ത് ആഗസ്റ്റ് 28 മുതൽ സെപ്റ്റംബർ 1 വരെയും മല്‍സ്യബന്ധനത്തിനു പോകാന്‍ പാടുള്ളതല്ല എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.ഈ തീരങ്ങഴിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റര്‍ വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.
Rate this item
(0 votes)
Author

Latest from Author