Print this page

ജൻഡർ ന്യൂട്രൽ യൂണിഫോം, മിക്സഡ് സ്കൂൾ എന്നിവ അടിച്ചേൽപ്പിക്കുന്നത് സർക്കാർ നയമല്ല;ആവർത്തിച്ച് മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം: ജൻഡർ ന്യൂട്രൽ യൂണിഫോം, മിക്സഡ് സ്കൂൾ എന്നിവ അടിച്ചേൽപ്പിക്കുന്നത് സർക്കാർ നയമല്ലെന്ന് ആവർത്തിച്ച് മന്ത്രി വി ശിവൻകുട്ടി. ആൺകുട്ടിക്കളെയും പെൺകുട്ടികളെയും ഒരുമിച്ചിരുത്തി പഠിപ്പിക്കുമെന്ന് ഒരിടത്തും പറഞ്ഞിട്ടില്ല. മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി ആൺകുട്ടിയും പെൺകുട്ടിയും ഒരുമിച്ചിരുന്നാൽ എന്ത് പ്രശ്നം ഉണ്ടാകും എന്നാണ് ചോദിച്ചത്. അങ്ങിനെയാണ് ലിംഗ തുല്യത വരുത്തേണ്ടത് എന്ന നിലപാടുമില്ല.തിരുവനന്തപുരം മോഡൽ സ്കൂളിൽ പ്ലസ് വൺ വിദ്യാർത്ഥികളെ വരവേൽക്കാൻ എത്തിയ മന്ത്രി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.

ഇക്കാര്യങ്ങളിൽ മുഖ്യമന്ത്രി കാര്യങ്ങൾ വിശദീകരിച്ചതാണ്. ജൻഡർ ന്യൂട്രൽ യൂണിഫോം, മിക്സഡ് സ്കൂൾ എന്നിവ അനുവദിക്കാനുള്ള ആവശ്യം ഉണ്ടാകേണ്ടത് സ്കൂൾ തലത്തിലാണ്. സ്കൂൾ അധികൃതരും പി ടി എയും ബന്ധപ്പെട്ട തദ്ദേശ ഭരണ സ്ഥാപനവും ചേർന്നു വേണം ഇക്കാര്യത്തിൽ തീരുമാനമെടുക്കാൻ. ഇങ്ങിനെ തീരുമാനമെടുത്തതിന് ശേഷം പൊതുവിദ്യാഭ്യാസ വകുപ്പിന്റെ അനുമതി തേടണം. അപേക്ഷ ലഭിച്ചാൽ വകുപ്പ് പരിശോധിച്ച് മാത്രമാണ് അനുമതി നൽകുക എന്നും മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി.
പ്ലസ് വൺ വിദ്യാർത്ഥികളെ വരവേൽക്കാൻ മന്ത്രി നേരിട്ട് ഇന്ന് തിരുവനന്തപുരം സെന്റ് മേരീസ് സ്‌കൂളിലും സന്ദർശിച്ചു. പൊതുവിദ്യാഭ്യാസ ഡയറക്ടർ ജീവൻ ബാബു കെ ഐ എ എസും ഒപ്പമുണ്ടായിരുന്നു.

3,16,687 പേരാണ് ഇതുവരെ പ്ലസ് വൺ പ്രവേശനം നേടിയത്. സപ്ലിമെന്ററി അലോട്ട്മെന്റിന് ശേഷം സമിതി രൂപീകരിച്ച് സീറ്റും ബാച്ചും സംബന്ധിച്ച പരിശോധന ഉണ്ടാകുമെന്ന് മന്ത്രി വി ശിവൻകുട്ടി നേരത്തെ വ്യക്തമാക്കിയിരുന്നു.
Rate this item
(0 votes)
Author

Latest from Author