Print this page

സംപുഷ്ടീകരിക്കാത്ത അരി വിതരണം ചെയ്യാൻ തീരുമാനം

തിരുവനന്തപുരം: വയനാട് ജില്ലയിലെ സിക്കിൾ സെൽ അനീമിയ, തലാസിയ രോഗബാധിതരുള്ള കുടുംബങ്ങളുടെ വിവരം ആരോഗ്യ വകുപ്പിൽനിന്നു ശേഖരിച്ച് അവർക്ക് സംപുഷ്ടീകരിക്കാത്ത അരി വിതരണം ചെയ്യാൻ സിവിൽ സപ്ലൈസ് കമ്മിഷണറെ ചുമതലപ്പെടുത്തി. പൊതുവിതരണ സംവിധാനം വഴി വയനാട് ജില്ലയിൽ സംപുഷ്ടീകരിച്ച അരി വിതരണം ചെയ്യുന്നതുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ വയനാട് ജില്ലയിലെ എം.എൽ.എമാരുമായി ഭക്ഷ്യ – സിവിൽ സപ്ലൈസ് മന്ത്രി ജി.ആർ. അനിൽ നടത്തിയ ചർച്ചയിലാണു തീരുമാനം.

പോഷകാഹാരക്കുറവ് പരിഹരിക്കുന്നതിനുള്ള വിവിധ മാർഗങ്ങളുടെ ഭാഗമായാണു കേന്ദ്ര സർക്കാർ സംപുഷ്ടീകരണ പദ്ധതി ആരംഭിച്ചതെന്നും ആസ്പിരേഷണൽ ഡിസ്ട്രിക്റ്റ് എന്ന നിലയിൽ സംസ്ഥാനത്തു വയനാട്ടിലാണ് സംപുഷ്ടീകരിച്ച ഭക്ഷ്യധാന്യ വിതരണം ആരംഭിച്ചതെന്നും മന്ത്രി യോഗത്തിൽ വിശദീകരിച്ചു. ഇരുമ്പ്, ഫോളിക് ആസിഡ്, വിറ്റാമിൻ ബി-12 എന്നിവ ഭക്ഷ്യധാന്യങ്ങളിൽ കൃത്രിമമായി ചേർക്കുന്ന പ്രക്രിയയാണു സംപുഷ്ടീകരണം. ഇതു സംബന്ധിച്ചു വിവിധ ഭാഗങ്ങളിൽനിന്ന് ഉയർന്ന ആശങ്ക പരിഹരിക്കുന്നതിന്റെ ഭാഗമായാണു യോഗം ചേർന്നത്.

വയനാട്ടിലെ ഗോത്രവിഭാഗങ്ങൾക്കിടയിൽ കാണപ്പെടുന്ന സിക്കിൾസെൽ അനീമിയ, തലാസിയ രോഗബാധിതർക്കു കൃത്രിമ പോഷകങ്ങൾ ദോഷകരമായി ബാധിക്കുമെന്ന ആശങ്ക ജില്ലയിൽ വ്യാപകമായുണ്ടെന്ന് ഒ.ആർ. കേളു എം.എൽ.എ. യോഗത്തിൽ ചൂണ്ടിക്കാട്ടി. സ്‌കൂൾ വിദ്യാർഥികൾക്കുള്ള ഉച്ചഭക്ഷണ പരിപാടിയിലും പ്രീപ്രൈമറി വിദ്യാർഥികൾക്കുള്ള പോഷകാഹാര വിതരണത്തിലും മുൻപുതന്നെ സംപുഷ്ടീകരണം നടപ്പാക്കിയ കാര്യവും യോഗം ചർച്ച ചെയ്തു.

മിഡ് ഡേ മീൽ, പ്രീപ്രൈമറി പോഷകാഹാര പദ്ധതികൾ നടപ്പാക്കുന്ന ആരോഗ്യ, സാമൂഹ്യനീതി വകുപ്പുകൾക്ക് സംപുഷ്ടീകരിച്ച ഭക്ഷ്യധാന്യം സിക്കിൾ സെൽ അനീമിയ, തലാസിയ വിഭാഗം രോഗികളായ കുട്ടികൾക്കു നൽകുന്നതിലെ ആശങ്കയറിച്ചു മന്ത്രി കത്തു നൽകും. സംപുഷ്ടീകരിച്ച ഭക്ഷ്യധാന്യത്തിന്റെ ഉപയോഗം ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്ന സാഹചര്യം പൊതുവിലോ ഏതെങ്കുലം രോഗവസ്ഥയുള്ളവർക്കു പ്രത്യേകമായോ ഉണ്ടോയെന്നു പരിശോധിക്കാൻ വിദഗ്ധ സമിതിയെ ചുമതലപ്പെടുത്താൻ ആരോഗ്യ മന്ത്രിയോട് ആവശ്യപ്പെടുമെന്നും മന്ത്രി പറഞ്ഞു. എം.എൽ.എമാരായ ഐ.സി. ബാലകൃഷ്ണൻ, ടി. സിദ്ദീഖ് തുടങ്ങിയവരും യോഗത്തിൽ പങ്കെടുത്തു.
Rate this item
(0 votes)
Author

Latest from Author