Print this page

ഐ.ടി. മേഖലയിലെ തൊഴില്‍ ചൂഷണങ്ങള്‍ക്കെതിരേ പൊതുകൂട്ടായ്മ ശക്തിപ്പെടുത്തും- സ്റ്റേറ്റ് ഐ.ടി. യൂണിയന്‍

സ്റ്റേറ്റ് ഐ.ടി. എംപ്ലോയീസ് യൂണിയന്‍ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

മലപ്പുറം: കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളും സര്‍ക്കാരുകളുടെ മൗനാനുവാദത്തോടെ ചിലഏജന്‍സികളും നടത്തിക്കൊണ്ടിരിക്കുന്ന ഐ.ടി. മേഖലയിലെ തൊഴില്‍ ചൂഷണങ്ങള്‍ക്കെതിരേ പൊതുകൂട്ടായ്മ ശക്തിപ്പെടുത്താന്‍ സ്റ്റേറ്റ് ഐ.ടി. എം.പ്ലോയീസ് യൂണിയന്‍ സംസ്ഥാന കൗണ്‍സില്‍ യോഗം തീരുമാനിച്ചു.

സംസ്ഥാന ഐ.ടി. വകുപ്പിന്റെ പൂര്‍ണ നിയന്ത്രണത്തിലുള്ള അക്ഷയ പദ്ധതിയില്‍ സംസ്ഥാനത്തൊട്ടാകെ മുവായിരത്തോളം അക്ഷയ കേന്ദ്രങ്ങള്‍ വലിയൊരു ശൃഖലയായി പ്രവര്‍ത്തിക്കുമ്പോഴും ഐ.ടി. മേഖലയിലെ പരിശീലനങ്ങളും ഓണ്‍ലൈന്‍, ഡാറ്റഎന്ററി പ്രവൃത്തികളും മറ്റുഏജന്‍സികള്‍ക്കും സ്വകാര്യവ്യക്തികള്‍ക്കും പുറംകരാറടിസ്ഥാനത്തില്‍ മറിച്ചുനല്‍കുന്നത് അംഗീകരിക്കാവുന്നതല്ല. അക്ഷയ കേന്ദ്രങ്ങളിലെ സേവനങ്ങള്‍ക്ക് പതീറ്റാണ്ട് മുമ്പുള്ള നിരക്കും പുറത്തേക്ക് നല്‍കുന്ന ജോലികള്‍ക്ക് അതിന്റെ പത്ത് മടങ്ങ് വേതനവുമാണ് നല്‍കുന്നത്.

ഐ.ടി. മേഖലയില്‍ ഉയര്‍ന്ന യോഗ്യത നേടിയ യുവതീ, യുവാക്കള്‍ തൊഴില്‍ രഹിതരായി അലയുമ്പോഴും സര്‍ക്കാര്‍ ഓഫീസുകളിലെ ഡാറ്റാഎന്ററി ജോലികള്‍ പോലും ഉദ്യോഗസ്ഥ താത്പര്യത്തില്‍ ചില ഏജന്‍സികളെ കരാര്‍ ഏല്‍പ്പിക്കുകയാണ്. കരാര്‍ ജോലിക്ക് വന്‍തുക സര്‍ക്കാരില്‍ നിന്ന് കൈപ്പറ്റുന്ന ഏജന്‍സികള്‍ തൊഴില്‍ ചെയ്യുന്നവര്‍ക്ക് തുച്ചമായ തുകയാണ് നല്‍കുന്നത്.

ഉയര്‍ന്ന യോഗ്യതയുണ്ടായിട്ടും സര്‍ക്കാര്‍ ഓഫീസുകളിലും പൊതുവിദ്യാലയങ്ങളിലും തുച്ചമായ വേതനത്തിന് താത്കാലിക തൊഴിലെടുക്കുന്നവരെയും അക്ഷയ കേന്ദ്രം സംരംഭകരെയും ജീവനക്കാരെയും സംരക്ഷിക്കുന്നതിനും പ്രത്യേക ക്ഷേമനിധിയുള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ അനുവദിക്കുന്നതിനും കരാര്‍ മാഫിയക്കെതിരെയും വ്യാജ, സമാന്തര ഓണ്‍ലൈന്‍ കേന്ദ്രങ്ങള്‍ക്കെതിരെയും ശക്തമായ നിയമനടപടി സ്വീകരിക്കുന്നതിനും സര്‍ക്കാര്‍ തയ്യാറാകണമെന്ന് യോഗം ആവശ്യപ്പെട്ടു.
സംസ്ഥാനത്തും ജില്ലാതലങ്ങളിലും അക്ഷയ സംരഭകര്‍ക്കും ജീവനക്കാര്‍ക്കുമൊപ്പം വിദ്യാലയങ്ങളിലെയും ഐ.ടി. സെന്ററുകളിലെയും പരിശീലനകര്‍, വിവിധ സ്ഥാപനങ്ങളിലെ കംപ്യൂട്ടര്‍, ഡാറ്റഎന്ററി ഓപ്രൈറ്റര്‍മാര്‍ തുടങ്ങിയവരുടെ പൊതുവേദി രൂപപ്പെടുത്തുന്നതിന് യോഗം തീരുമാനിച്ചു.

കൗണ്‍സില്‍ യോഗം എസ്.ടി.യു. സംസ്ഥാന ജനറല്‍ സെക്രട്ടറി യു. പോക്കര്‍ ഉദ്ഘാടനം ചെയ്തു. എസ്.ടി.യു. ദേശീയ പ്രസിഡന്റ് അഡ്വ. എം. റഹ്മത്തുല്ല മുഖ്യപ്രഭാഷണം നടത്തി.ഐ.ടി. യൂണിയന്‍ വര്‍ക്കിങ് പ്രസിഡന്റ് പി.പി. അബ്ദുല്‍നാസര്‍ കോഡൂര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഹാസിഫ് സി. ഒളവണ്ണ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.അഷ്‌റഫ് പട്ടാക്കല്‍, മുട്ടം അബ്ദുള്ള, പി.എം.എം. അബ്ദുറഹ്മാന്‍ കാസര്‍കോട്, എം.കെ. അലി എറണാകുളം, റഷീദ് തീക്കുനി, അഡ്വ. എ.പി. ജാഫര്‍ സാദിഖ്, എം.സി. ഷറഫുദ്ദീന്‍, പി.എ. ജൈസല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.സ്റ്റേറ്റ് ഐ.ടി. എംപ്ലോയീസ് യൂണിയന്‍ സംസ്ഥാന ഭാരവാഹികളായി അഡ്വ. എന്‍. ഷംസുദ്ദീന്‍ എം.എല്‍.എ. പ്രസിഡന്റ്, ഹാസിഫ് സി. ഒളവണ്ണ വര്‍ക്കിങ് പ്രസിഡന്റ്, പി.പി. അബ്ദുല്‍നാസര്‍ കോഡൂര്‍ ജനറല്‍ സെക്രട്ടറി, അഡ്വ. എ.പി. ജാഫര്‍ സാദിഖ് ട്രഷറര്‍, അബ്ദുല്‍ഹമീദ് മരക്കാര്‍ ചെട്ടിപ്പടി, മുട്ടം അബ്ദുല്ല എറണാംകുളം, ഇസ്മായീല്‍ കണ്ണൂര്‍ വൈസ് പ്രസിഡന്റുമാര്‍ യു.പി. ഷറഫുദ്ദീന്‍ ഓമശ്ശേരി, ഷബീര്‍ തുരുത്തി കാസര്‍കോട്, സമീറ പുളിക്കല്‍ മലപ്പുറം, റിഷാന്‍ നടുവണ്ണൂര്‍ കോഴിക്കോട് സെക്രട്ടറിമാര്‍ എന്നിവരെ തിരഞ്ഞെടുത്തു.എസ്.ടി.യു. സംസ്ഥാന സെക്രട്ടറിയേറ്റംഗം എന്‍.കെ.സി. ബഷീര്‍ തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു.
Rate this item
(0 votes)
Author

Latest from Author