Print this page

കേരളവികസനം: ടൂറിസത്തിന്‌ അനന്തസാധ്യത–മന്ത്രി മുഹമ്മദ്‌ റിയാസ്‌

തിരുവനന്തപുരം: കേരള വികസനത്തിൽ വിനോദസഞ്ചാര മേഖലയ്‌ക്ക്‌ അനന്ത സാധ്യതയാണുള്ളതെന്ന്‌ ടൂറിസം മന്ത്രി പി എ മുഹമ്മദ്‌ റിയാസ്‌ പറഞ്ഞു. കെയുഡബ്ല്യുജെ സംസ്ഥാനസമ്മേളനത്തിന്റെ ഭാഗമായി ‘കേരള വികസനവും ടൂറിസം സാധ്യതകളും’ എന്നവിഷയത്തിൽ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച സെമിനാർ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വലിയ കെട്ടിടങ്ങളാണ്‌ വിനോദസഞ്ചാരമെന്ന ധാരണ ശരിയല്ല. വിനോദസഞ്ചാര കേന്ദ്രമുണ്ടായാൽ തങ്ങളുടെ ജീവിതത്തിൽ അത്‌ മാറ്റം കൊണ്ടുവരുമെന്ന ബോധ്യം ജനങ്ങളിൽ സൃഷ്‌ടിക്കാൻ നമുക്ക്‌ കഴിയേണ്ടതുണ്ട്‌.

കോവിഡിനു ശേഷം വിദേശ വിനോദസഞ്ചാരികളുടെ എണ്ണത്തിൽ കാര്യമായ വർധനയുണ്ടായിട്ടില്ല. വിനോദസഞ്ചാര വകുപ്പ്‌ നടപ്പാക്കിയ വിവിധ പദ്ധതികൾ സംസ്ഥാനത്തേക്ക്‌ ആഭ്യന്തര സഞ്ചാരികളെ വലിയതോതിൽ എത്തിച്ചിട്ടുണ്ട്‌.

ലോകത്ത്‌ കണ്ടിരിക്കേണ്ട 50 പ്രദേശങ്ങളെ ടൈം മാഗസിൻ അടയാളപ്പെടുത്തിയപ്പോൾ അതിൽ ഒന്ന്‌ കേരളമാണെന്ന കാര്യത്തിന്‌ മാധ്യമങ്ങൾ പ്രചാരം നൽകിയില്ല.മറ്റൊരുസംസ്ഥാനത്തെ കുറിച്ചായിരുന്നെങ്കിൽ അത്‌ വലിയ പ്രധാന്യം നൽകിയേനെ. നെഗറ്റീവായ വാർത്തകൾ ടൂറിസം മേഖലയെ ബാധിക്കാതിരിക്കാൻ മാധ്യമങ്ങൾ ശ്രദ്ധിക്കണം. അറിയപ്പെടാത്ത നിരവധി വിനോദസഞ്ചാരകേന്ദ്രങ്ങൾ കേരളത്തിലുണ്ട്‌. അത്തരത്തിലുള്ള കേന്ദ്രങ്ങളെ കുറിച്ച്‌ ഫീച്ചറുകൾ നൽകാനും അവയെ വളർത്തി കൊണ്ടുവരാൻ പ്രത്യേക നിർദേശങ്ങൾ മുന്നോട്ടു വയ്‌ക്കാനും മാധ്യമങ്ങൾ തയ്യാറാകണം. ദേശീയ പാതയുടെ വികസനം, മലയോര ഹൈവേ, തീരദേശ പാത എന്നിവയിലൂടെ യാത്രാപ്രശ്‌നത്തിന്‌ പരിഹാരമുണ്ടാക്കാൻ സർക്കാർ ശ്രമിച്ചുവരികയാണെന്നും മന്ത്രി പറഞ്ഞു.

കെയുഡബ്ല്യുജെ ജില്ലാപ്രസിഡന്റ്‌ സാനു ജോർജ്‌ തോമസ്‌ അധ്യക്ഷനായി. മുൻ ടൂറിസം മന്ത്രി പ്രൊഫ. കെ വി തോമസ്‌, ഉത്തരവാദിത്ത ടൂറിസം മിഷൻ കോ ഓർഡിനേറ്റർ കെ രൂപേഷ്‌കുമാർ, പൂവാർ ഐലന്റ്‌ റിസോർട്ട്‌ എം ഡി എം ആർ നാരായണൻ, രാവിസ്‌ എം ഡി അനിൽ ജോർജ്‌, ഡി ചന്ദ്രസേനൻ നായർ, കെപിഡിഎ സ്‌റ്റേ്‌ എക്‌സിക്യൂട്ടീവ്‌ അംഗം എൻ നാസർ, മുഹമ്മദ്‌ റസീഫ്‌ തുടങ്ങിയവർ സംസാരിച്ചു. കെ വി രവിശങ്കർ മോഡറേറ്ററായി. ആർ കിരൺ ബാബു സ്വാഗതവും ജോയ്‌ നായർ നന്ദിയും പറഞ്ഞു.
Rate this item
(0 votes)
Author

Latest from Author