Print this page

‘വഴിയിൽ കുഴിയുണ്ട് എന്നാലും വന്നേക്കണേ’; ചർച്ചയായി 'ന്നാ താൻ കേസ് കൊട്’ സിനിമയുടെ പരസ്യം

കൊച്ചി: കുഞ്ചാക്കോ ബോബനെ നായകനാക്കി രതീഷ് ബാലകൃഷ്ണ പൊതുവാള്‍ സംവിധാനം ചെയ്ത ന്നാ താൻ കേസ് കൊട് റിലീസിനെത്തിയിരിക്കുകയാണ്. ചിത്രത്തിനൊപ്പം തന്നെ പ്രേക്ഷകരുടെ ഇടയിൽ ചർച്ചയാകുകയാണ് സിനിമയുടേതായി വന്ന പത്രപരസ്യം. ‘തിയറ്ററുകളിലേക്കുള്ള വഴിയില്‍ കുഴിയുണ്ട്, എന്നാലും വന്നേക്കണേ’ എന്നാണ് പരസ്യവാചകം.

കേരളത്തിലെ റോഡുകളിലെ കുഴികളെക്കുറിച്ച് വലിയ തോതിൽ വിമര്‍ശനവും വാദപ്രതിവാദങ്ങളും നടക്കുന്ന സമയത്താണ് ഈ പരസ്യവാചകം ചര്‍ച്ചയായി മാറുന്നത്. സമൂഹമാധ്യമങ്ങളില്‍ ഈ പരസ്യത്തെ അനുകൂലിച്ചും പ്രതികൂലിച്ചും സംവാദങ്ങള്‍ ചൂടുപിടിച്ചു. ഇതോടെ റിലീസിനെത്തിയ ചിത്രത്തിന് കനത്ത സൈബർ അറ്റാക്കാണ് നേരിടുന്നത്.

ഇടത് അനുകൂല പ്രൊഫൈലുകളാണ് സിനിമയ്ക്കെതിരെ കൂടുതലായി രംഗത്തുവന്നിരിക്കുന്നത്.വാചകത്തിൽ സംസ്ഥാന സർക്കാരിനെതിരായ വിമർശനമാണ് ഉദ്ദേശിച്ചിരിക്കുന്നതെന്ന് പ്രതിഷേധക്കാർ പറയുന്നു. റോഡിലെ കുഴികളുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരും പൊതുമരാമത്ത് വകുപ്പും രൂക്ഷ വിമർശനം നേരിടുകയാണ്.

അതേസമയം താൻ അഭിനയിച്ച പുതിയ സിനിമ ‘ന്നാ താൻപോയി കേസ് കൊട് ’ എന്ന സിനിമയുടെ പരസ്യം സർക്കാരിനെതിരെയല്ലെന്ന് കുഞ്ചാക്കോ ബോബൻ. എന്നാൽ ഒരു സാമൂഹിക പ്രശ്നം പരസ്യം ഉന്നയിക്കുന്നുണ്ടെന്നും സിനിമയുടെ ആദ്യ ഷോ കണ്ടിറിങ്ങിയശേഷം കുഞ്ചാക്കോ ബോബൻ പറഞ്ഞു.

കേരളത്തിലെയല്ല, തമിഴ്നാട്ടിലെ കുഴിയാണ് സിനിമയിൽ പരാമർശിക്കുന്നത്. അത് നല്ലകുഴിയാണോ ചീത്ത കുഴിയാണോ എന്നെല്ലാം സിനിമ കണ്ടാലേ മനസിലാകൂ . പരസ്യം കണ്ടപ്പോൾ ആസ്വദിച്ചുവെന്നും പോസ്റ്റർ വിവാദത്തെ കുറിച്ച് പ്രതികരിക്കവെ കുഞ്ചാക്കോ ബോബൻ പറഞ്ഞു.
Rate this item
(0 votes)
Author

Latest from Author