Print this page

കേരളത്തിലെ 374 റോഡുകള്‍ അതീവ അപകടത്തിലെന്ന് നാറ്റ്പാക് റിപ്പോര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്തെ 374 റോഡുകള്‍ അതീവ അപകടത്തിലാണെന്ന നാറ്റ്പാക് റിപ്പോര്‍ട്ട് അവഗണിച്ച് സംസ്ഥാന സര്‍ക്കാര്‍. അടിയന്തരമായി മാറ്റം വരുത്തേണ്ട 75 റോഡുകളുണ്ടെന്ന് നാറ്റ്പാക് റിപ്പോര്‍ട്ട് പറയുന്നു. ഈ റിപ്പോര്‍ട്ട് റോഡ് സുരക്ഷാ അതോരിറ്റിക്ക് കൈമാറിയെങ്കിലും സര്‍ക്കാര്‍ നടപടിയെടുത്തില്ല. 25 റോഡുകളുടെ അറ്റകുറ്റപ്പണി നടത്താന്‍ റോഡ് സുരക്ഷാ അതോരിറ്റി അനുവദിച്ച 32 കോടി പൊതുമരാമത്ത് വകുപ്പ് ഉപയോഗിച്ചിട്ടില്ല. 

കൊവിഡ് കാലത്ത് പോലും 3,32,93 അപകടങ്ങള്‍ സംസ്ഥാനത്തുണ്ടായി. 3,429 പേരാണ് റോഡപകടങ്ങളില്‍ മരിച്ചത്. കൊവിഡിന് മുന്‍പുള്ള വര്‍ഷങ്ങളില്‍ അപകടത്തിന്റെ എണ്ണം 45,000ന് അടുത്താണ്. കേരളത്തില്‍ റോഡ് അപകടങ്ങള്‍ ഈ വിധം ഉയരുന്നതിന്റെ കാരണങ്ങള്‍ നാറ്റ്പാക് പഠനവിധേയമാക്കിയപ്പോഴാണ് റോഡിലെ അപകടക്കെണികളെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിക്കുന്നത്.

അടിയന്തര മാറ്റം വരുത്തേണ്ട 75 റോഡുകളില്‍ 25 എണ്ണം ദേശീയ പാതകളാണ്. ബാക്കിയുള്ള 50 റോഡുകളില്‍ 25 റോഡുകളിലെ തകരാറുകള്‍ പരിഹരിക്കാന്‍ റോഡ് സുരക്ഷാ അതോരിറ്റി അനുവദിച്ച 32 കോടി രണ്ട് വര്‍ഷം കഴിഞ്ഞിട്ടും ഉപയോഗിച്ചിട്ടില്ല. ശേഷിക്കുന്ന 25 റോഡുകളില്‍ സ്ഥലം ഏറ്റെടുത്തുതരാന്‍ അതോറിറ്റി നിര്‍ദേശം നല്‍കിയിട്ടും നടപടിയുണ്ടായിട്ടില്ല. അപകടസാധ്യതയുള്ള റോഡുകള്‍ ഏറ്റവും കൂടുതലുള്ളത് എറണാകുളം ജില്ലയിലാണ്. എറണാകുളം ജില്ലയിലെ കുസാറ്റ് ജംഗ്ഷന്‍, ഇടപ്പള്ളി സിഗ്നല്‍, തോപ്പുംപടി മുതലായ സ്ഥലങ്ങളിലെ റോഡുകള്‍ അപകട ഭീഷണിയുയര്‍ത്തുന്നുവെന്ന് നാറ്റ്പാക് റിപ്പോര്‍ട്ട് പറയുന്നു. രണ്ടാം സ്ഥാനം തിരുവനന്തപുരം ജില്ലയ്ക്കാണ്.
Rate this item
(0 votes)
Author

Latest from Author