Print this page

ആക്രമണങ്ങള്‍ ന്യായീകരിക്കാനാവില്ല: ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍

തിരുവനന്തപുരം : ആക്രമണങ്ങള്‍ ആരുടെ ഭാഗത്ത് നിന്നുണ്ടായാലും അനുവദിക്കാന്‍ കഴിയില്ലെന്ന് ബഹു. ഹൈക്കോടതി ജഡ്ജി ദേവന്‍ രാമചന്ദ്രന്‍. ആശുപത്രിയില്‍ ഉണ്ടാകുന്ന ആക്രമണങ്ങള്‍ ഒരു കാരണവശാലും ന്യായീകരിക്കാന്‍ കഴിയില്ല. ആക്രമണങ്ങളില്‍ കൂടിയല്ല പരാതികള്‍ക്കു പരിഹാരം തേടേണ്ടത്. വളരെ സങ്കീര്‍ണ്ണമായ സാഹചര്യങ്ങളില്‍ ജോലി ചെയ്യുന്ന ഡോക്ടര്‍മാര്‍ക്കും മറ്റ് ആരോഗ്യപ്രവര്‍ത്തകര്‍ക്കും എതിരെയുണ്ടാകുന്ന ആക്രമണങ്ങള്‍ ആരോഗ്യ മേഖലയില്‍ പ്രതികൂല സാഹചര്യങ്ങള്‍ സൃഷ്ടിക്കുന്നു.

രോഗികളുടെ ആരോഗ്യ സംരക്ഷണത്തിനായാണ് ഓരോ ഡോക്ടറും പ്രവര്‍ത്തിക്കാറുള്ളത്. അവിചാരിതമായി രോഗങ്ങള്‍ സങ്കീര്‍ണ്ണമാകുകയോ രോഗി മരിക്കുകയോ ചെയ്യുന്ന സാഹചര്യങ്ങളില്‍ ഡോക്ടര്‍മാരെയും ആരോഗ്യ സ്ഥാപനങ്ങളെയും ആക്രമിക്കുന്ന പ്രവണത ഒഴിവാക്കണം. വ്യവസ്ഥാപിതമായ മാര്‍ഗ്ഗങ്ങളിലൂടെ പരാതികള്‍ക്ക് പരിഹാരം കാണണം. ആക്രമണ മാര്‍ഗ്ഗങ്ങള്‍ ഒരു കാരണവശാലും ന്യായീകരിക്കാനാവില്ല.

പ്രതികൂല സാഹചര്യങ്ങള്‍ ഉണ്ടായാല്‍ പോലും ഡോക്ടര്‍മാര്‍ സമരമാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കുന്നത് ശരിയായ രീതിയല്ല. പൊതുജനങ്ങള്‍ക്ക് ദോഷകരമായ ഇത്തരം പ്രവണതകളില്‍ നിന്നും ഡോക്ടര്‍മാര്‍ മാറി നില്‍ക്കണം. ചില രോഗികള്‍ മരണപ്പെടുമ്പോള്‍ ഉണ്ടാകുന്ന അതീവ ഗുരുതര മാനസിക സമ്മര്‍ദ്ദങ്ങള്‍ മൂലം ഡോക്ടര്‍മാര്‍ ആത്മഹത്യ ചെയ്യുന്ന പ്രവണത കണ്ടുവരുന്നു. ഇത്തരം സാഹചര്യങ്ങളില്‍ ഐ.എം.എ. പോലെയുള്ള സംഘടനകള്‍ അവരോടൊപ്പം നില്‍ക്കണം. ആരോഗ്യ പ്രവര്‍ത്തകര്‍ക്കുണ്ടാകുന്ന പ്രതികൂല സാഹചര്യങ്ങള്‍ തരണം ചെയ്യുന്നതില്‍ ഐ.എം.എ.യുടെ പങ്ക് നിര്‍ണ്ണായക മാണ്. ഡോക്ടര്‍മാര്‍ക്കും മറ്റാരോഗ്യപ്രവര്‍ത്തകര്‍ക്കും സംരക്ഷണം നല്‍കുന്നതില്‍ വിവിധ മേഖലയിലുള്ള എല്ലാവരുടെയും സഹകരണം ആവശ്യമാണ്. ഐ.എം.എ. വനിതാ വിഭാഗം ദക്ഷിണമേഖലാ സമ്മേളനത്തോടനുബന്ധിച്ച് ഐ.എം.എ. പെരിയാര്‍ ഹൗസ്, ആലുവയില്‍ സംഘടിപ്പിച്ച സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മുന്‍ ദേശീയ അദ്ധ്യക്ഷന്മാരായ ഡോ. എ. മാര്‍ത്താണ്ഡ പിള്ള, ഡോ. ജെ.എ. ജയലാല്‍, ഐ.എം.എ. സംസ്ഥാന പ്രസിഡന്റ് ഡോ. സാമുവല്‍ കോശി എന്നിവര്‍ തുടര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

ജൂലൈ പതിനാറ്, പതിനേഴ് തീയതികളിലായി ഐ.എം.എ. ആലുവ പെരിയാര്‍ ഹൗസില്‍ സംഘടിപ്പിച്ച വനിതാ വിഭാഗം ദക്ഷിണ മേഖലാ സമ്മേളനം സംസ്ഥാന നിയമ വകുപ്പുമന്ത്രി ശ്രീ. പി. രാജീവ് കൊച്ചിയില്‍ ഉദ്ഘാടനം ചെയ്തു. ഐ.എം.എ. ദേശീയ അദ്ധ്യക്ഷന്‍ ഡോ. സഹജാനന്ദ പ്രസാദ് സിംഗിന്റെ അദ്ധ്യക്ഷതയില്‍ നടന്ന ഉദ്ഘാടന സമ്മേളനത്തില്‍ എറണാകുളം എം.പി. ശ്രീ. ഹൈബി ഈഡന്‍ മുഖ്യപ്രഭാഷണം നടത്തി. ദേശീയ വനിതാ വിഭാഗം സെക്രട്ടറി ഡോ. കവിത രവി, ഐ.എം.എ. സംസ്ഥാന സെക്രട്ടറി ഡോ. ജോസഫ് ബെനവന്‍, സംസ്ഥാന വനിതാ വിഭാഗം അദ്ധ്യക്ഷ ഡോ. രാജലക്ഷ്മി, ഡോ. രാജേശ്വരി അമ്മ, ഡോ. പി.റ്റി. സക്കറിയാസ്, ഡോ. എന്‍. സുല്‍ഫി, വനിതാ വിഭാഗം സെക്രട്ടറി ഡോ. സന്ധ്യ കുറുപ്പ്, ഡോ. ദീപ അഗസ്റ്റിന്‍, ഡോ. ഹേമ തുടങ്ങിയവര്‍ സംസാരിച്ചു. വിവിധ സംസ്ഥാനങ്ങളില്‍ നിന്നും എത്തിയ മുന്നൂറിലധികം ഡോക്ടര്‍മാര്‍ പങ്കെടുത്ത പ്രസ്തുത സമ്മേളനത്തില്‍ പത്തോളം പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു
Rate this item
(0 votes)
Author

Latest from Author