Print this page

വൃത്തിഹീനമായ കോഴി ഇറച്ചി വില്പനശാല പൂട്ടിച്ചു

Unclean chicken shop closed Unclean chicken shop closed image- IPRD Kerala
കണ്ണൂർ: പന്ന്യന്ന്യൂർ പഞ്ചായത്തിൽ ചമ്പാട് പ്രവർത്തിക്കുന്ന 'തൃപ്തി 'കോഴി ഇറച്ചി വില്പനശാല ഭക്ഷ്യസുരക്ഷാ വകുപ്പും മലിനീകരണ നിയന്ത്രണ ബോർഡും സംയുക്തമായി നടത്തിയ പരിശോധനയെ തുടർന്ന് പൂട്ടിച്ചു. വൃത്തിഹീനമായ സാഹചര്യത്തിലാണ് ഇറച്ചി വില്പനശാല പ്രവർത്തിച്ചിരുന്നത്. ഭക്ഷ്യ സുരക്ഷ മാനദണ്ഡങ്ങൾ ഒന്നും പാലിച്ചിരുന്നില്ല. ഇറച്ചി മാലിന്യങ്ങൾ കടയിൽ അലക്ഷ്യമായി ഇട്ട രീതിയിലായിരുന്നു. അവ ഉദ്യോഗസ്ഥൻമാരുടെ നിർദ്ദേശത്തെ തുടർന്ന് മാറ്റി. കോഴികളെ ജീവനോടെ തൂക്കി വിൽക്കാൻ മാത്രമാണ് പഞ്ചായത്ത് അനുമതി. എന്നാൽപ്രതിദിനം 500ലധികം കോഴികളെ അവിടെ അറുത്ത് വിൽക്കുന്നുണ്ട്. അറവ് മാലിന്യം മുഴുവനും ശാസ്ത്രീയമായി സംസ്‌കരിക്കുന്നില്ലെന്നും പരിശോധനയിൽ കണ്ടെത്തി. കോഴി ഫാം നടത്താനും കോഴിക്കട നടത്തുന്നതിനും മലിനീകരണനിയന്ത്രണ ബോർഡിന്റെ അനുമതി ഉണ്ടായിരുന്നില്ല.

ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നിർദ്ദേശങ്ങൾ നടപ്പാക്കുന്നതുവരെ കട അടച്ചിടും. പിഴയും ചുമത്തും. മലിനീകരണനിയന്ത്രണ ബോർഡ് കാരണംകാണിക്കൽ നോട്ടീസ് നൽകും. കോഴിക്കടകൾ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ മാനദണ്ഡങ്ങൾ പാലിക്കാനുള്ള മാർഗ്ഗരേഖ പുറത്തിറങ്ങി 10 മാസമായിട്ടും കാര്യമായ മാറ്റങ്ങൾ കാണാത്തതിനെ തുടർന്നാണ് മിന്നൽ പരിശോധന നടത്തിയത്. അറവ് മാലിന്യങ്ങൾ ജില്ലയിൽ പ്രവർത്തിക്കുന്ന അംഗീകൃത റെന്ററിങ് പ്ലാൻറിനു തന്നെ നൽകണമെന്ന നിർദ്ദേശം പാലിക്കാത്ത കടകൾക്കെതിരെയും നടപടി എടുക്കുമെന്ന് മലിനീകരണനിയന്ത്രണ ബോർഡ് ജില്ലാ എഞ്ചിനീയർ അറിയിച്ചു. അനധികൃത മാലിന്യശേഖരണവും കടത്തും തടയാൻ നടപടിയെടുക്കും. മലിനീകരണനിയന്ത്രണ ബോർഡ് ജില്ലാ എഞ്ചിനീയർ അഭിലാഷ്,ഭക്ഷ്യ സുരക്ഷാ ഓഫീസർ പി.സുബിൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
Rate this item
(0 votes)
Author

Latest from Author