Print this page

അതിവേഗ റെയിൽപാതകൾ കേരളത്തിന്‌ അനിവാര്യം: മന്ത്രി ബാലഗോപാൽ

High speed railways are essential for Kerala: Minister Balagopal High speed railways are essential for Kerala: Minister Balagopal
തിരുവനന്തപുരം: അതിവേഗ റെയിൽപാതകൾ ഉൾപ്പെടെയുള്ള പൊതുഗതാഗത സംവിധാനം കേരളത്തിന്റെ വികസനത്തിനും സാമ്പത്തിക വളർച്ചക്കും അനിവാര്യമാണെന്ന്‌ ധനമന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു. റോബിൻ ടി വർഗീസ്‌ രചിച്ച അനിൽ രാധാകൃഷ്‌ണൻ ഫെലോഷിപ്പിന്റെ ഭാഗമായി കേസരി സ്‌മാരക ജേണലിസ്‌റ്റ്‌ ട്രസ്‌റ്റ്‌ പ്രസിദ്ധീകരിച്ച പുസ്‌തകം ‘കേരളത്തിന്റെ റെയിൽവേ വികസനം: ഇന്നലെ, ഇന്ന്‌, നാളെ’ പ്രകാശിപ്പിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിലെ ഗതാഗതം സമഗ്രവീക്ഷണത്തോടെ കൈകാര്യം ചെയ്യേണ്ട വിഷയമാണ്‌. എല്ലാ യാത്രാമാധ്യമങ്ങളും ഉചിതമായ രീതിയിൽ സംഗയാജിപ്പിച്ചുകൊണ്ടാകണം ഈ സംവിധാനം നടപ്പാക്കേണ്ടത്‌. പരിസ്ഥിതി ഉൾപ്പെടെയുള്ള കാര്യങ്ങൾ പരിഗണിക്കുമ്പോൾ ഏറ്റവും പ്രസക്തി റെയിൽക്കോണെന്നും അദ്ദേഹം പറഞ്ഞു. തെക്ക്‌ –-വടക്ക്‌ റെയിൽപാതകളും അവയെ വിവിധ പ്രദേശങ്ങളുമായി ബന്ധിപ്പിക്കുന്ന റോഡുകളും അടങ്ങിയ ഗതാഗത സംവിധാനമാണ്‌ കേരളത്തിന്‌ അനുയോജ്യമെന്ന്‌ വിദഗ്‌ദ്ധർ പറയുന്നു. അതിന്റെ ഭാഗമാണ്‌ അതിവേഗപ്പാതകൾ. ഇന്നത്തെ സാമ്പത്തിക സ്ഥിതിനോക്കി മാത്രം കൈകാര്യം ചെയ്യേണ്ടതല്ല അത്‌. അതതുകാലത്തെ ലാഭ നഷ്‌ടം മാത്രം നോക്കിയിരുന്നെങ്കിൽ കൊല്ലം–- ചെങ്കൊട്ട–- മധുര പാത തിരുവിതാംകൂറിലെ ഭരണാധികാരികൾ ഉണ്ടാക്കുമായിരുന്നില്ല. അന്ന്‌ ആ പാതയിൽ ആഴ്‌ചയിൽ ഒരു ട്രെയിൻ മാത്രമാണ്‌ ഓടിയിരുന്നത്‌. റെയിൽവേയുമായി ബന്ധപ്പെട്ട്‌ സമഗ്രവിവരം തരുന്ന പുസ്‌തകമാണ്‌ ഇവിടെ പ്രസിദ്ധീകരിച്ചത്‌. സെൻസേഷണലിസത്തിന്റെ കാലത്ത്‌ വികസനോന്മുഖ മാധ്യമപ്രവർത്തനത്തിന്റെ ഉത്തമമാതൃകയായിരുന്നു അനിൽ രാധാകൃഷ്‌ണനെന്നും മന്ത്രി പറഞ്ഞു.
അഡീഷണൽ ചീഫ്‌സെക്രട്ടറി ഡോ. വി വേണു, കേരള റോഡ് സേഫ്റ്റി അതോറിറ്റി എക്സിക്യൂട്ടീവ് ഡയറക്ടർ ടി. ഇളങ്കോവൻ, കേരള സർവകലാശാല ജേണലിസം വകുപ്പ് മുൻ മേധാവി പ്രഫ. എം. വിജയകുമാർ, മുൻ മന്ത്രി പന്തളം സുധാകരൻ, രാജ്ഭവൻ പി.ആർ.ഒ എസ്.ഡി. പ്രിൻസ്, കേസരി സ്മാരക ജേണലിസ്റ്റ് ട്രസ്റ്റ് ചെയർമാൻ സുരേഷ് വെള്ളിമംഗലം, ഗ്രന്ഥരചയിതാവ് റോബിൻ ടി. വർഗീസ്, കവഡിയാർ റസിഡൻസ്‌ അസോസിയേഷൻ പ്രസിഡന്റ്‌ ടി ജെ മാത്യു, അനിൽ രാധാകൃഷ്ണന്റെ പത്നി എസ്.എസ്. സിന്ധു എന്നിവർ സംസാരിച്ചു.
Rate this item
(0 votes)
Pothujanam

Pothujanam lead author

Latest from Pothujanam