Print this page

കുട്ടികളുടെ വാക്‌സിനേഷന്‍ യജ്ഞം ആരംഭിച്ചു ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ വളരെയെളുപ്പം

The children's vaccination campaign has begun  Online registration is very easy The children's vaccination campaign has begun Online registration is very easy
തിരുവനന്തപുരം: സ്‌കൂള്‍ തുറക്കുന്ന സാഹചര്യത്തില്‍ 12 വയസ് മുതല്‍ പ്രായമുള്ള കുട്ടികള്‍ക്കുള്ള കോവിഡ് വാക്‌സിനേഷന്‍ യജ്ഞം ആരംഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. വാക്‌സിനേഷന്‍ യജ്ഞത്തിന്റെ ഭാഗമായി ഇന്ന് 3,880 കുട്ടികളാണ് വാക്‌സിന്‍ സ്വീകരിച്ചത്. 15 മുതല്‍ 17 വരെ പ്രായമുള്ള 864 കുട്ടികളും 12 മുതല്‍ 14 വരെ പ്രായമുള്ള 3,016 കുട്ടികളും വാക്‌സിന്‍ സ്വീകരിച്ചു. ബുധനാഴ്ച ചെറിയ കുഞ്ഞുങ്ങള്‍ക്കുള്ള വാക്‌സിനേഷന്‍ ദിവസമായതിനാല്‍ എല്ലാ കേന്ദ്രങ്ങളും പൂര്‍ണമായി പ്രവര്‍ത്തിച്ചിട്ടില്ല. അതിനാല്‍ വാക്‌സിനേഷന്‍ യജ്ഞം മേയ് 28നും തുടരുന്നതാണ്. 12 വയസിന് മുകളില്‍ പ്രായമുള്ള എല്ലാ കുട്ടികള്‍ക്കും വാക്‌സിന്‍ നല്‍കേണ്ടതാണ്. കോവിഡില്‍ നിന്നും സംസ്ഥാനം പൂര്‍ണമായി മുക്തി നേടിയിട്ടില്ല. അതിനാല്‍ തന്നെ ഈ പ്രായത്തിലുള്ള എല്ലാ കുട്ടികള്‍ക്കും വാക്‌സിന്‍ എടുക്കാന്‍ രക്ഷകര്‍ത്താക്കള്‍ മുന്‍കൈയ്യെടുക്കണമെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു.
വാക്‌സിനേഷന്‍
ഓണ്‍ ലൈന്‍ വഴിയും സ്‌പോട്ട് രജിസ്‌ട്രേഷന്‍ വഴിയും വാക്‌സിന്‍ സ്വീകരിക്കാവുന്നതാണ്. ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്ത് എത്തിയാല്‍ തിരക്കും രജിസ്‌ട്രേഷന് വേണ്ടി വരുന്ന സമയവും ലാഭിക്കാനാകും. സ്മാര്‍ട്ട് ഫോണ്‍ വഴിയോ ഇന്റര്‍നെറ്റുള്ള കമ്പ്യൂട്ടര്‍ വഴിയോ വളരെ ലളിതമായി ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നടത്താന്‍ സാധിക്കുന്നതാണ്. സംശയങ്ങള്‍ക്ക് ദിശ 104, 1056, 0471 2552056, 2551056 എന്നീ നമ്പരുകളില്‍ വിളിക്കാവുന്നതാണ്.
വാക്‌സിനേഷനായി കുടുംബാംഗങ്ങള്‍ നേരത്തെ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഫോണ്‍ നമ്പര്‍ ഉപയോഗിച്ചോ പുതിയ ഫോണ്‍ നമ്പര്‍ ഉപയോഗിച്ചോ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. 12 വയസ് പൂര്‍ത്തിയായ കുട്ടികള്‍ക്ക് മാത്രമേ രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കൂ. വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ തെറ്റ് വരാതിരിക്കാന്‍ ശ്രദ്ധയോടെ വിവരങ്ങള്‍ നല്‍കണം.
ഓണ്‍ലൈനില്‍ ബുക്ക് ചെയ്യുന്നതെങ്ങനെ?
1. ആദ്യമായി https://www.cowin.gov.in എന്ന ലിങ്കില്‍ പോകുക. ഹോം പേജിന് മുകള്‍ വശത്തായി കാണുന്ന രജിസ്റ്റര്‍/സൈന്‍ ഇന്‍ യുവര്‍സെല്‍ഫ് എന്ന ഐക്കണില്‍ ക്ലിക്ക് ചെയ്യുക.
2. അപ്പോള്‍ വരുന്ന പേജില്‍ മൊബൈല്‍ നമ്പര്‍ നല്‍കി മൊബൈലില്‍ ലഭിക്കുന്ന ഒടിപി നമ്പര്‍ അവിടെ നല്‍കി വെരിഫൈ ക്ലിക്ക് ചെയ്യുക.
3. പുതിയ പേജില്‍ വലത് വശത്ത് മുകള്‍ഭാഗത്തായി കാണുന്ന ആഡ് മെമ്പര്‍ എന്ന ഭാഗത്ത് ക്ലിക്ക് ചെയ്യുക.
4. രജിസ്റ്റര്‍ ഫോര്‍ വാക്‌സിനേഷന്‍ പേജില്‍ കുട്ടിയുടെ പേര്, പെണ്‍കുട്ടിയോ ആണ്‍കുട്ടിയോ മറ്റുള്ള വിഭാഗമോ എന്നും, ജനിച്ച വര്‍ഷം (2010ല്‍ ജനിച്ച കുട്ടികള്‍ക്ക് ജനന തീയതി നല്‍കണം), ഫോട്ടോ ഐഡി പ്രൂഫ്, ഫോട്ടോ ഐഡി നമ്പര്‍ എന്നിവ നല്‍കി ആഡ് ബട്ടണ്‍ ക്ലിക്ക് ചെയ്യുക. ഇതോടെ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാകും.
5. വാക്‌സിനേഷനുള്ള അപ്പോയ്‌മെന്റ് എടുക്കാന്‍ തുടര്‍ന്നു വരുന്ന രജിസ്റ്റര്‍ ചെയ്ത കുട്ടിയുടെ വിവരങ്ങളുള്ള പേജിലെ ഡോസ് ഒന്നിന് വലതുവശത്തായി കാണുന്ന ഷെഡ്യൂളില്‍ ക്ലിക്ക് ചെയ്യണം
6. ബുക്ക് അപ്പോയ്‌മെന്റ് ഫോര്‍ ഡോസ് 1 പേജില്‍ പിന്‍കോഡ് നല്‍കിയോ ജില്ല സെര്‍ച്ച് ചെയ്‌തോ വാക്‌സിനേഷന്‍ സെന്റര്‍ കണ്ടുപിടിക്കാം.
7. ഓരോ തീയതിയിലും വാക്‌സിന്‍ കേന്ദ്രങ്ങളുടെ ഒഴിവ് കാണാന്‍ സാധിക്കും. താത്പര്യമുള്ള കേന്ദ്രവും തീയതിയും സമയവും നല്‍കി കണ്‍ഫോം ബട്ടണ്‍ ക്ലിക്ക് ചെയ്യാം. അപ്പോള്‍ കണ്‍ഫോം ചെയ്ത സന്ദേശം ആ പേജിലും എസ്എംഎസ് ആയും വരും.
8. ഡൗണ്‍ലോഡ് ചെയ്യാനുള്ള സൗകര്യവുമുണ്ട്.
9. എന്തെങ്കിലും കാരണത്താല്‍ നിശ്ചിത കേന്ദ്രം കിട്ടിയില്ലെങ്കില്‍ തൊട്ടടുത്ത ദിവസം മൊബൈല്‍ നമ്പറും ഒടിപി നമ്പരും നല്‍കി കോവിന്‍ സൈറ്റില്‍ കയറി ബുക്ക് ചെയ്യാവുന്നതാണ്.
10. വാക്‌സിനെടുക്കാനായി വാക്‌സിനേഷന്‍ കേന്ദ്രത്തില്‍ പോകുമ്പോള്‍ രജിസ്റ്റര്‍ ചെയ്ത പ്രിന്റൗട്ടോ എസ്എംഎസോ കാണിക്കുക. രജിസ്റ്റര്‍ ചെയ്ത ഫോട്ടോ ഐഡി കൈയ്യില്‍ കരുതേണ്ടതാണ്.
11. ഇതുപോലെ ആഡ് മെമ്പര്‍ നല്‍കി മറ്റ് കുട്ടികളെ കൂടി രജിസ്റ്റര്‍ ചെയ്യാം.
രണ്ടാം ഡോസിന് സമയമായവര്‍ (ഒന്നാം ഡോസിന് ശേഷം 28 ദിവസം കഴിഞ്ഞ്) ഇതുപോലെ ബുക്ക് ചെയ്ത് രണ്ടാം ഡോസ് സ്വീകരിക്കാവുന്നതാണ്.
Rate this item
(0 votes)
Pothujanam

Pothujanam lead author

Latest from Pothujanam