Print this page

മെഡിക്കല്‍ കോളേജിലെ യാത്രാക്ലേശത്തിന് പരിഹാരം; ഫ്‌ളൈ ഓവര്‍ യാഥാര്‍ത്ഥ്യമാകുന്നു

Solution to travel difficulties in medical college; The flyover becomes a reality Solution to travel difficulties in medical college; The flyover becomes a reality
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിര്‍മ്മാണം പൂര്‍ത്തിയായി വരുന്ന ഫ്‌ളൈ ഓവര്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് സന്ദര്‍ശിച്ചു. ഫ്‌ളൈ ഓവറിന്റെ ഫിനിഷിംഗ് ജോലികള്‍ പൂര്‍ത്തിയാക്കി എത്രയും വേഗം ജനങ്ങള്‍ക്ക് തുറന്നുകൊടുക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. മെഡിക്കല്‍ കോളേജിലെത്തുന്ന ജനങ്ങളുടേയും ജീവനക്കാരുടേയും ദീര്‍ഘകാലമായുള്ള ആവശ്യമാണ് ഇതിലൂടെ സാക്ഷാത്ക്കരിക്കുന്നത്. മെഡിക്കല്‍ കോളേജ് കാമ്പസിലെ യാത്രാക്ലേശം ഇതോടെ വലിയ അളവുവരെ പരിഹരിക്കാന്‍ സാധിക്കും. മെഡിക്കല്‍ കോളേജ് മാസ്റ്റര്‍ പ്ലാനിന്റെ ഭാഗമായി 58 കോടി രൂപയുടെ ആദ്യഘട്ട വികസനപ്രവര്‍ത്തനങ്ങളാണ് നടന്നു വരുന്നത്. റോഡ് മേല്‍പ്പാല നിര്‍മ്മാണത്തിന് 18.06 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്. ഇതിന്റെ ഭാഗമായി കാമ്പസിലുള്ള 6 പ്രധാന റോഡുകളുടേയും പാലത്തിന്റേയും നിര്‍മ്മാണ പ്രവര്‍ത്തനങ്ങളാണ് പൂത്തിയാകുന്നതെന്നും മന്ത്രി വ്യക്തമാക്കി.
മെഡിക്കല്‍ കോളേജ് ജംഗ്ഷനിലെ പിഎംആറിനും മെന്‍സ് ഹോസ്റ്റലിനും സമീപം മുതല്‍ ശ്രീ ചിത്ര ഇന്‍സ്റ്റിറ്റിയൂട്ടിന്റെ മുന്‍വശം വരെ നീളം വരുന്നതാണ് പുതിയ ഫ്‌ളൈ ഓവര്‍. 96 മീറ്റര്‍ അപ്രോച്ച് റോഡുമുണ്ട്. 12 മീറ്ററാണ് മേല്‍പ്പാലത്തിന്റെ വീതി. മോട്ടോര്‍ വേ 7.05 മീറ്ററും വാക് വേ 04.05 മീറ്ററുമാണ്. ഇന്ത്യയില്‍ അപൂര്‍വമായിട്ടുള്ള ജോയിന്റ് ഫ്രീ മേല്‍പ്പാലമാണിത്. യൂണീഫോം സ്ലോപ്പിലാണ് ഈ മേല്‍പ്പാലം നിര്‍മ്മിച്ചിട്ടുള്ളത്.
എസ്.എ.ടി. ആശുപത്രി, നഴ്‌സിംഗ് കോളേജ്, എസ്.എസ്.ബി., ശ്രീചിത്ര, ആര്‍സിസി, മെഡിക്കല്‍ കോളേജ്, പ്രിന്‍സിപ്പല്‍ ഓഫീസ്, സി.ഡി.സി., പി.ഐ.പി.എം.എസ്. എന്നിവിടങ്ങളില്‍ തിരക്കില്‍പ്പെടാതെ നേരിട്ടെത്താവുന്നതാണ്. ഇതിലൂടെ പ്രധാന ഗേറ്റുവഴി അത്യാഹിത വിഭാഗത്തിലും ആശുപത്രിയിലും തിരക്കില്ലാതെ എത്താനും സാധിക്കുന്നു. വികസന പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാന്‍ മന്ത്രി പലവട്ടം നേരിട്ട് സന്ദര്‍ശിക്കുകയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ യോഗം ചേര്‍ന്ന് കര്‍ശന നിര്‍ദേശം നല്‍കുകയും ചെയ്തു.
മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ജോ. ഡയറക്ടര്‍ ഡോ. തോമസ് മാത്യു, മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. സാറ വര്‍ഗീസ്, കൗണ്‍സിലര്‍ ഡി.ആര്‍. അനില്‍ എന്നിവര്‍ മന്ത്രിയോടൊപ്പമുണ്ടായിരുന്നു.
Rate this item
(0 votes)
Pothujanam

Pothujanam lead author

Latest from Pothujanam