Print this page

കൈറ്റിന്റെ പുതിയ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ഒ.എസ് സ്യൂട്ട് മുഖ്യമന്ത്രി പ്രകാശനം ചെയ്തു

പുതിയ ലാപ്ടോപ്പുകള്‍ക്കായി കേരളാ ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് ടെക്നോളജി ഫോര്‍ എഡ്യൂക്കേഷൻ (കൈറ്റ്) സജ്ജമാക്കിയ 'കൈറ്റ് ഗ്നൂ/ലിനക്സ് 20.04’ (Kite gnu/Linux 20.04)എന്ന പരിഷ്കരിച്ച സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ അധിഷ്ഠിത ഓപറേറ്റിംഗ് സിസ്റ്റം (ഒ.എസ്) സ്യൂട്ട് മുഖ്യമന്ത്രി പിണറായി വിജയ‍ന്‍ പ്രകാശനം ചെയ്തു. സ്കൂളുകളില്‍ കുട്ടികള്‍ക്കും അധ്യാപകര്‍ക്കും മാത്രമല്ല, വീടുകളില്‍ പൊതുവായ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന കമ്പ്യൂട്ടറുകളിലും, സര്‍ക്കാര്‍ ഓഫീസുകള്‍, ഡി.ടി.പി സെന്ററുകള്‍, സോഫ്റ്റ്‌വെയര്‍ നിര്‍മ്മാതാക്കള്‍ തുടങ്ങിയവർക്കും സമ്പൂര്‍ണ കമ്പ്യൂട്ടിങ്ങ് പ്ലാറ്റ്ഫോമായി ഈ ഒ.എസ് സ്യൂട്ട് സൗജന്യമായി ഉപയോഗിക്കാനാകും. നിയമസഭാ ഹാളില്‍ വെച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടിയുടെയും കൈറ്റ് സി.ഇ.ഒ കെ. അന്‍വര്‍ സാദത്തിന്റെയും സാന്നിദ്ധ്യത്തില്‍ ലിറ്റില്‍ കൈറ്റ്സ് അംഗങ്ങളായ തിരുവനന്തപുരം കോട്ടണ്‍ഹില്ലിലെ എം.എസ് കലാവേണിക്കും സെന്റ് ജോസഫ് സ്കൂളിലെ ആകാശ് ജെ-ക്കും ഒ.എസ് സ്യൂട്ട് നല്‍കിയാണ് മുഖ്യമന്ത്രി പ്രകാശനം നിര്‍വഹിച്ചത്.
പ്രമുഖ സ്വതന്ത്ര ജനകീയ ഓപറേറ്റിംഗ് സിസ്റ്റമായ ഉബുണ്ടുവിന്റെ ഇതുവരെയുള്ള എല്ലാ അപ്‍ഡേറ്റുകളും ഉള്‍പ്പെടുത്തിയതാണ് കൈറ്റ് ഗ്നൂ/ലിനക്സ് 20.04. ഉബുണ്ടു 20.04 റെപ്പോസിറ്ററിയില്‍ ഇല്ലാത്ത പല സോഫ്റ്റ്‌വെയറുകളും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുമുണ്ട്. മിക്ക സോഫ്റ്റ്‌വെയറുകളും ഏറ്റവും പുതിയ വേര്‍ഷനുകളിലേക്ക് അപ്ഡേറ്റു ചെയ്യുകയും, ഹയർസെക്കണ്ടറി-വൊക്കേഷണൽ ഹയർസെക്കണ്ടറി ഉള്‍പ്പെടെയുള്ള സ്കൂള്‍ പാഠ്യപദ്ധതിക്കനുസരിച്ച് കസ്റ്റമൈസ് ചെയ്യുകയും ചെയ്തിട്ടുണ്ട്.
മലയാളം കമ്പ്യൂട്ടിങ് സാധ്യമാക്കുന്നതിന് വിപുലമായ മലയാളം യൂണികോഡ് ഫോണ്ട് ശേഖരവും ഓഫീസ് പാക്കേജുകള്‍, ഭാഷാഇൻപുട്ട് ടൂളുകൾ, ഡാറ്റാബേസ് അപ്ലിക്കേഷനുകള്‍, ഡി.ടി.പി-ഗ്രാഫിക്സ് -ഇമേജ് എഡിറ്റിങ് സോഫ്റ്റ്‍വെയറുകള്‍, സൗണ്ട് റിക്കോര്‍ഡിങ്-വീഡിയോ എഡിറ്റിങ്-ത്രിഡി അനിമേഷന്‍ പാക്കേജുകൾ പ്രോഗ്രാമിങ്ങിനുള്ള ഐ.ഡി.ഇ.കള്‍, ഡാറ്റാബേസ് സര്‍വറുകള്‍, മൊബൈൽ ആപ്പുകളുടെ ഡെസ്‍ക്ടോപ് വേർഷനുകൾ തുടങ്ങിയവ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വിവിധ വിഷയങ്ങള്‍ ഐ.ടി ഉപയോഗിച്ച് പഠിക്കാനായി ഉപയോഗിക്കുന്ന അന്താരാഷ്ട്ര പ്രസിദ്ധമായ സ്വതന്ത്രസോഫ്റ്റ്‍വെയറുകളായ ജിയോജിബ്ര, ജികോമ്പ്രിസ് തുടങ്ങിയവയും ഈ ഒ.എസ് സ്യൂട്ടിലുണ്ട്.
നേരത്തെ പൊതുവിദ്യാഭ്യാസ രംഗത്ത് എല്ലാ കോഴ്സുകള്‍ക്കും ലൈസന്‍സ് അധിഷ്ഠിത അക്കൗണ്ടിംഗ് പാക്കേജായ ടാലിക്ക് പകരം 'ഗ്നൂ കാത്ത' വരെ ഉള്‍പ്പെടുത്തി പൂര്‍ണമായും സ്വതന്ത്ര സോഫ്റ്റ്‌വെയറാണ് പ്രയോജനപ്പെടുത്തുന്നത്. ഇതുമൂലം രണ്ട് ലക്ഷം കമ്പ്യൂട്ടറുകളില്‍ നിന്നായി 3000 കോടി രൂപ ലാഭിക്കാനായത് അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. വൊക്കേഷണല്‍ ഹയര്‍സെക്കന്ററി സ്കൂളുകളില്‍ നാഷണല്‍ സ്കില്‍സ് ക്വാളിഫിക്കേഷന്‍ ഫ്രെയിംവര്‍ക്ക് (എന്‍.എസ്.ക്യൂ.എഫ്) ജോബ് റോളുകള്‍ക്കുള്ള സോഫ്റ്റ്‌വെയറുകളും ഇതോടെ രാജ്യത്താദ്യമായി പൂര്‍ണമായും സ്വതന്ത്ര സോഫ്റ്റ്‍വെയറിലേക്ക് മാറുകയാണ്. വളരെ ചെലവേറിയതും എഞ്ചീനിയറിംഗ് കോഴ്സുകള്‍ക്ക് വരെ വ്യാപകമായി ഉപയോഗിക്കുന്നതുമായ ഓട്ടോകാഡിന് പകരം സ്വതന്ത്ര സോഫ്റ്റ്‍വെയറായ ലിബ്രകാഡും, ഡി.ടിപിക്ക് സ്ക്രൈബസ് സ്വതന്ത്രസോഫ്റ്റ്‍വെയറും ഈ സ്യൂട്ടിന്റെ ഭാഗമായുണ്ട്. കൈറ്റ് വെബ്സൈറ്റിലെ (kite.kerala.gov.in) ഡൗണ്‍ലോഡ്സ് ലിങ്കിൽ നിന്ന് ഒ.എസ് സ്യൂട്ട് സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാം.
Rate this item
(0 votes)
Last modified on Friday, 18 March 2022 13:00
Pothujanam

Pothujanam lead author

Latest from Pothujanam