Print this page

പാഴ്‌വസ്തു ശേഖരണത്തിനായി 'ആക്രി കട' ആപ്പുമായി കേരള സ്ക്രാപ്പ് മെർച്ചന്റ്സ് അസ്സോസിയേഷൻ

Kerala Scrap Merchants Association launches 'Akri Kada' app for waste collection Kerala Scrap Merchants Association launches 'Akri Kada' app for waste collection
സംസ്ഥാന വ്യവസായ വകുപ്പ് മന്ത്രി പി രാജീവ്, ആക്രി കട ആപ്പും വെബ്സൈറ്റും ഉത്ഘാടനം ചെയ്തു
തിരുവനന്തപുരം: സംസ്ഥാനമൊട്ടാകെ പാഴ്‌വസ്തുക്കൾ ശേഖരിച്ചു പരിസ്ഥിതിക്ക് ദോഷം വരാത്ത രീതിയിൽ പുനരുപയോഗം ചെയ്യുന്ന പ്രവൃത്തിയിൽ വ്യാപൃതരായ കേരള സ്ക്രാപ്പ് മെർച്ചന്റ്സ് അസ്സോസിയേഷൻ (കെ.എസ്.എം.എ) വിവര സാങ്കേതിക വിദ്യയുടെ അതിനൂതനമായ സംവിധാനങ്ങൾ ഉപയോഗിച്ചു വികസിപ്പിച്ച 'ആക്രി കട' എന്ന മൊബൈൽ അപ്ലിക്കേഷൻ പുറത്തിറക്കി. പാഴ് വസ്തുക്കൾ കെട്ടിക്കിടക്കുന്നത് മൂലം ദുരിതമനുഭവിക്കുന്ന പൊതു സമൂഹത്തെയും കെ.എസ്.എം.എ അംഗങ്ങളെയും തമ്മിൽ കൂട്ടിയിണക്കാനുള്ള ശ്രമത്തിന്റെ ആദ്യ പടിയായാണ് 'ആക്രി കട' ആപ്പ് അവതരിപ്പിച്ചത്. തിരുവനന്തപുരം മാസ്‌ക്കറ്റ് ഹോട്ടലിൽ നടന്ന ചടങ്ങിൽ സംസ്ഥാന വ്യവസായ വകുപ്പ് മന്ത്രി പി രാജീവ്, ആക്രി കട ആപ്പും വെബ്സൈറ്റും ഉത്ഘാടനം ചെയ്തു. വീടുകളിലെയും മറ്റും പാഴ്‌വസ്തുക്കൾ എങ്ങനെ കൃത്യമായി നിർമാർജനം ചെയ്യണമെന്ന ആശങ്കയ്‌ക്ക് പരിഹാരമാണ് വളർന്നു വരുന്ന മേഖലയായ സ്ക്രാപ്പ് മർച്ചന്റ്‌സ് അസോസിയേഷന്റെ 'ആക്രി കട' എന്ന ആപ്ലിക്കേഷൻ എന്ന് മന്ത്രി പറഞ്ഞു.
കേരളത്തിലെ പാഴ് വസ്തുവ്യാപാര മേഖലയിൽ പ്രവർത്തിക്കുന്ന ആളുകളുടെ സംഘടനയാണ് കേരള സ്ക്രാപ്പ് മെർച്ചന്റ്സ് അസ്സോസിയേഷൻ (കെ.എസ്.എം.എ). "ഭൂമിയെ സംരക്ഷിക്കാൻ കൈകോർക്കൂ, പുനരുപയോഗത്തിലൂടെ", എന്ന ആപ്തവാക്യവുമായി പ്രവർത്തിക്കുന്ന സംഘടന 2017 ജൂലൈ 20ന് രൂപം കൊണ്ട ശേഷം ഈ മേഖലയിൽ പ്രവർത്തിക്കുന്ന 95 ശതമാനം വ്യാപാരികളുടെയും പ്രാതിനിധ്യം വഹിക്കുന്നു. ഇന്ന് കേരളത്തിൽ ഉൽപാദിപ്പിക്കപ്പെടുന്ന പുന:ചംക്രമണം സാധ്യമായ ഖരമാലിന്യങ്ങളുടെ 90 ശതമാനത്തിന്റെയും സംസ്കരണം സാധ്യമാകുന്നത് ഈ സംഘടനയിലെ അംഗങ്ങളിലൂടെയാണ്. പാഴ് വസ്തു വ്യാപാരികളുടെ ഉന്നമനത്തിനായി നിരവധി പ്രവർത്തനങ്ങൾ നടത്തിക്കൊണ്ടിരിക്കുകയാണ് കെ എസ് എം എ.
സാമൂഹിക പ്രാധാന്യമുള്ള സേവന മേഖലയായതിനാൽ പൊതു ജനങ്ങൾക്ക് കൂടുതൽ ഉപകാരപ്രദമാവുന്ന പുത്തൻ ആശയമായാണ് ആക്രി കട ആപ്പ് അവതരിപ്പിച്ചിട്ടുള്ളത്. സംഘടനയിൽ അംഗത്വമുള്ള മെമ്പർമാർക്ക് ഈ ആപ്പിന്റെ സേവനം ഉപയോഗിക്കാവുന്നതാണ്. പൊതു ജനങ്ങൾക്ക് ഈ ആപ്പിലൂടെ തങ്ങളുടെ വീടുകളിൽ കെട്ടി കിടക്കുന്ന ഉപയോഗ ശൂന്യമായ വസ്തുക്കളുടെ ചിത്രങ്ങൾ പകർത്തി ഈ സംവിധാനത്തിലേക്ക് അപ്‌ലോഡ് ചെയ്യാവുന്നതാണ്. ഇങ്ങനെ അപ്‌ലോഡ് ചെയ്യുന്ന ചിത്രങ്ങൾ തൊട്ടടുത്ത പ്രദേശങ്ങളിൽ പ്രവർത്തിക്കുന്ന കെ എസ് എം എ അംഗങ്ങളായ പാഴ് വസ്തു വ്യാപാരികൾക്ക് അലേർട്ട് ആയി വരുകയും, അത് വഴി ചിത്രങ്ങൾ അപ്‌ലോഡ് ചെയ്ത വ്യക്തിയുമായി നേരിട്ട് ബന്ധപ്പെട്ട് ശേഖരിക്കാനും സാധ്യമാകും.
ചടങ്ങിൽ കെ എസ് എം എ സംസ്ഥാന പ്രസിഡണ്ട് വി എം കുഞ്ഞിമുഹമ്മദ് അധ്യക്ഷനായി. സംസ്ഥാന ജനറൽ സെക്രട്ടറി കെ പി എ ഷെരീഫ് ആക്രി കട ആപ്പിനെക്കുറിച്ച് വിശദീകരിച്ചു. തിരുവനന്തപുരം നഗരസഭ ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജമീല ശ്രീധരൻ ആക്രി കട യൂണിഫോം പ്രകാശനം നിർവഹിച്ചു. വൈസ് പ്രസിഡണ്ടുമാരായ ഷെബീർ പെരുമ്പാവൂർ , ടി ജി ബാബു, അബ്ദുൽ ഖാദർ കാസർഗോഡ്, മെഹബൂബ് കോഴിക്കോട്; ജോയിന്റ് സെക്രട്ടറിമാരായ എം സി ബാവ, നിസാർ കണ്ണൂർ, വി കെ റഹിം, നൗഷാദ് ഒ എ; അനിൽ കട്ടപ്പന സംസ്ഥാന (ട്രഷറർ), സിറാജ് വി എം (രക്ഷാധികാരി) എന്നിവർ ആശംസകൾ അർപ്പിച്ചു. മുഹമ്മദ് ആസിഫ് (തിരുവനന്തപുരം ജില്ലാ പ്രസിഡണ്ട് & സംസ്ഥാന ജോ: സെക്രട്ടറി) സ്വാഗതവും, മുരുകൻ തേവർ (സംസ്ഥാന വർക്കിംഗ് പ്രസിഡണ്ട് & തിരുവനന്തപുരം ജില്ലാ സെക്രട്ടറി) കൃതജ്ഞതയും രേഖപ്പെടുത്തി.
Rate this item
(0 votes)
Pothujanam

Pothujanam lead author

Latest from Pothujanam