Print this page

കുട്ടികള്‍ക്ക് സ്‌കൂളുകളില്‍ വാക്‌സിനേഷന്‍ നാളെ മുതല്‍ സ്‌കൂളുകളിലെ വാക്‌സിനേഷന് ആരോഗ്യ വകുപ്പ് സജ്ജം

Vaccination of children in schools from tomorrow  Vaccination in schools is set up by the Department of Health Vaccination of children in schools from tomorrow Vaccination in schools is set up by the Department of Health
തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകളില്‍ കോവിഡ് വാക്‌സിനേഷന് ആരോഗ്യ വകുപ്പ് സജ്ജമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കോവിഡ് വ്യാപന സമയത്ത് പരമാവധി കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കി സുരക്ഷിതമാക്കാനാണ് സ്‌കൂളുകളില്‍ വാക്‌സിനേഷന്‍ നടത്താന്‍ തീരുമാനിച്ചത്. മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരം ആരോഗ്യ വകുപ്പും വിദ്യാഭ്യാസ വകുപ്പും നിരവധി തവണ ചര്‍ച്ച നടത്തിയ ശേഷം ഇരു മന്ത്രിമാരുടേയും യോഗത്തിലാണ് സ്‌കൂളുകളിലെ വാക്‌സിനേഷന് അന്തിമ രൂപം നല്‍കിയത്. പൂര്‍ണമായും കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ചായിരിക്കും വാക്‌സിനേഷന്‍ പ്രവര്‍ത്തിക്കുക. രക്ഷിതാക്കളുടെ സമ്മതത്തോടെയായിരിക്കും വാക്‌സിന്‍ നല്‍കുക. 15 വയസിന് മുകളിലുള്ള കുട്ടികള്‍ക്ക് വാക്‌സിന്‍ എടുത്തെന്ന് എല്ലാ രക്ഷിതാക്കളും ഉറപ്പാക്കണമെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു.
സംസ്ഥാനത്ത് 15 വയസിനും 18 വയസിനും ഇടയ്ക്കുള്ള 8,31,495 പേര്‍ക്ക് (55 ശതമാനം) ആകെ വാക്‌സിന്‍ നല്‍കാനായി. അതിനാല്‍ തന്നെ പകുതിയില്‍ താഴെ കുട്ടികള്‍ക്ക് മാത്രമേ വാക്‌സിന്‍ നല്‍കാനുള്ളു. 2007ലോ അതിനുമുമ്പോ ജനിച്ചവര്‍ക്ക് വാക്‌സിന്‍ എടുക്കാവുന്നതാണ്. വാക്‌സിന്‍ എടുക്കാത്ത വിദ്യാര്‍ത്ഥികള്‍ സ്‌കൂള്‍ അധികൃതരുമായി ബന്ധപ്പെട്ട് രജിസ്‌ട്രേഷന്‍ നടത്തേണ്ടതാണ്. 500ല്‍ കൂടുതല്‍ ഗുണഭോക്താക്കളുള്ള സ്‌കൂളുകളെ സെഷന്‍ സൈറ്റുകളായി തിരഞ്ഞെടുത്താണ് വാക്‌സിനേഷന്‍ നടത്തുന്നത്. സ്‌കൂളുകളില്‍ തയ്യാറാക്കിയ വാക്‌സിനേഷന്‍ സെഷനുകള്‍ അടുത്തുള്ള സര്‍ക്കാര്‍ കോവിഡ് വാക്‌സിനേഷന്‍ കേന്ദ്രങ്ങളുമായി ബന്ധിപ്പിച്ചിട്ടുണ്ട്.
സാധാരണ വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ പോലെ സ്‌കൂള്‍ വാക്‌സിനേഷന്‍ കേന്ദ്രങ്ങളിലും വെയ്റ്റിംഗ് ഏരിയ, വാക്‌സിനേഷന്‍ റൂം, ഒബ്‌സര്‍വേഷന്‍ റൂം എന്നിവ ഉണ്ടായിരിക്കും. ഇന്‍ഫ്രാറെഡ് തെര്‍മോമീറ്റര്‍ ഉപയോഗിച്ച് താപനില പരിശോധിച്ച ശേഷമായിരിക്കും വിദ്യാര്‍ത്ഥികളെ വാക്‌സിനേഷന്‍ കേന്ദ്രത്തില്‍ പ്രവേശിപ്പിക്കുക. കൈകള്‍ സാനിറ്റൈസ് ചെയ്ത ശേഷം വിദ്യാര്‍ത്ഥികള്‍ വെയിറ്റിംഗ് ഏരിയയില്‍ വിശ്രമിക്കണം. ആധാറോ സ്‌കൂള്‍ ഐഡി കാര്‍ഡോ കുട്ടികള്‍ കയ്യില്‍ കരുതണം. വാക്‌സിനേഷന്‍ ഡെസ്‌കില്‍ ഇവ കാണിച്ച് രജിസ്റ്റര്‍ ചെയ്ത കുട്ടിയാണെന്ന് ഉറപ്പ് വരുത്തും. കുട്ടിക്ക് മറ്റ് ആരോഗ്യ പ്രശ്‌നങ്ങളോ അലര്‍ജിയോ ഇല്ലായെന്ന് ചോദിച്ച് ഉറപ്പ് വരുത്തും. അതിന് ശേഷം വാക്‌സിനേഷന്‍ റൂമിലെത്തി വാക്‌സിന്‍ സ്വീകരിക്കാവുന്നതാണ്. ഓരോ കേന്ദ്രത്തിലും ഒരു ഡോക്ടറുടെ സേവനമുണ്ടാകും.
വാക്‌സിനെടുത്ത ശേഷം ഒബ്‌സര്‍വേഷന്‍ റൂമില്‍ 30 മിനിറ്റ് കുട്ടികളെ നിരീക്ഷിക്കുന്നതായിരിക്കും. എന്തെങ്കിലും ബുദ്ധിമുട്ടുണ്ടാകുന്നെങ്കില്‍ പരിഹരിക്കുന്നതിന് എഇഎഫ്‌ഐ (Adverse Events Following Immunization) മാനേജ് ചെയ്യുന്നതിനുള്ള സംവിധാനം എല്ലാ കേന്ദ്രങ്ങളിലുമൊരുക്കുന്നതാണ്. കുട്ടികള്‍ക്ക് കൂടുതല്‍ ബുദ്ധിമുട്ടകള്‍ കാണുന്നുവെങ്കില്‍ തൊട്ടടുത്ത എഇഎഫ്‌ഐ മാനേജ്‌മെന്റ് സെന്ററിലെത്തിക്കുന്നതാണ്. ഇതിനായി സ്‌കൂളുകള്‍ ഓക്‌സിജന്‍ സൗകര്യമുള്ള ആംബുലന്‍സ് ഉറപ്പാക്കുന്നതാണ്.
രാവിലെ 9 മണി മുതല്‍ വൈകുന്നേരം 3 മണിവരെയായിരിക്കും സ്‌കൂളുകളിലെ വാക്‌സിനേഷന്‍ സമയം. സ്‌കൂളുകളുടെ സൗകര്യം കൂടി കണക്കിലെടുത്ത് വാക്‌സിനേഷന്‍ സമയത്തിന് മാറ്റം വന്നേക്കാം.
 
Rate this item
(0 votes)
Last modified on Tuesday, 18 January 2022 12:29
Pothujanam

Pothujanam lead author

Latest from Pothujanam