Print this page

പുനര്‍ഗേഹം പദ്ധതി; സ്റ്റാമ്പ് ഡ്യൂട്ടിയും രജിസ്ട്രേഷന്‍ ചാര്‍ജും ഒഴിവാക്കി നല്‍കും

Recovery plan; Stamp duty and registration charge will be waived Recovery plan; Stamp duty and registration charge will be waived
കടലാക്രമണ ഭീഷണിയില്‍ തീരപ്രദേശത്ത് താമസിക്കുന്ന മത്സ്യത്തൊഴിലാളി കുടുംബങ്ങളെ പുനരധിവസിപ്പിക്കാനുള്ള പുനര്‍ഗേഹം പദ്ധതിയില്‍ സ്റ്റാമ്പ് ഡ്യൂട്ടിയും രജിസ്ട്രേഷന്‍ ചാര്‍ജും ഒഴിവാക്കി നല്‍കുമെന്ന് ഫിഷറീസ് മന്ത്രി സജി ചെറിയാന്‍ അറിയിച്ചു. ഇന്നത്തെ മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം.
കടലോരത്ത് വേലിയേറ്റ രേഖയുടെ 50 മീറ്റര്‍ ദൂരപരിധിക്കുള്ളില്‍ താമസിക്കുന്ന മുഴുവന്‍ തീരദേശ നിവാസികളെയും പുനരധിവസിപ്പിക്കുന്നതിന് നടപ്പിലാക്കി വരുന്ന പദ്ധതിയാണ് പുനര്‍ഗേഹം. 2450 കോടി രൂപ ചെലവില്‍ 3 വര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കാന്‍ ലക്ഷ്യമിടുന്ന പദ്ധതിപ്രകാരം മത്സ്യത്തൊഴിലാളികള്‍ക്ക് സ്വന്തമായി ഭൂമി വാങ്ങി ഭവനം നിര്‍മിക്കുന്നതിനോ റെസിഡന്റ് ഗ്രൂപുകളായി ഒരുമിച്ചു ഭൂമി വാങ്ങി കെട്ടിടസമുച്ചയം പണിയുന്നതിനോ വാസയോഗ്യമായ വീടും ഭൂമിയും ഒരുമിച്ചു വാങ്ങുന്നതിനോ കഴിയും. ഒരു കുടുംബത്തിന് വസ്തുവിനും ഭവന നിർമ്മാണത്തിനും കൂടി പരമാവധി ലഭിക്കുന്ന തുക 10 ലക്ഷം രൂപയാണ്. വസ്തു വിലയും സ്റ്റാമ്പ് ഡ്യൂട്ടിയും രജിസ്ട്രേഷൻ ചാർജും ഉൾപ്പെടെ ഒരു ഗുണഭോക്താവിന് പരമാവധി വസ്തുവിലയായി അനുവദിക്കാവുന്ന തുക 6 ലക്ഷമാണ്. വസ്തുവിലയുടെ 8% തുക സ്റ്റാംപ് ഡ്യൂട്ടിയും 2% തുക രജിസ്ട്രേഷൻ ചാർജും ആയതിനാല്‍ ഉപഭോക്താക്കള്‍ക്ക് ഫലത്തില്‍ ലഭിക്കുന്ന തുകയില്‍ കുറവ് വരുന്നു എന്ന് മനസിലാക്കിയാണ് ഇവ ഒഴിവാക്കി നല്‍കുവാന്‍ മന്ത്രിസഭ തീരുമാനമെടുത്തത്. ഭൂമി കണ്ടെത്തി രജിസ്ട്രേഷന്‍ നടത്തുന്നവര്‍ക്കും ഭൂമിയും വീടും ഒരുമിച്ചു കണ്ടെത്തി രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്കും ഈ ആനുകൂല്യം ലഭിക്കും. അറുപതിനായിരത്തോളം രൂപ ഇത്തരത്തില്‍ ഗുണഭോക്താക്കള്‍ക്ക് ലഭിക്കുമെന്നും മന്ത്രി അറിയിച്ചു.
Rate this item
(0 votes)
Pothujanam

Pothujanam lead author

Latest from Pothujanam