ഇന്‍ഡോര്‍: രഞ്ജി ട്രോഫിയില്‍ കേരളത്തിനെതിരെ 404 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന മധ്യ പ്രദേശിന് രണ്ട് വിക്കറ്റ് നഷ്ടം. ഇന്‍ഡോര്‍, ഹോര്‍ക്കര്‍ സ്‌റ്റേഡിയത്തില്‍ നാലാം ദിനം ലഞ്ചിന് പിരിയുമ്പോള്‍ രണ്ടിന് 44 എന്ന നിലയിലാണ് മധ്യ പ്രദേശ്. ഹര്‍ഷ് ഗാവ്‌ലി (0), യഷ് ദുബെ (19) എന്നിവരുടെ വിക്കറ്റുകളാണ് മധ്യ പ്രദേശിന് നഷ്ടമായത്. ശ്രീഹരി നായര്‍ക്കാണ് രണ്ട് വിക്കറ്റുകളും. രണ്ട് സെഷനും എട്ട് വിക്കറ്റും കയ്യിലിരിക്കെ 360 റണ്‍സാണ് മധ്യ പ്രദേശിന് ജയിക്കാന്‍ വേണ്ടത്. കേരളം രണ്ടാം ഇന്നിംഗ്‌സ് അഞ്ചിന് 314 റണ്‍സെന്ന നിലയില്‍ ഇന്നിംഗ്‌സ് ഡിക്ലയര്‍ ചെയ്തിരുന്നു. സച്ചിന്‍ ബേബി (പുറത്താവാതെ 122), ബാബാ അപരാജിത് (105) എന്നിവരുടെ ഇന്നിംഗ്‌സുകളാണ് കേരളത്തെ കൂറ്റന്‍ സ്‌കോറിലേക്ക് നയിച്ചത്. നേരത്തെ, കേരളത്തിന്റെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 281നെതിരെ മധ്യ പ്രദേശ് 192ന് എല്ലാവരും പുറത്താവുകയായിരുന്നു.
നാല് വിക്കറ്റ് വീഴ്ത്തിയ ഏദന്‍ ആപ്പിള്‍ ടോം, മൂന്ന് വിക്കറ്റ് വീഴ്ത്തിയ നിധീഷ് എം ഡി എന്നിവരാണ് മധ്യ പ്രദേശിനെ തകര്‍ത്തത്. 67 റണ്‍സ് നേടിയ സരണ്‍ഷ് ജെയ്‌നാണ് മധ്യ പ്രദേശിന്റെ ടോപ് സ്‌കോറര്‍. നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ കേരളത്തെ 98 റണ്‍സ് നേടിയ ബാബാ അപരാജിതാണ് ഭേദപ്പെട്ട സ്‌കോറിലേക്ക് നയിച്ചത്. അഭിജിത് പ്രവീണ്‍ (60), അഭിഷേക് നായര്‍ (47) എന്നിവരും നിര്‍ണായക പ്രകടനം പുറത്തെടുത്തിരുന്നു. മധ്യ പ്രദേശിന് വേണ്ടി മുഹമ്മദ് അര്‍ഷദ് ഖാന്‍ നാലും സരണ്‍ഷ് ജെയ്ന്‍ മൂന്നും വിക്കറ്റ് വീഴ്ത്തി.