Print this page

വിദേശി പരിശീലകരെ തഴഞ്ഞു; ഖാലിദ് ജമീല്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിന്റെ പുതിയ കോച്ച്

Khalid Jameel appointed as new coach of Indian football team Khalid Jameel appointed as new coach of Indian football team
കൊല്‍ക്കത്ത: ഖാലിദ് ജമീല്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിന്റെ പുതിയ പരിശീലകനായി തെരഞ്ഞെടുക്കപ്പെട്ടു. എഐഎഫ്എഫ് എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിലായിരുന്നു തീരുമാനം. ഐ എം വിജയന്റെ നേതൃത്വത്തിലുള്ള ടെക്നിക്കല്‍ കമ്മിറ്റി ശുപാര്‍ശ ചെയ്തിരുന്നത്. നിലവില്‍ ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ക്ലബ് ജംഷഡ്പൂര്‍ എഫ്‌സിയുടെ പരിശീലകനാണ് ജമീല്‍. മൂന്നംഗ ചുരുക്കപ്പട്ടികയില്‍ നിന്നാണ് അദ്ദേഹത്തെ നിയമിച്ചത്. മുമ്പ് ഈസ്റ്റ് ബംഗാളിന്റെയും മോഹന്‍ ബഗാന്റെയും മാനേജരായി സേവനമനുഷ്ഠിച്ചിട്ടുണ്ട് അദ്ദേഹം. 2017ല്‍ ഐസ്വാള്‍ എഫ്സിയെ ഐ ലീഗ് ജേതാക്കളാക്കിയത് നേട്ടമായി. ഐഎസ്എല്ലില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെയും ജംഷഡ്പുരിനെയും സെമിയിലെത്തിച്ചു.
പരിശീലകരാകാന്‍ 170 പേരാണ് അപേക്ഷിച്ചത്. അന്തിമപട്ടികയില്‍ ഖാലിദ് ജമീലിനെകൂടാതെ ഇംഗ്ലീഷുകാരന്‍ സ്റ്റീഫന്‍ കോണ്‍സ്റ്റന്റൈയ്നും സ്ലൊവാക്യയുടെ സ്റ്റെഫാന്‍ തര്‍കോവിച്ചുമാണ് ഉണ്ടായിരുന്നത്. മനോലോ മാര്‍ക്വസ് സ്ഥാനമൊഴിഞ്ഞതോടെയാണ് ഇന്ത്യ പുതിയ കോച്ചിനെ തേടിയത്. ഫിഫ റാങ്കിങ്ങില്‍ 133-ാം സ്ഥാനത്താണിപ്പോള്‍ ഇന്ത്യ. ഇവിടെ നിന്നും ടീമിനെ ഉയര്‍ത്തികൊണ്ടു വരികയെന്ന കടുത്ത വെല്ലുവിളിയാണ് അദ്ദേഹത്തെ കാത്തിരിക്കുന്നത്. ഒക്ടോബര്‍ 9ന് ഏഷ്യന്‍ കപ്പ് യോഗ്യതാ റൗണ്ടില്‍ സിംഗപ്പുരിനെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം. നാല്‍പ്പത്തെട്ടുകാരനായ ഖാലിദ് മുമ്പ് ഇന്ത്യക്ക് വേണ്ടിയും കളിച്ചിട്ടുണ്ട്.

സമീപകാലത്ത് ടീമിന്റെ പ്രകടനം ദയനീയമായിരുന്നു. ഏഷ്യന്‍ കപ്പിലും ലോകകപ്പ് യോഗ്യതാ റൗണ്ടിലും തകര്‍ന്നടിഞ്ഞു. ഇതോടെ ക്രൊയേഷ്യക്കാരനായ ഇഗര്‍ സ്റ്റിമച്ചിനെ പരിശീലകസ്ഥാനത്തുനിന്ന് പുറത്താക്കി. പിന്‍ഗാമിയായാണ് എഫ്സി ഗോവയുടെ ചുമതലയുള്ള മനോലോയെ നിയമിച്ചത്. എന്നാല്‍ സ്പാനിഷുകാരനും ടീമിനെ ഉണര്‍ത്താനായില്ല. എട്ട് കളിയില്‍ ഒറ്റ ജയം മാത്രമാണ് സമ്മാനിക്കാനായത്. പിന്നാലെ എഐഎഫ്എഫ് പുതിയ കോച്ചിനെ തേടിയിറങ്ങി.

പുതിയ സാഹചര്യത്തില്‍ ഇന്ത്യന്‍ പരിശീലകനാകും ഉത്തമം എന്ന നിലപാടിലേക്ക് എഐഎഫ്എഫ് എത്തുകയായിരുന്നു. വിദേശ കോച്ചിനെ കൊണ്ടുവരാനുള്ള സാമ്പത്തിക ശേഷിയും നിലവിലില്ല. ടെക്നിക്കല്‍ കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഐ എം വിജയന്‍, ഡെപ്യൂട്ടി ചെയര്‍പേഴ്സണ്‍ ഷബീറലി, അംഗമായ ക്ലൈമാക്സ് ലോറന്‍സ് അടക്കമുള്ളവര്‍ക്ക് ഖാലിദ് ജമീലിനെ നിയമിക്കണമെന്ന നിലപാടായിരുന്നു.

Rate this item
(0 votes)
Pothujanam

Pothujanam lead author

Latest from Pothujanam