Print this page

പ്രതിഷേധങ്ങൾക്കിടെ പ്രധാനമന്ത്രിയെ സ്വീകരിച്ച് മുഖ്യമന്ത്രി സ്റ്റാലിനും ഗവർണറും

പ്രതിഷേധങ്ങൾക്കിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ദക്ഷിണേന്ത്യൻ സന്ദർശനം. തെലങ്കാനയിൽ വിവിധ വികസനപദ്ധതികളുടെ ഉദ്ഘാടനത്തിന് ശേഷം വൈകിട്ട് മൂന്ന് മണിക്കാണ് പ്രധാനമന്ത്രി ചെന്നൈയിലെത്തിയത്. വിമാനത്താവളത്തിൽ തമിഴ്നാട് ഗവർണർ ആർ.എൻ.രവിയും മുഖ്യമന്ത്രി എം.കെ.സ്റ്റാലിനും ചേർന്ന് അദ്ദേഹത്തെ സ്വീകരിച്ചു. എ.രാമസ്വാമി എഴുതിയ മഹാത്മാ ഗാന്ധിയുടെ തമിഴ്നാട്ടിലെ യാത്രകൾ എന്ന പുസ്തകം നൽകിയാണ് സ്റ്റാലിൻ മോദിയെ സ്വീകരിച്ചത്.


അതേസമയം കറുത്ത ഹൈഡ്രജൻ ബലൂണുകളിൽ മോദി ഗോ ബാക്ക് എന്നെഴുതി ആകാശത്തേക്ക് പറത്തിയും വിവിധയിടങ്ങളിൽ പ്രതിഷേധം നടന്നു.ഗോ ബാക്ക് മോദി എന്ന ഹാഷ് ടാഗിലായിരുന്നു സാമൂഹിക മാധ്യമങ്ങളിലെ പ്രതിഷേധം. പ്രധാനമന്ത്രിയുടെ സുരക്ഷക്കായി 22000 പൊലീസുകാരെയാണ് ചെന്നൈ നഗരത്തിൽ വിന്ന്യസിച്ചത്. മോദിയുടെ ദക്ഷിണേന്ത്യൻ പര്യടനം നാളെയും തുടരും. കോൺഗ്രസിന്‍റേയും ദ്രാവിഡ സംഘടനകളുടേയും നേതൃത്വത്തിൽ വ്യാപക പ്രതിഷേധവും മോദിയുടെ സന്ദർശനത്തിന് എതിരെ നടന്നു.


ഒന്നാം ഘട്ട നിർമാണം പൂർത്തിയാക്കിയ 1260 കോടി രൂപ ചെലവിട്ട് നിർമിച്ച 2.20 ലക്ഷം ചതുരശ്ര അടി വിസ്തീർണമുള്ള അന്താരാഷ്ട്ര ടെർമിനൽ പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു. തുടർന്ന് ചെന്നൈയിൽ നിന്ന് കോയമ്പത്തൂരിനുള്ള വന്ദേ ഭാരത് ട്രെയിൻ സർവീസ് പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തു. രാമകൃഷ്ണ മഠത്തിന്‍റെ 125 ആം വാർഷികാഘോഷ പരിപാടിയിലും മോദി പങ്കെടുത്തു.
Rate this item
(0 votes)
Last modified on Saturday, 08 April 2023 18:07
Author

Latest from Author