Print this page

ആൻഡമാൻ നിക്കോബാർ ദ്വീപിലെ നിരോധിത മേഖലയിലേക്ക് കടന്നുകയറാൻ ശ്രമം, യുഎസ് പൌരൻ അറസ്റ്റിൽ

US citizen arrested for attempting to enter restricted area in Andaman and Nicobar Islands US citizen arrested for attempting to enter restricted area in Andaman and Nicobar Islands
പോർട്ട് ബ്ലെയർ: ആൻഡമാൻ നിക്കോബാർ ദ്വീപിലെ നിരോധിത മേഖലയിലേക്ക് അനധികൃതമായി കടക്കാൻ ശ്രമിച്ച അമേരിക്കൻ പൌരൻ അറസ്റ്റിൽ. വടക്കൻ സെന്റിനൽ ദ്വീപിലേക്ക് കടക്കാൻ ശ്രമിച്ച മിഖായെലോ വിക്തര്‍വിച് പൊലിക്കോവ് എന്ന 24കാരനാണ് മാര്‍ച്ച് 31ന് അറസ്റ്റിലായതെന്നാണ് പൊലീസ് ബുധനാഴ്ച വ്യക്തമാക്കിയത്. ഒരു വിധ അനുമതികളും ഇല്ലാതെ ദ്വീപിലേക്ക് കയറാൻ ശ്രമിച്ചതിനാണ് അറസ്റ്റ്. മാർച്ച് 26നാണ് ഇയാൾ പോർട്ട് ബ്ലെയറിൽ എത്തിയത്. കുര്‍മ ദേരാ ബീച്ചിൽ നിന്നാണ് ഇയാൾ സെന്റിനൽ ദ്വീപിലേക്ക് എത്തിയത്. മാർച്ച് 29ന് പുലർച്ചെ 1 മണിയോടെ തേങ്ങയും കോളയും വച്ച് ചെറു ബോട്ടിലാണ് ഇയാൾ ദ്വീപിന് അടുത്തേക്ക് എത്തിയത്.
രാവിലെ 10 മണിയോടെ ദ്വീപിലേക്ക് എത്തിയ ഇയാൾ ബൈനോക്കുലർ ഉപയോഗിച്ച് ദ്വീപ് നിവാസികൾക്കായി നിരീക്ഷണം നടത്തി. എന്നാൽ സംരക്ഷിത ആദിവാസികളെ കണ്ടെത്താൻ ഇയാൾക്ക് സാധിച്ചില്ലെന്നാണ് പൊലീസ് വിശദമാക്കുന്നത്. ബോട്ടിൽ നിന്ന് നിരീക്ഷണം നടത്തിയ ശേഷം ദ്വീപിലേക്ക് ഇറങ്ങുകയായിരുന്നു. തേങ്ങയും കോളയും തീരത്തിന് സമീപത്ത് വച്ച ശേഷം ഇയാൾ മണ്ണിന്റെ സാംപിൾ ശേഖരിക്കുകയും ദ്വീപിന്റെ വീഡിയോ ഷൂട്ട് ചെയ്യുകയും ചെയ്യുകയായിരുന്നു. രാത്രി ഏഴ് മണിയോടെ കുര്‍മ ദേരാ ബീച്ചിലേക്ക് എത്തിയ ഇയാളെ മത്സ്യത്തൊഴിലാളികൾ കണ്ടെത്തുകയായിരുന്നു.
ആൻഡമാൻ നിക്കോബാർ ദ്വീപുകൾ ഇയാൾ സന്ദർശനം നടത്തിയ മറ്റ് മേഖലകൾ ഏതാണെന്ന് കണ്ടെത്താൻ ശ്രമിക്കുന്നതായാണ് പൊലീസ് വിശദമാക്കിയത്. പോർട്ട് ബ്ലെയറിൽ ഇയാൾ താമസിക്കുന്ന ഹോട്ടലിലെ ജീവനക്കാരെയും പൊലീസ് തിരയുന്നുണ്ട്. കടലിനേക്കുറിച്ചും തിരകളേക്കുറിച്ചും കുര്‍മ ദേരാ ബീച്ചിനേക്കുറിച്ചും നല്ല രീതിയിൽ പഠിച്ച ശേഷമാണ് ഇയാൾ ദ്വീപിലേക്ക് അതിക്രമിച്ച് കടന്നത്. ജിപിഎസ് ഉപയോഗിച്ചായിരുന്നു ഇയാൾ ദ്വീപിലേക്ക് എത്തിയതെന്നാണ് പൊലീസ് വിശദമാക്കുന്നത്. ഇയാളുടെ പക്കൽ നിന്ന് ഗോ പ്രോ ക്യാമറയും ദൃശ്യങ്ങളും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
അമേരിക്കൻ പൌരനായ ഇയാളുടെ പിതാവ് യുക്രൈൻ വംശജനാണ്. ഇത് ആൻഡമാൻ നിക്കോബാറിലേക്കുള്ള ഇയാളുടെ ആദ്യത്തെ യാത്രയല്ലെന്നാണ് പൊലീസ് വിശദമാക്കുന്നത്. നുവരിയില്‍ ആന്‍ഡമാനിലെത്തിയ 24കാരൻ ബാറാതാങ് ദ്വീപിലെത്തുകയും അനധികൃതമായി ജറാവാ ആദിവാസികളുടെ വിഡിയോ ചിത്രീകരിച്ചതായും അന്വേഷണത്തില്‍ കണ്ടെത്തി. തിരമാലകള്‍ കുറവുള്ള സമയം മനസിലാക്കിയ യുവാവിന് കുര്‍മ ദേര ബീച്ചില്‍ നിന്നും സെന്‍റിനലിലേക്ക് പോകാനുള്ള എളുപ്പമാര്‍ഗവും വരെ ധാരണയുണ്ടെന്നാണ് പൊലീസ് വിശദമാക്കുന്നത്.
Rate this item
(0 votes)
Pothujanam

Pothujanam lead author

Latest from Pothujanam