Print this page

അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസ് : സാധ്യമായ എല്ലാ വിദഗ്ധ ചികിത്സയും നൽകും

അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസ് ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളേജ് സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രിയിൽ ചികിത്സയിലുള്ള കുട്ടിയ്ക്ക് സാധ്യമായ എല്ലാ വിദഗ്ധ ചികിത്സയും നൽകുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ഈ രോഗത്തിന് ഫലപ്രദമായ മരുന്നുകളില്ല. നേഗ്ലെറിയയ്ക്കെതിരെ ഫലപ്രദമെന്ന് കരുതുന്ന ഒരു കൂട്ടം മരുന്നുകളുടെ സംയുക്തം ഉപയോഗിച്ചാണ് ചികിത്സിക്കുന്നത്. മറ്റ് വിദേശ രാജ്യങ്ങളിലുൾപ്പെടെ മരുന്ന് കിട്ടാനുള്ള സാധ്യതയും തേടുന്നുണ്ട്. രോഗം റിപ്പോർട്ട് ചെയ്ത പ്രദേശത്ത് ആരോഗ്യ വകുപ്പ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കിയിട്ടുണ്ട്. ആർക്കെങ്കിലും രോഗലക്ഷണങ്ങൾ കണ്ടാൽ വിദഗ്ധ ചികിത്സ ഉറപ്പാക്കാനും ജില്ലാ മെഡിക്കൽ ഓഫീസർക്ക് നിർദേശം നൽകിയിട്ടുണ്ട്. പ്രദേശത്ത് ബോധവത്കരണം ഉൾപ്പടെയുള്ള പ്രതിരോധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തിയതായും മന്ത്രി പറഞ്ഞു.


മലപ്പുറം മൂന്നിയൂർ പഞ്ചായത്തിലെ 5 വയസുകാരനാണ് രോഗം സ്ഥിരീകരിച്ചത്. ഈ മാസം ഒന്നാം തീയതി കുട്ടി ബന്ധുക്കളോടോപ്പം വീടിന് സമീപത്തെ പുഴയിൽ കുളിച്ചിരുന്നു. പത്താം തീയതി പനിയും തലവേദനയും ഛർദിയും ഉണ്ടായതിനെ തുടർന്ന് വീടിനടുത്തുള്ള ശിശു രോഗ വിദഗ്ധനെ കാണിച്ചു. പന്ത്രണ്ടാം തീയതി രണ്ടു തവണ ഛർദി, തലചുറ്റൽ എന്നിവ ഉണ്ടായതിനാൽ ചേളാരിയിലെ സ്വകാര്യ ആസ്പത്രിയിലും തുടർന്ന് കോഴിക്കോട് സ്വകാര്യ ആസ്പത്രിയിലും കാണിച്ചു. അന്നേദിവസം തന്നെ രോഗിയെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച് വിദഗ്ധ ചികിത്സ നൽകി വരുന്നു. കുട്ടിയോടൊപ്പം പുഴയിൽ കുളിച്ച ബന്ധുക്കളായ ആൾക്കാർ നിരീക്ഷണത്തിലാണ്.
Rate this item
(0 votes)
Author

Latest from Author