Print this page

'ആകാശഗംഗ' യാത്രയുമായി ഭിന്നശേഷി കുട്ടികളുടെ സംഘം മന്ത്രി മന്ദിരത്തിൽ; മാതൃകാപരമായ സംരംഭമെന്ന് മന്ത്രി ഡോ. ആർ ബിന്ദു

By January 03, 2024 291 0
'ആകാശഗംഗ' യാത്രയുടെ ഭാഗമായി തിരുവനന്തപുരത്ത് എത്തിയ ഭിന്നശേഷിക്കാരായ കുട്ടികളുടെ സംഘം ഉന്നതവിദ്യാഭ്യാസ- സാമൂഹ്യനീതി മന്ത്രി ഡോ.ആർ ബിന്ദുവിനെ സന്ദർശിച്ചു. മന്ത്രിയുടെ വസതിയിലായിരുന്നു കൂടിക്കാഴ്ച. കോഴിക്കോട് ദേവർകോവിൽ കെ.വി.കെ.എം.യു.പി സ്‌കൂളിലെ ഒന്നു മുതൽ ഏഴു വരെ ക്ലാസുകളിൽ പഠിക്കുന്ന ഭിന്നശേഷിക്കാരായ വിദ്യാർത്ഥികളുടെ സംഘമാണ് മന്ത്രിയെ സന്ദർശിച്ചത്. വീടിനുള്ളിലെ പരിമിത കാഴ്ചകളിൽ ഒതുങ്ങിപ്പോകുന്ന ഭിന്നശേഷിക്കാരായ വിദ്യാർത്ഥികളുടെ മനസ്സ് കണ്ടറിഞ്ഞ് അവർക്കായി കാഴ്ചകളും സന്തോഷങ്ങളും നിറച്ച സ്‌നേഹസൗഹൃദയാത്രയാണ് കെ.വി.കെ.എം.യു.പി സ്‌കൂളിന്റെ നേതൃത്വത്തിൽ ഒരുക്കിയത്.


ദേവർകോവിൽ മുതൽ തിരുവനന്തപുരം വരെയാണ് യാത്ര. ഭിന്നശേഷിക്കാരായ എട്ടോളം വിദ്യാർത്ഥികളും വിദ്യാലയത്തിലെ വിവിധ ക്ലാസുകളിൽ പഠിക്കുന്ന 15 വിദ്യാർത്ഥികളും പിടിഎ, എം പി ടി എ പ്രതിനിധികളും അധ്യാപകരും ഉൾപ്പെടെ 43 അംഗങ്ങളാണ് സംഘത്തിലുണ്ടായിരുന്നത്. സ്വന്തം കാഴ്ചയിലും സന്തോഷത്തിലും മാത്രം അഭിരമിക്കലല്ല മറിച്ച് പരിമിതപ്പെട്ടു പോകുന്നവരുടെ കാഴ്ചയാവുകയും അവരുടെ സന്തോഷത്തിനുവേണ്ടി സ്വയം സമർപ്പണം ചെയ്യുകയും എന്നത് നമ്മളോരോരുത്തരുടെയും ഉത്തരവാദിത്തമാണെന്ന ഓർമ്മപ്പെടുത്തലുമായാണ് 'ആകാശഗംഗ' യാത്ര. കണ്ണൂർ എയർപോർട്ടിൽ നിന്ന് എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലാണ് സംഘം തിരുവനന്തപുരത്തെത്തിയത്.


മൃഗശാല, കുതിര മാളിക, മ്യൂസിയം, സ്ട്രീറ്റ് വ്യൂ എന്നിവ കണ്ടതിനുശേഷം തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിൽ നിന്നും വന്ദേഭാരത് ട്രെയിനിൽ കോഴിക്കോട്ടേക്ക് മടങ്ങി. വിദ്യാലയം സംഘടിപ്പിക്കുന്ന ആദ്യ വിമാനയാത്രയും വന്ദേ ഭാരത് യാത്രയുമാണിത്. ഇങ്ങനെയൊരു യാത്രാസംരംഭത്തിലൂടെ ഉത്തമമായ മാതൃകയാണ് തീർത്തിരിക്കുന്നതെന്ന് മന്ത്രി ഡോ ആർ ബിന്ദു പറഞ്ഞു. ഭിന്നശേഷി വിദ്യാർത്ഥികളുടെ പൂർണ്ണമായ യാത്രാച്ചെലവ് ഏറ്റെടുക്കാൻ രക്ഷിതാക്കളും പൂർവ്വ വിദ്യാർത്ഥികളും അധ്യാപകരും ഉൾപ്പെടെ സ്വീകരിച്ച മുൻകൈ ഏറ്റവും പ്രശംസനീയമാണെന്നും മന്ത്രി പറഞ്ഞു. സംഘത്തിന് പുതുവർഷ മധുരവും നൽകിയാണ് മന്ത്രി യാത്രയാക്കിയത്.
Rate this item
(0 votes)
Author

Latest from Author