Print this page

സർക്കാർ മേഖലയിൽ ആദ്യമായി മൂന്ന് മെഡിക്കൽ കോളേജുകളിൽ റ്യുമറ്റോളജി വിഭാഗം

By December 29, 2023 73 0
എല്ലാത്തരം വാത രോഗങ്ങൾക്കും സമഗ്ര ചികിത്സയുമായി സർക്കാർ മേഖലയിൽ ആദ്യമായി തിരുവനന്തപുരം, കോട്ടയം, കോഴിക്കോട് മെഡിക്കൽ കോളേജുകളിൽ റ്യുമറ്റോളജി (Rheumatology) വിഭാഗം ആരംഭിക്കുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. വാതരോഗ സംബന്ധമായ അസുഖങ്ങൾക്കും ശരീരത്തിന്റെ പ്രതിരോധശേഷിയെ ബാധിക്കുന്നതുമായ അസുഖങ്ങൾക്കും അത്യാധുനിക ശാസ്ത്രീയ ചികിത്സ ഉറപ്പാക്കുകയാണ് ലക്ഷ്യം. റ്യുമറ്റോളജി വിഭാഗം ആരംഭിക്കുന്നതോടെ ഭാവിയിൽ ഡി.എം. റ്യുമറ്റോളജി കോഴ്സ് ആരംഭിക്കാനും ഈ രംഗത്ത് കൂടുതൽ വിദഗ്ധരെ സൃഷ്ടിക്കാനും സാധിക്കും. റ്യുമറ്റോളജി വിഭാഗം ആരംഭിക്കാനായി തിരുവനന്തപുരം, കോട്ടയം, കോഴിക്കോട് മെഡിക്കൽ കോളേജുകളിൽ ഓരോ അസി. പ്രൊഫസർമാരുടെ തസ്തിക സൃഷ്ടിച്ചിട്ടുണ്ട്. എത്രയും വേഗം നിയമനം നടത്തി വിഭാഗം യാഥാർത്ഥ്യമാക്കുമെന്നും മന്ത്രി വ്യക്തമാക്കി.


മനുഷ്യ ശരീരത്തിലെ ഹൃദയം, രക്തക്കുഴൽ, സന്ധികൾ, പേശികൾ, അസ്ഥികൾ, ലിഗമെന്റുകൾ എന്നിവയെ ബാധിക്കുന്ന രോഗങ്ങളുടെ ചികിത്സയ്ക്കുള്ള ഒരു മെഡിക്കൽ ശാസ്ത്ര ശാഖയാണ് റ്യുമറ്റോളജി. ആമവാതം, സന്ധിവാതം, ല്യൂപസ്, രക്തവാതം, ശരീരത്തിന്റെ പ്രതിരോധശേഷിയെ ബാധിക്കുന്ന അസുഖങ്ങൾ എന്നിയാണ് അവയിൽ പ്രധാനം. ഈ രോഗങ്ങൾ കാരണം പലപ്പോഴും വേദന, നീർവീക്കം, മറ്റ് ബുദ്ധിമുട്ടുകൾ എന്നിവ കാണപ്പെടാറുണ്ട്. വാത രോഗങ്ങൾ പലപ്പോഴും ദീർഘകാല രോഗങ്ങളാണെങ്കിലും ശരിയായ ചികിത്സയിലൂടെ നിയന്ത്രിക്കാനും ഭേദമാക്കാനും കഴിയും. ഇവയ്ക്ക് ശാസ്ത്രീയമായ ചികിത്സ ഉറപ്പ് വരുത്തിയില്ലെങ്കിൽ സങ്കീർണമാകാൻ സാധ്യതയുണ്ട്.


നിലവിൽ മെഡിക്കൽ കോളേജുകളിൽ റ്യുമറ്റോളജി ക്ലിനിക്കുകൾ പ്രവർത്തിക്കുന്നുണ്ടെങ്കിലും മെഡിസിൻ വിഭാഗത്തിലെ ഡോക്ടർമാരാണ് ചികിത്സിക്കുന്നത്. പുതുതായി ഈ വിഭാഗം ആരംഭിക്കുന്നതോടെ റ്യുമറ്റോളജി സ്പെഷ്യലിസ്റ്റിന്റെ സേവനവും കൂടുതൽ സംവിധാനങ്ങളും ലഭ്യമാകും. കണ്ണ്, ത്വക്ക്, ശ്വാസകോശം തുടങ്ങി വിവിധ ശരീര ഭാഗങ്ങളെ ബാധിക്കുന്ന വാതരോഗങ്ങൾക്ക് ബന്ധപ്പെട്ട വിഭാഗങ്ങളുമായി ഏകോപിപ്പിച്ച് സമഗ്രമായ ചികിത്സ ഉറപ്പ് വരുത്താനും സാധിക്കും.
Rate this item
(0 votes)
Author

Latest from Author