Print this page

മറ്റൊരു നേട്ടം കൂടി: 600 ആരോഗ്യ സ്ഥാപനങ്ങളിൽ ഇ ഹെൽത്ത് സംവിധാനം

By December 06, 2023 75 0
സംസ്ഥാനത്തെ 600 ആരോഗ്യ സ്ഥാപനങ്ങളിൽ ഇ ഹെൽത്ത് സംവിധാനം സജ്ജമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. അതിൽ 393 ആശുപത്രികളിലും ഇ ഹെൽത്ത് സംവിധാനം സജ്ജമാക്കിയത് ഈ സർക്കാരിന്റെ കാലത്താണ്. 16 മെഡിക്കൽ കോളേജുകളും അനുബന്ധ ആശുപത്രികളും കൂടാതെ 18 ജില്ല, ജനറൽ ആശുപത്രികൾ, 22 താലൂക്ക് ആശുപത്രികൾ, 27 സാമൂഹികാരോഗ്യ കേന്ദ്രങ്ങൾ, 453 കുടുംബാരോഗ്യ കേന്ദ്രങ്ങൾ, 49 അർബൻ പ്രൈമറി ഹെൽത്ത് സെന്റർ, 10 സ്പെഷ്യാലിറ്റി ആശുപത്രികൾ, 2 പബ്ലിക് ഹെൽത്ത് ലാബ്, 3 മറ്റ് ആരോഗ്യ കേന്ദ്രങ്ങൾ എന്നിവിടങ്ങളിലാണ് ഇ ഹെൽത്ത് നടപ്പിലാക്കിയത്. 130 ആരോഗ്യ കേന്ദ്രങ്ങളിൽ കൂടി ഇ ഹെൽത്ത് പ്രവർത്തനങ്ങൾ അന്തിമഘട്ടത്തിലാണെന്നും മന്ത്രി വ്യക്തമാക്കി.


ആരോഗ്യ മേഖലയിൽ ഡിജിറ്റൽ ഹെൽത്ത് നടപ്പിലാക്കുന്നതിനായി വലിയ പ്രയത്നമാണ് നടത്തി വരുന്നത്. ആരോഗ്യ സ്ഥാപനങ്ങളെ ആധുനികവത്ക്കരിക്കാൻ 7.85 കോടി രൂപയുടെ ഭരണാനുമതി അടുത്തിടെ നൽകിയിരുന്നു. ഇ ഹെൽത്തിലൂടെ ഓൺലൈൻ ഒപി ടിക്കറ്റും പേപ്പർ രഹിത ആശുപത്രി സേവനങ്ങളും യാഥാർത്ഥ്യമാക്കി. ജീവിതശൈലീ രോഗനിർണയത്തിന് ശൈലീ ആപ്പ് ആവിഷ്‌ക്കരിച്ചു. ആർദ്രം ജനകീയ കാമ്പയിനിലൂടെ ഒന്നര കോടിയിലധികം പേരെ ആരോഗ്യ പ്രവർത്തകർ വീട്ടിലെത്തി സ്‌ക്രീനിംഗ് നടത്തി. കാൻസർ രോഗനിർണയത്തിനും കാൻസർ ചികിത്സ ഏകോപിപ്പിക്കുന്നതിനും കാൻസർ ഗ്രിഡ്, കാൻസർ കെയർ സ്യൂട്ട് നടപ്പിലാക്കി വരുന്നു. വിപുലമായ ഇ സഞ്ജീവനി സേവനങ്ങൾ ലഭ്യമാക്കി. ലാബ് റിസൾട്ട് എസ്.എം.എസ്. ആയി ലഭിക്കുന്ന സംവിധാനം ലഭ്യമാക്കി. ഹൃദ്യം, ആശാധാര പദ്ധതികളുടെ സേവനം ഓൺലൈൻ വഴിയാക്കി. ആശാധാര പദ്ധതിയുടെ ഡിജിറ്റൽ പ്ലാറ്റ്ഫോമിന് അടുത്തിടെ ദേശീയ ഡിജിറ്റൽ ട്രാൻസ്ഫോർമേഷൻ അവാർഡ് ലഭിച്ചിരുന്നു.
Rate this item
(0 votes)
Author

Latest from Author