Print this page

കുഞ്ഞിന്റെ സംരക്ഷണവും തുടർചികിത്സയും സർക്കാർ ഉറപ്പാക്കും: മന്ത്രി വീണാ ജോർജ്

*എടുത്തെറിഞ്ഞ കുഞ്ഞിനെ രക്ഷപ്പെടുത്തി തിരുവനന്തപുരം മെഡിക്കൽ കോളജ്

*ഇനി കുഞ്ഞ് ശിശുക്ഷേമ സമിതിയുടെ സംരക്ഷണത്തിൽ

*മന്ത്രി എസ്.എ.ടി.യിലെത്തി കുഞ്ഞിനെ സന്ദർശിച്ചു


കൊല്ലത്ത് മദ്യലഹരിയിൽ ദമ്പതികൾ എറിഞ്ഞ് തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ രണ്ട് വയസുള്ള കുഞ്ഞിനെ രക്ഷപ്പെടുത്തി തിരുവന്തപുരം മെഡിക്കൽ കോളജ് ആശുപത്രി. കോമ സ്റ്റേജിലെത്തിയ കുട്ടിയേയാണ് എസ്.എ.ടി. ആശുപത്രിയിലേയും മെഡിക്കൽ കോളേജിലേയും ഡോക്ടർമാർ വിദഗ്ധ ചികിത്സ നൽകി രക്ഷപ്പെടുത്തിയത്. ആരോഗ്യ മന്ത്രി വീണാ ജോർജ് എസ്.എ.ടി.യിലെത്തി കുഞ്ഞിനെ സന്ദർശിച്ചു. കുഞ്ഞിന്റെ സംരക്ഷണവും തുടർചികിത്സയും വനിതാ ശിശുവികസന വകുപ്പ് ഉറപ്പാക്കുമെന്ന് മന്ത്രി പറഞ്ഞു. കുഞ്ഞിനെ നോക്കാൻ ആരുമില്ലാത്തതിനാൽ ശിശുക്ഷേമ സമിതി ഏറ്റെടുക്കുകയും 2 കെയർ ടേക്കർമാരെ അനുവദിക്കുകയും ചെയ്തു. തുടർന്നും പരിചരണം ഉറപ്പാക്കും. ഇനി കുട്ടി ശിശുക്ഷേമ സമിതിയുടെ സംരക്ഷത്തിലായിരിക്കുമെന്നും മന്ത്രി പറഞ്ഞു.


ഈ മാസം ഒമ്പതാം തീയതിയാണ് കുഞ്ഞിനെ എസ്.എ.ടി. ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അബോധാവസ്ഥയിലാണ് കുഞ്ഞിനെ എത്തിച്ചത്. ഉടൻ തന്നെ പീഡിയാട്രിക് ഐസിയുവിൽ പ്രവേശിപ്പിച്ച് വെന്റിലേറ്റർ ചികിത്സ ഉൾപ്പെടെ വിദഗ്ധ പരിചരണം നൽകി. രക്തസ്രാവം നിയന്ത്രിക്കാനായുള്ള മരുന്ന് നൽകി. ഫിറ്റ്സും നീർക്കെട്ടും ഉണ്ടാകാതെ അതീവ ജാഗ്രത പുലർത്തി. രണ്ടര ആഴ്ചത്തെ തീവ്ര പരിചരണത്തിന് ശേഷം കുഞ്ഞ് സുഖം പ്രാപിച്ചു. ഇന്ന് ഡിസ്ചാർജ് ചെയ്യും. ന്യൂറോ സർജറി, പീഡിയാട്രിക് ന്യൂറോളജി, പീഡിയാട്രിക് സർജറി, പീഡിയാട്രിക് എന്നീ വിഭാഗങ്ങളിലെ ഡോക്ടർമാരുടെ സംഘമാണ് ചികിത്സയ്ക്ക് നേതൃത്വം നൽകിയത്. ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി അരുൺ ഗോപി, എസ്.എ.ടി. ആശുപത്രി സൂപ്രണ്ട് ഡോ. ബിന്ദു, ന്യൂറോ സർജറി പ്രൊഫസർ ഡോ. ബിജു ഭദ്രൻ, ചീഫ് നഴ്സിംഗ് ഓഫീസർ അമ്പിളി തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു.
Rate this item
(0 votes)
Author

Latest from Author