Print this page

ജന്മനായുള്ള ഗുരുതര ഹൃദയ വൈകല്യത്തിനുള്ള ശസ്ത്രക്രിയ എസ്.എ.ടിയിൽ വിജയം; മന്ത്രി കുഞ്ഞിനെ സന്ദർശിച്ചു

ഏഴു കിലോ തൂക്കവും ജന്മനാ ഹൃദയ വൈകല്യവുമുള്ള (സയനോട്ടിക് ഹാർട്ട് ഡിസീസ്) ഒന്നേകാൽ വയസുള്ള കുഞ്ഞിന് ഹൃദയം തുറന്നുള്ള ശസ്ത്രക്രിയ എസ്.എ.ടി. ആശുപത്രിയിൽ വിജയകരമായി പൂർത്തീകരിച്ചു. 2021 സെപ്റ്റംബറിൽ പ്രവർത്തനം ആരംഭിച്ച ശേഷം ഇതുവരെ നൂറോളം ഹൃദയം തുറന്നുള്ള ശസ്ത്രക്രിയകൾ ഇവിടെ പൂർത്തീകരിച്ചിട്ടുണ്ട്. എസ്.എ.ടി. ആശുപത്രിയിൽ ആദ്യമായാണ് സയനോട്ടിക് ഹൃദയ വൈകല്യത്തിനുള്ള ശാസ്ത്രക്രിയ ചെയ്യുന്നത്. കേരളത്തിൽ തന്നെ വളരെ കുറച്ച് ആശുപത്രികളിൽ മാത്രമേ ഈ സൗകര്യമുള്ളൂ.


ജന്മനാ ഗുരുതര ഹൃദയ വൈകല്യത്തിനുള്ള ശസ്ത്രക്രിയ എസ്.എ.ടി. ആശുപത്രിയിൽ യാഥാർത്ഥ്യമാക്കിയ മുഴുവൻ ടീം അംഗങ്ങളേയും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് ആശുപത്രിയിലെത്തി അഭിനന്ദിച്ചു. മന്ത്രി കുഞ്ഞിനെ സന്ദർശിക്കുകയും മാതാപിതാക്കളുമായി സംസാരിക്കുകയും ചെയ്തു.


കൊല്ലം ഉറിയാക്കോവിൽ സ്വദേശിയായ രാഹുലിന്റേയും അശ്വതിയുടേയും ഇരട്ട കുഞ്ഞുങ്ങൾക്കാണ് ശസ്ത്രക്രിയ നടത്തിയത്. ഗർഭാവസ്ഥയിൽ തന്നെ ഹൃദയ വൈകല്യം ഫീറ്റൽ എക്കോയുടെ സഹായത്തോടെ കണ്ടുപിടിക്കുകയും തുടർന്ന് പ്രസവാനന്തരം എസ്.എ.ടി. ആശുപത്രിയിൽ തന്നെ കുഞ്ഞിന് തുടർചികിത്സ നടത്തി വരികയായിരുന്നു. ഈ കഴിഞ്ഞ മേയ് 31നാണ് ശസ്ത്രക്രിയ നടത്തിയത്. കുഞ്ഞ് പൂർണമായി സുഖം പ്രാപിച്ചു വരുന്നു. ഹൃദയം നിർത്തിവെച്ചുള്ള അതിസങ്കീർണമായ ശസ്ത്രക്രിയക്ക് നേതൃത്വം നൽകിയത് കാർഡിയോതൊറാസിക് സർജറി വിഭാഗം പ്രൊഫസർ ഡോ. വിനു, ഡോ. നിവിൻ, ഡോ. സുരേഷ്, അനസ്തേഷ്യ വിഭാഗത്തിലെ ഡോ. അരുൺ ഡോ. ഡിങ്കിൾ എന്നിവരാണ്.


സർക്കാരിന്റെ കീഴിൽ എസ്.എ.ടി ആശുപത്രിയിലാണ് കുട്ടികൾക്ക് മാത്രമായുള്ള ഹൃദയ ശസ്ത്രക്രിയ തീയറ്ററും കാത്ത് ലാബും ഉള്ളത്. കാത്ത് ലാബിലൂടെ ഇതിനോടകം 450 ൽ പരം കീഹോൾ ശസ്ത്രക്രിയകളും പൂർത്തീകരിച്ചു. പീഡിയാട്രിക് കാർഡിയോളജി വിഭാഗത്തിൽ ഡോ. ലക്ഷ്മി, ഡോ. ഹരികൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിൽ നവജാത ശിശുക്കളിൽ കാണപ്പെടുന്ന ഗുരുതരമായ ഹൃദ്രോഗങ്ങൾക്ക് ആവശ്യമായ അടിയന്തര ചികിത്സയായ പിഡിഎ സ്റ്റെന്റിങ് കഴിഞ്ഞ ആറുമാസത്തിനകം 10 നവജാത ശിശുക്കളിൽ വിജയകരമായി പൂർത്തീകരിച്ചു. എസ്.എ.ടി. ആശുപത്രി സൂപ്രണ്ട് ഡോ. ബിന്ദു, ആർ.എം.ഒ. ഡോ. റിയാസ്, ഡോ. ലക്ഷ്മി എന്നിവർ മന്ത്രിയോടൊപ്പമുണ്ടായിരുന്നു.
Rate this item
(0 votes)
Author

Latest from Author